| Saturday, 23rd August 2025, 3:21 pm

വാതുവെപ്പ് കേസ്; കര്‍ണാടകയിലെ കോണ്‍ഗ്രസ് എം.എല്‍.എയെ അറസ്റ്റ് ചെയ്ത് ഇ.ഡി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഓണ്‍ലൈന്‍ വാതുവെപ്പ് കേസില്‍ കര്‍ണാടക എം.എല്‍.എയെ അറസ്റ്റ് ചെയ്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കെ.സി. വീരേന്ദ്ര പപ്പിയാണ് അറസ്റ്റിലായത്. കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമപ്രകാരമാണ് എം.എല്‍.എയെ അറസ്റ്റ് ചെയ്തത്.

സിക്കിമില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. അടുത്തിടെ ഒരു കാസിനോ ലീസിനെടുക്കാന്‍ എം.എല്‍.എയും സംഘവും ഗാങ്‌ടോക്കിലേക്ക് പോയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് വീരേന്ദ്ര പപ്പിക്കെതിരെ സിക്കിമില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.

നിലവില്‍ എം.എല്‍.എയെ സിക്കിമിലെ ഒരു മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയതായാണ് വിവരം. കഴിഞ്ഞ ദിവസം എം.എല്‍.എയുമായ ബന്ധപ്പെട്ട ഒന്നിലധികം സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ നിന്ന് 12 കോടി രൂപ പണമായും കൂടാതെ ആറ് കോടി രൂപയുടെ സ്വര്‍ണാഭരണവും 10 കിലോയോളം വരുന്ന വെള്ളി ആഭരണങ്ങളും നാല് വാഹനങ്ങളും പിടിച്ചെടുത്തിരുന്നു.

എം.എല്‍.എയുടെ സഹോദരന്‍ കെ.സി. നാഗരാജിന്റെയും മകന്‍ പൃഥ്വി എന്‍. രാജിന്റെയും വീടുകളില്‍ നിന്ന് അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ഏതാനും രേഖകളും കണ്ടെത്തിയിരുന്നു.

ഇതിനുപിന്നാലെയാണ് വീരേന്ദ്ര പപ്പിക്കെതിരെ ഇ.ഡി നടപടിയെടുത്തത്. ഇ.ഡിയുടെ ബെംഗളൂരു സോണിനാണ് കേസിന്റെ അന്വേഷണ ചുമതല. വീരേന്ദ്രയുടെ മറ്റൊരു സഹോദരനായ കെ.സി. തിപ്പസ്വാമിയെ പോലുള്ള ആളുകള്‍ ദുബായ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് ഓണ്‍ലൈന്‍ ഗെയിമിങ് സംബന്ധിച്ച കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ടെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആരോപിക്കുന്നു.

ജൂലൈയില്‍ നിയമം ലംഘിച്ച് ബെറ്റിങ് ആപ്പുകളെ പ്രോത്സാഹിപ്പിച്ചതിന് 29 സെലിബ്രിറ്റികള്‍ക്ക് എതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിരുന്നു. തെലങ്കാനയിലും ആന്ധ്രാപ്രദേശിലും ഫയല്‍ ചെയ്ത അഞ്ച് എഫ്.ഐ.ആറുകളുടെ അടിസ്ഥാനത്തിലായിരുന്നു കേസ്.

സിനിമ താരങ്ങളായ വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബാട്ടി, പ്രകാശ് രാജ്, നിധി അഗര്‍വാള്‍, പ്രണിത സുഭാഷ്, മഞ്ചു ലക്ഷ്മി, അനന്യ നാഗെല്ല എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെയാണ് ഇ.ഡി കേസ് എടുത്തിരുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. ജംഗ്ലീ റമ്മി, എ23, ജീറ്റ്വിന്‍, പാരിമാച്ച്, ലോട്ടസ്365 തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നതായാണ് ഇ.ഡിയുടെ ആരോപണം.

നേരത്തെ നിരോധിത ബെറ്റിങ് ആപ്പുകളുടെ പരസ്യത്തില്‍ അഭിനയിച്ചതിന് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഉള്‍പ്പെടെ നിയമക്കുരുക്ക് വന്നിരുന്നു. മുന്‍ ക്രിക്കറ്റ് താരങ്ങളായ ഹര്‍ഭജന്‍ സിങ്, യുവ രാജ് സിങ്, സുരേഷ് റെയ്ന, നടി ഉര്‍വശി റൗട്ടേല, നടന്‍ സോനു സൂദ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്.

Content Highlight: Betting case; ED arrests Congress MLA from Karnataka

We use cookies to give you the best possible experience. Learn more