| Sunday, 5th October 2025, 4:31 pm

ശത്രുക്കള്‍ക്ക് ആശങ്കയാകാം; യു.എസിന് മറുപടിയായി സൈനികശക്തി വര്‍ധിപ്പിക്കും, തന്ത്രങ്ങള്‍ മെനയും: കിം ജോങ് ഉന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്യോങ്യാങ്: ദക്ഷിണ കൊറിയയില്‍ യു.എസ് സൈനികശക്തി വര്‍ധിപ്പിക്കുന്നതിന് തക്കതായ മറുപടി നല്‍കുമെന്ന് ഉത്തര കൊറിയന്‍ തലവന്‍ കിം ജോങ് ഉന്‍. കൂടുതല്‍ സൈനിക കരുത്തും തന്ത്രങ്ങളും ആവിഷ്‌കരിച്ച് യു.എസിന് മറുപടി നല്‍കുമെന്ന് കിം വരാനിരിക്കുന്ന വാര്‍ഷിക സൈനിക പരേഡിന് മുന്നോടിയായി പറഞ്ഞു.

ഉത്തര കൊറിയ വലിയ തോതില്‍ ആയുധങ്ങളും യുറേനിയവും സംഭരിച്ചിരിക്കുന്നെന്ന ദക്ഷിണകൊറിയയുടെ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് കിം ജോങ് ഉന്നിന്റെ പ്രസ്താവന പുറത്തെത്തിയിരിക്കുന്നത്.

‘ദക്ഷിണ കൊറിയയില്‍ യു.എസ് ശക്തി വര്‍ധിപ്പിക്കുന്നതിന് അനുസൃതമായി മേഖലയില്‍ നമ്മുടെ തന്ത്രപരമായ താത്പര്യവും വര്‍ധിപ്പിക്കുകയാണ്. അതുകൊണ്ട് പ്രത്യേക താത്പര്യങ്ങള്‍ക്കായി പ്രത്യേക സമ്പത്ത് തന്നെ അനുവദിക്കുകയും ചെയ്യുകയാണ്’, സൈനിക സമ്പത്ത് വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് കിം രാജ്യത്തെ ഔദ്യോഗിക മാധ്യമമായ കെ.സി.എന്‍.എയിലൂടെ വ്യക്തമാക്കി.

‘ഞാന്‍ വിശ്വസിക്കുന്നത് നമ്മുടെ ശത്രുക്കള്‍ക്ക് അവരുടെ സുരക്ഷാചുറ്റുപാട് വികസിക്കുന്ന ദിശയെ കുറിച്ച് ആശങ്കയുണ്ടാവണമെന്നാണ്. ഒരു സംശയവും വേണ്ട, കൂടുതല്‍ സൈനിക സമ്പത്ത് വികസിപ്പിക്കും’, യു.എസിനും ദക്ഷിണ കൊറിയയ്ക്കുമുള്ള മുന്നറിയിപ്പില്‍ കിം പറഞ്ഞു.

ഉത്തരകൊറിയ ആണവ പ്രതിരോധവും വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി രാജ്യത്ത് കൂടുതല്‍ ആണവായുധങ്ങള്‍ വികസിപ്പിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ നിലനില്‍പ്പിനും സുരക്ഷയ്ക്കും ആണവായുധങ്ങള്‍ കൂടിയേതീരൂ എന്ന നിലപാടിലാണ് കിം.

ഉത്തര കൊറിയയുടെ വാര്‍ഷിക പരേഡില്‍ നെക്സ്റ്റ് ജെന്‍ ആയുധമായ ഹ്വാസോങ്-20 അവതരിപ്പിക്കുമെന്നാണ് ദക്ഷിണ കൊറിയന്‍ മാധ്യമമായ യോന്‍ഹാപ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേ ദിവസം തന്നെ ആയുധം പരീക്ഷിക്കാനും ഉത്തര കൊറിയയ്ക്ക് നീക്കമുണ്ട്.

ഒക്ടോബര്‍ 10ന് രാത്രി നടക്കുന്ന പരേഡില്‍ ആയിരക്കണക്കിന് ജനങ്ങള്‍ പങ്കെടുത്തേക്കും. പരേഡിന് മുന്നോടിയായി ചില സൈനിക വാഹനങ്ങളുടെയും യുദ്ധോപകരണങ്ങളുടെയും നീക്കം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ദക്ഷിണ കൊറിയ പറയുന്നു.

യു.എസിനെയും സഖ്യകക്ഷിയായ ദക്ഷിണ കൊറിയെയും നയതന്ത്ര, സമാധാന ശ്രമങ്ങള്‍ക്കിടയിലും ഒരു കയ്യകലത്തില്‍ നിര്‍ത്താനാണ് ഉത്തരകൊറിയ താത്പര്യപ്പെടുന്നത്. അതേസമയം, ഉത്തരകൊറിയയോട് മുമ്പത്തെ ദക്ഷിണകൊറിയന്‍ പ്രസിഡന്റുമാര്‍ കൈക്കൊണ്ടിരുന്നതിനേക്കാള്‍ മോശമായ സമീപനമാണ് ഇപ്പോഴത്തെ പ്രസിഡന്റ് ലീ ജേ മ്യുങ് പ്രകടിപ്പിക്കുന്നത്.

അതേസമയം, കിം ജോങ് ഉന്‍ മേഖലയിലെ വലിയ ശക്തികേന്ദ്രമായ ചൈനയുമായി കൂടുതല്‍ അടുക്കുകയാണ്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിനുമൊപ്പം ബീജിങിലെ ചടങ്ങില്‍ പങ്കെടുത്ത കിം ജോങ് ഉന്നിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു.

Content Highlight: Enemies should be worried; Will increase military power and change strategies in response to US: Kim Jong Un

We use cookies to give you the best possible experience. Learn more