| Monday, 23rd November 2026, 3:08 pm

ഇറാനില്‍ ഊര്‍ജ പ്രതിസന്ധി: വൈദ്യുതി നിയന്ത്രണം പ്രോത്സാഹിപ്പിക്കാന്‍ ഇരുട്ടത്തിരുന്ന് ജോലി ചെയ്ത് പെസസ്‌കിയാന്‍

നിഷാന. വി.വി

ടെല്‍അവീവ്: രാജ്യത്തെ പ്രധാന അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെയുണ്ടായ നാശനഷ്ടങ്ങളെ തുടര്‍ന്ന് ഊര്‍ജ പ്രതിസന്ധി രൂക്ഷമായതായി ഇറാന്‍. ഇതോടെ രാജ്യത്ത് ഘട്ടം ഘട്ടമായുള്ള വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസസ്‌കിയാന്‍ അറിയച്ചതായി ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജനങ്ങളില്‍ വൈദ്യുതി നിയന്ത്രണത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇരുട്ടത്ത് ഓഫീസിലിരുന്ന് ജോലി ചെയ്യുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പെസസ്‌കിയാന്‍ മാധ്യമങ്ങളെ ക്ഷണിക്കുകയായിരുന്നു.

പേര്‍ഷ്യന്‍ ഭാഷയിലുള്ള വീഡിയോയില്‍, വൈദ്യുതി ഉത്പ്പാദന ശൃംഖല നിലക്കാതിരിക്കാന്‍ ജനങ്ങളും സര്‍ക്കാരും എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുന്നിലിരുന്ന മേശവിളക്കിലേക്ക് ചൂണ്ടി, ‘ഇവിടെ ആവശ്യത്തിന് വെളിച്ചമുണ്ട്. ജോലി ചെയ്യാന്‍ ഇതെല്ലാം ഓണ്‍ ചെയ്യേണ്ട ആവശ്യമില്ല’ എന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥിതിഗതികള്‍ ‘വളരെ മോശമായാല്‍’ വൈദ്യുതി ലാഭിക്കുന്നതിനായി ജീവനക്കാരെ ചെറിയ സ്ഥലത്തേക്ക് മാറ്റുമെന്നും പെസസ്‌കിയാന്‍ പറഞ്ഞു.

സ്റ്റേറ്റ് മീഡിയ പുറത്തുവിട്ട ദൃശ്യങ്ങളില്‍, മുറിയിലെ വലിയ വിളക്കുകള്‍ അണച്ച് ഒരു ചെറിയ മേശവിളക്കിന്റെ വെളിച്ചത്തില്‍ കട്ടിയുള്ള ജാക്കറ്റ് ധരിച്ചാണ് പെസസ്‌കിയാന്‍ ജോലി ചെയ്യുന്നത്. മുറിയിലെ താപനില 18.8 ഡിഗ്രി സെല്‍ഷ്യസ് ആണെന്ന് മേശപ്പുറത്തുള്ള ഡിജിറ്റല്‍ തെര്‍മോമീറ്ററില്‍ കാണാം. സാഹചര്യം മോശമായാല്‍ തന്റെ സ്റ്റാഫിനെ ചെറിയൊരു മുറിയിലേക്ക് മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ താപനിലയും പ്രാദേശിക സാഹചര്യങ്ങളും അനുസരിച്ച് രണ്ട് ദിവസത്തിലൊരിക്കല്‍ രണ്ട് മണിക്കൂര്‍ വീതമോ, അല്ലെങ്കില്‍ ദിവസവും രണ്ട് മണിക്കൂര്‍ വരെയോ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ഇറാന്റെ ദേശീയ വൈദ്യുതി കമ്പനിയായ തവാനിര്‍ മേധാവി മുഹമ്മദ് അല്ലാഹ്ദാദ് അറിയിച്ചു.

ശൈത്യകാലം കടുത്തതോടെ വീടുകളിലെ ഹീറ്റിങ് സംവിധാനങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജത്തിന്റെ ഉപഭോഗം കുത്തനെ ഉയര്‍ന്നു. പഴക്കമുള്ള പവര്‍ ഗ്രിഡുകള്‍, അമേരിക്കന്‍ ഉപരോധങ്ങള്‍, നാവിക ഉപരോധം എന്നിവയും സൗത്ത് പാര്‍സ് വാതകപ്പാടം ഉള്‍പ്പെടെയുള്ള ഊര്‍ജ കേന്ദ്രങ്ങള്‍ക്ക് നേരെ മുന്‍പുണ്ടായ ആക്രമണങ്ങളും ഇന്ധന-വൈദ്യുതി ക്ഷാമം രൂക്ഷമാക്കി.

ഫാക്ടറികളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാന്‍ വീടുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും ഹീറ്ററുകളുടെ ഉപയോഗം കുറയ്ക്കാനും വൈദ്യുതി ലാഭിക്കാനും സര്‍ക്കാര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Content Highlight: Energy crisis in Iran: Pezeshkian works in the dark to encourage electricity conservation.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more