ടെന്‍ഡുല്‍ക്കര്‍-ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ ആദ്യ മത്സരത്തിന്റെ ആദ്യ ദിനം അവസാനിക്കുമ്പോള്‍ മികച്ച സ്‌കോറുമായി ഇന്ത്യ ബാറ്റിങ് തുടരുകയാണ്. ലീഡ്സിലെ ഹെഡിങ്ലിയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ ദിനം അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 359 എന്ന നിലയിലാണ്.
ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെയും ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളിന്റെയും സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ ആദ്യ ദിനം മികച്ച സ്‌കോറിലെത്തിയത്. ശുഭ്മന്‍ ഗില്‍ 175 പന്തില്‍ 127 റണ്‍സ് നേടിയപ്പോള്‍ 158 പന്തില്‍ 101 റണ്‍സാണ് ജെയ്‌സ്വാള്‍ സ്വന്തമാക്കിയത്.
ഇതോടെ വെസ്റ്റ് ഇന്‍ഡീസിലും ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും തന്റെ ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ ആദ്യ താരമായും ജെയ്‌സ്വാള്‍ മാറിയിരുന്നു.
ഇപ്പോള്‍ യശസ്വി ജെയ്‌സ്വാളിനെ പ്രശംസിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. ജെയ്‌സ്വാള്‍ ഇംഗ്ലണ്ടില്‍ ബാറ്റ് ചെയ്യാന്‍ ഏറെ ഇഷ്ടപ്പെടുന്നതെന്നും അദ്ദേഹം ഈ പരമ്പരയില്‍ 800 റണ്‍സ് നേടുമെന്നുമാണ് അദ്ദേഹം പറയുന്നത്.
‘അവന്‍ ഇംഗ്ലണ്ടില്‍ ബാറ്റ് ചെയ്യാന്‍ ഏറെ ഇഷ്ടപ്പെടുന്നു. അവന്‍ ഈ പരമ്പരയില്‍ 800 റണ്‍സ് നേടുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇന്ത്യയില്‍ കളിച്ച പരമ്പരയേക്കാള്‍ ഒരു മത്സരം അധികം ഇംഗ്ലണ്ടില്‍ കളിക്കുന്നുണ്ട്. മുമ്പ് ഇരു ടീമുകളും ഇന്ത്യയില്‍ കളിച്ചപ്പോള്‍ അവന്‍ 700 റണ്‍സ് നേടിയിരുന്നു.
ഏറെ കഴിവുള്ള യുവതാരമാണ് ജെയ്‌സ്വാള്‍. അവന്‍ നേരത്തെ വെസ്റ്റ് ഇന്‍ഡീസിലും ഓസ്‌ട്രേലിയയിലും സെഞ്ച്വറി നേടിയിരുന്നു. പിച്ചുകള്‍ ബാറ്റിങ്ങിന് അനുയോജ്യമായിരുന്നില്ല എന്ന കാരണത്താല്‍ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ അവനെ ചെറിയ ചെറിയ തിരിച്ചടി നേരിട്ടിരുന്നു.
അവന്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യയുടെ അടുത്ത അംബാസഡറാണ്. വാസ്തവത്തില്‍ ശുഭ്മന്‍ ഗില്ലും കെ.എല്‍. രാഹുലും റിഷബ് പന്തും ടെസ്റ്റ് അംബാസഡര്‍മാരാണ്,’ ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റില്‍ കെ.എല്‍. രാഹുലും യശസ്വി ജെയ്സ്വാളും ചേര്‍ന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. 91 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 78 പന്ത് നേരിട്ട് 42 റണ്‍സ് നേടിയ രാഹുലിനെ മടക്കിയാണ് ഇംഗ്ലണ്ട് കൂട്ടുകെട്ട് പൊളിച്ചത്. ബ്രൈഡന്‍ കാര്‍സിന്റെ പന്തില്‍ ജോ റൂട്ടിന് ക്യാച്ച് നല്‍കിയായിരുന്നു രാഹുലിന്റെ മടക്കം.
പിന്നാലെയെത്തിയ അരങ്ങേറ്റക്കാരന്‍ സായ് സുദര്‍ശന്‍ നിരാശപ്പെടുത്തി. തന്റെ ആദ്യ ടെസ്റ്റ് ഇന്നിങ്സില്‍ പൂജ്യം റണ്‍സുമായാണ് സായ് മടങ്ങിയത്. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിന്റെ പന്തില്‍ ജെയ്മി സ്മിത്തിന്റെ കൈകളിലൊതുങ്ങിയാണ് താരം തിരിച്ചുനടന്നത്.
നാലാം നമ്പറില്‍ കളത്തിലിറങ്ങിയ ക്യാപ്റ്റന്‍ ഗില്ലിന്റെ മികച്ച പ്രകടനത്തിനാണ് ശേഷം ലീഡ്സ് സാക്ഷ്യം വഹിച്ചത്. യശസ്വി ജെയ്സ്വാളിനെ ഒപ്പം കൂട്ടി 129 റണ്‍സിന്റെ കൂട്ടുകെട്ടാണ് താരം മൂന്നാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയത്. ഒരു വശത്ത് ഗില്ലും മറുവശത്ത് ജെയ്സ്വാളും നിലയുറപ്പിച്ചതോടെ ഇംഗ്ലണ്ട് പരുങ്ങലിലായി. സ്റ്റോക്സ് തന്ത്രങ്ങള്‍ മാറി മാറി പരീക്ഷിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല.
ടീം സ്‌കോര്‍ 221ല്‍ നില്‍ക്കവെ ഇംഗ്ലണ്ടിന് ആശ്വാസമായി ജെയ്സ്വാളിനെ ഇന്ത്യയ്ക്ക് നഷ്ടമായി. 158 പന്ത് നേരിട്ട് 101 റണ്‍സിനാണ് താരം മടങ്ങിയത്. 16 ഫോറും ഒരു സിക്സറുമടക്കം നേടി നില്‍ക്കവെ ബെന്‍ സ്റ്റോക്സിന് വിക്കറ്റ് സമ്മാനിച്ചായിരുന്നു ജെയ്സ്വാളിന്റെ മടക്കം.
പിന്നാലെയെത്തിയ റിഷബ് പന്തും മികച്ച രീതിയില്‍ ബാറ്റ് വീശി. ഐ.പി.എല്ലില്‍ കേട്ട വിമര്‍ശനങ്ങള്‍ക്കും പഴികള്‍ക്കും തന്റെ സ്ട്രോങ് ഏരിയയായ ടെസ്റ്റിലൂടെ മറുപടി നല്‍കാനാണ് പന്ത് ഒരുങ്ങുന്നത്.
ഇന്ത്യ പ്ലെയിങ് ഇലവന്‍
കെ.എല്‍. രാഹുല്‍, യശസ്വി ജെയ്സ്വാള്‍, സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), കരുണ്‍ നായര്‍, രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.
ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍
സാക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്, ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ജെയ്മി സ്മിത്, ക്രിസ് വോക്സ്, ബ്രൈഡന്‍ കാര്‍സ്, ജോഷ് ടംഗ്, ഷോയബ് ബഷീര്‍.
Content Highlight: ENG vs IND: 1st Test: Sunil Gavaskar praises Yashasvi Jaiswal