വാഷിങ്ടണ്‍: ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും അവസാനിപ്പിച്ചതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഔദ്യാഗികകമായി യു.എസ് കോണ്‍ഗ്രസിനയച്ച കത്തിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
എപ്രില്‍ ആദ്യം മുതല്‍ നിലവില്‍ വന്ന വെടിനിര്‍ത്തലിന് ശേഷം ഇറാനുമായി വെടിവെയ്പ്പുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം തുടരാന്‍ കോണ്‍ഗ്രസിന്റെ അനുമതി ആവശ്യമില്ലെന്നും അത് ഭരണഘടനാ വിരുദ്ധവുമാണെന്നായിരുന്നു ട്രംപിന്റെ വാദം.
1973 ലെ വാര്‍ പവേഴ്‌സ് റെസല്യൂഷന്‍ പ്രകാരം കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ ഒരു പ്രസിഡന്റിന് 60 ദിവസം മാത്രമേ സൈനിക നടപടി തുടരാനാവുകയുള്ളു.
ഈ കാലാവധി അവസാനിനിച്ചിരിക്കെയാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. സമയപരിധി അവസാനിച്ചെങ്കിലും വെടിനിര്‍ത്തല്‍ നിലവിലുള്ളതിനാല്‍ തനിക്ക് കൂടുതല്‍ സമയം ലഭിക്കുമെന്നും ട്രംപ് വാദിച്ചു.
ഇറാന്‍ ഇപ്പോഴും അമേരിക്കയ്ക്ക് ഭീഷണിയാണെന്ന് ട്രംപ് കത്തില്‍ ആവര്‍ത്തിച്ചു.
അവര്‍ ഒരിക്കലും ആണവായുധം നിര്‍മിക്കാന്‍ പാടില്ലെന്നും ഈ വിഷയത്തില്‍ സ്‌പെയിന്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ അമേരിക്കയെ വേണ്ടവിധത്തില്‍ പിന്തുണയ്ക്കുന്നില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി.
എന്നാല്‍ ട്രംപിന്റെ ഈ നീക്കത്തിനെതിരെ ഡെമോക്രാറ്റുകള്‍ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. ഇറാന്റെ തുറമുഖങ്ങളില്‍ അമേരിക്ക ഇപ്പോഴും നാവിക ഉപരോധം തുടരുന്നത് യുദ്ധത്തിന്റെ ഭാഗമാണെന്ന് സെനറ്റര്‍ ടിം കെയ്ന്‍ ഉള്‍പ്പെടെയുള്ളവര്‍ വാദിക്കുന്നു. ‘ഭരണഘടനയില്‍ യുദ്ധം താല്‍ക്കാലികമായി നിര്‍ത്താന്‍ പോസ് ബട്ടണ്‍ ഇല്ല’ എന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതികരണം.
പാകിസ്ഥാന്‍ വഴി ഇറാന്‍ മുന്നോട്ട് വെച്ച പുതിയ നിര്‍ദേശങ്ങള്‍ അമേരിക്കയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നില്ലെന്ന് കാണിച്ച് ട്രംപ് തള്ളി. താന്‍ അതില്‍ ഒട്ടും തൃപത്‌നല്ലെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
‘അവര്‍ക്ക് (ഇറാന്) ഒരു കരാറില്‍ ഏര്‍പ്പെടാന്‍ താല്‍പര്യമുണ്ട്, പക്ഷേ എനിക്ക് അതില്‍ തൃപ്തിയില്ല. ഇറാന്റെ സേനാബലം ഏറെക്കുറെ തകര്‍ന്ന അവസ്ഥയിലാണ്, അതുകൊണ്ടാണ് അവര്‍ കരാറിന് ശ്രമിക്കുന്നത്,’ ട്രംപ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
Content Highlight: Ending the war with Iran; Trump sends letter to US Congress