തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതികളുടെ മൊഴിപ്പകര്‍പ്പുകള്‍ ആവശ്യപ്പെട്ട് എസ്.ഐ.ടിക്ക് കത്തയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). വിശദമായ മൊഴിപ്പകര്‍പ്പുകളാവശ്യപ്പെടാനാണ് ഇ.ഡി ഒരുങ്ങുന്നത്.
എന്നാല്‍ ഈ വിഷയത്തില്‍ നിയമോപദേശം തേടിയ ശേഷം മാത്രം തീരുമാനമെടുക്കാനാണ് എസ്.ഐ.ടിയുടെ തീരുമാനം.
ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴിയിലെ ഉന്നതരുടെയടക്കം പേരുകളാണ് ഇ.ഡി എസ്.ഐ.ടിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. എസ്.പി എസ്. ശശിധരന്‍ നേരിട്ടാണ് നിര്‍ണായക മൊഴി വിവരങ്ങള്‍ സൂക്ഷിക്കുന്നത്.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷകസംഘം ഉടന്‍ തന്നെ ഇടക്കാല കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. വിശദമായ തുടരന്വേഷണത്തിന് ശേഷമായിരിക്കും അന്തിമ കുറ്റപത്രം സമര്‍പ്പിക്കുക.
നിലവിലുള്ള കട്ടിളപ്പാളി, ദ്വാരപാലക ശില്‍പ്പപാളി കേസുകള്‍ക്കുപുറമെ ശബരിമലയിലെ കൊടിമരം മാറ്റിസ്ഥാപിച്ചതിലും പുതിയ കേസ് ഉടന്‍ രജിസ്റ്റര്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
യു.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് ശബരിമലയിലെ കൊടിമരം മാറ്റിസ്ഥാപിച്ചതും അനധികൃത പണപ്പിരിവും സംബന്ധിച്ച പുതിയ കേസും എസ്.ഐ.ടി ഈയാഴ്ച തന്നെ രജിസ്റ്റര്‍ ചെയ്‌തേക്കും.
2017ല്‍ ശബരിമലയില്‍ പുതിയ കൊടിമരം നിര്‍മിക്കാന്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടെ 3.20 കോടിരൂപ ലഭിച്ചിട്ടും അന്നത്തെ ബോര്‍ഡ് രണ്ടരക്കോടിയിലധികം രൂപ പിരിച്ചുവെന്നാണ് എസ്.ഐ.ടിക്ക് ലഭിച്ച വിവരം. ഈ പണം പങ്കുവച്ചതായാണ് സംശയിക്കുന്നത്.
കോണ്‍ഗ്രസ് നേതാക്കളും അന്നത്തെ ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്റെയും ബോര്‍ഡംഗം അജയ് തറയിലിന്റെയും നേതൃത്വത്തില്‍ ഗൂഢാലോചന നടന്നതായാണ് സൂചന. അജയ് തറയിലിനെയും തന്ത്രി കണ്ഠര് രാജീവരെയും ഉള്‍പ്പെടെ കേസില്‍ ചോദ്യം ചെയ്യും.
Content Highlight: Enforcement Directorate writes to SIT seeking copies of statements of accused in Sabarimala gold robbery case