| Saturday, 22nd November 2025, 8:04 pm

പി.വി അന്‍വറിന്റെ സ്വത്ത് നാല് വര്‍ഷത്തിനിടെ 14 കോടിയില്‍ നിന്ന് 64 കോടിയായി വര്‍ധിച്ചു; കണ്ടെത്തലുമായി ഇ.ഡി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: മുന്‍ എം.എല്‍.എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പി.വി.അന്‍വറിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയെന്ന് ഇ.ഡി. 22.3 കോടിയുടെ വായ്പ ഇടപാടുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടന്നതെന്നും ഇ.ഡി വ്യക്തമാക്കി.

2015-ല്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ (കെ.എഫ്.സി) മാലാംകുളം കണ്‍സ്ട്രക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയ്ക്ക് അനുവദിച്ച 7.5 കോടി രൂപയുടെ വായ്പയെക്കുറിച്ച് ഇ.ഡി അന്വേഷിക്കുന്നുണ്ട്.

ഒരേ വസ്തു ഈടുവെച്ച് ചുരുങ്ങിയ കാലയളവിനുള്ളില്‍ വിവിധ വായ്പകള്‍ അന്‍വര്‍ കെ.എഫ്.സി വഴി തരപ്പെടുത്തിയെന്നും ഇ.ഡി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. പി.വി.ആര്‍ ഡെവലപ്പേഴ്സ് 3.05 കോടിയുടെയും 1.56 കോടിയുടെയും വായ്പകള്‍ അനുവദിച്ചു.

ഇതില്‍ ഏകദേശം പി.വി അന്‍വര്‍ 22 .3 കോടി രൂപ തിരച്ചടയ്ക്കാനുണ്ടെന്നും ഇ.ഡി പറയുന്നു.

ലോണ്‍ എടുത്ത തുക അന്‍വര്‍ മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുവെന്ന് ഇ.ഡി സംശയിക്കുന്നുണ്ട്. ലോണെടുത്ത തുക അന്‍വര്‍ മെട്രോ വില്ലേജ് എന്ന പദ്ധതിയിലേക്ക് വകമാറ്റി. 2016ലെ അന്‍വറിന്റെ 14.38 കോടി സ്വത്ത് നാല് വര്‍ഷത്തിനിടയില്‍ 64.14 കൂടിയായി വര്‍ധിച്ചു.

ഇതില്‍ അന്‍വറിന് കൃത്യമായ ഉത്തരം നല്‍കാനായില്ലെന്നും ഇ.ഡി വ്യക്തമാക്കി. കെ.എഫ്.സി ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും പിഴവ് ഉണ്ടായെന്നും ഇ.ഡി പറഞ്ഞു.

ബിനാമികളെന്ന് സംശയിക്കുന്ന വിവിധ വ്യക്തികളുടെ പേരിലുള്ള 15 ബാങ്ക് അക്കൗണ്ടുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അതിന്റെ രേഖകള്‍ പിടിച്ചെത്തിട്ടുണ്ടെന്നും ഇ.ഡി അറിയിച്ചു. ഈ അക്കൗണ്ടിലൂടെയാണ് ഇടപാടുകള്‍ നടത്തിയത്.

പിടിച്ചെടുത്ത രേഖകളും ഡിജിറ്റല്‍ രേഖകളും ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണ്. പരിശോധനയ്ക്കിടെ മാലാംകുളം കണ്‍സ്ട്രക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമ താനാണെന്ന് അന്‍വര്‍ സമ്മതിച്ചതായും റിപ്പോര്‍ട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് പി.വി. അന്‍വറിന്റെ ഒതായിലെ വീട്ടിലും മഞ്ചേരിയിലെ സ്ഥാപനങ്ങളിലും ഇ.ഡി റെയ്ഡ് നടത്തിയത്. അന്‍വറിന്റെ ഡ്രൈവര്‍ സിയാദ് അമ്പായത്തിങ്ങല്‍, മാലാംകുളം കണ്‍സ്ട്രക്ഷന്‍സ് കമ്പനി ഡയറക്ടറും സഹോദര പുത്രനുമായ അഫ്താബ് ഷൗക്കത്ത്, അന്‍വറിന്റെ ബിസിനസ് പങ്കാളികള്‍ എന്നിവരുടെ വീടുകളിലും വെള്ളിയാഴ്ച റെയ്ഡ് നടന്നിരുന്നു.

Content Highlight: Enforcement Directorate says PV Anwar’s assets increased to Rs 64 crore in four years

We use cookies to give you the best possible experience. Learn more