തിരുവനന്തപുരം: ഗാര്‍ഹിക പീഡനം തടയുന്നതിനും അതിജീവിതകള്‍ക്ക് സുരക്ഷയും പിന്തുണയും ഉറപ്പാക്കുന്നതിനുമായി കേരള പൊലീസ് ‘സ്പീക്ക് അപ്പ്’ (Speak Up) എന്ന പേരില്‍ പ്രത്യേക ദൗത്യസേന രൂപീകരിച്ചു. ഐ.ജി അജിത ബീഗം ഐ.പി.എസിനാണ് സ്പീക്ക് അപ്പിന്റെ പ്രത്യേക ചുമതല.
‘സഹനം മതി, ഇനി ശബ്ദമുയര്‍ത്തേണ്ട സമയമാണ്’ എന്ന സന്ദേശമാണ് സ്പീക്ക് അപ്പിലൂടെ നല്‍കുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ‘സ്ത്രീകളെ മാനസികമായും ശാരീരികമായും തകര്‍ക്കുന്ന നിശബ്ദ കൊലയാളിയാണ് ഗാര്‍ഹിക അതിക്രമങ്ങള്‍. സാമ്പത്തികമോ കുടുംബപരമോ ആയ ഭയം മൂലം ഒരു സ്ത്രീക്കും നീതി നിഷേധിക്കപ്പെടാത്തവിധം ശക്തമായ ഇടപെടലാവും പൊലീസ് നടത്തുക,’ അദ്ദേഹം പറഞ്ഞു.
ഗാര്‍ഹിക അതിക്രമം തടയുക, അതിജീവിതകള്‍ക്ക് നിയമസഹായവും കൗണ്‍സിലിംഗും ഉറപ്പാക്കുക, സുരക്ഷിതമായ താമസവും ഉപജീവന പിന്തുണയും ലഭ്യമാക്കുക എന്നിവയാണ് സ്പീക്ക് അപ്പിന്റെ പ്രധാന ലക്ഷ്യങ്ങള്‍. ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ ശക്തമായ ഇടപെടല്‍ ഉറപ്പാക്കുന്നതോടൊപ്പം, പരാതി നല്‍കാന്‍ കഴിയാത്ത സാഹചര്യത്തിലുള്ള സ്ത്രീകള്‍ക്ക് സുരക്ഷിതമായി സഹായം തേടാനുള്ള സംവിധാനവും സ്പീക്ക് അപ്പിലൂടെ ലഭ്യമാക്കും.
ഉന്നത വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലായിരിക്കും ദൗത്യസേനയുടെ പ്രവര്‍ത്തനം. ഇതുസംബന്ധിച്ച ഉത്തരവ് സംസ്ഥാന ആഭ്യന്തര വകുപ്പ് പുറത്തിറക്കി. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ 92 സ്ത്രീകളാണ് കേരളത്തില്‍ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് മരിച്ചത്. ഭയം കാരണം പരാതി പറയാതെ മൗനം പാലിക്കുന്നവരുമുണ്ട്. അത്തരം അവസ്ഥകള്‍ ആവര്‍ത്തിക്കാതിരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പരാതി എങ്ങനെ നല്‍കണം, ലഭ്യമായ നിയമസഹായം എന്തൊക്കെയാണ്, തുടര്‍നടപടികള്‍ എങ്ങനെ നടക്കും തുടങ്ങിയ കാര്യങ്ങളില്‍ സ്പീക്ക് അപ്പ് പരാതിക്കാര്‍ക്ക് സഹായം നല്‍കും. ഒരു സഹോദരിയോടോ സുഹൃത്തിനോടോ സംസാരിക്കുന്നതുപോലെ സുരക്ഷിതമായി പരാതികള്‍ പങ്കുവയ്ക്കാനുള്ള സാഹചര്യമാണ് സ്പീക്കപ്പിലുണ്ടാവുക.
പരമ്പരാഗത പൊലീസ് നടപടികളില്‍ നിന്ന് മാറി അതിജീവിതകളുടെ സ്വകാര്യതയ്ക്ക് പൂര്‍ണ്ണ മുന്‍ഗണന നല്‍കുന്ന രീതിയിലായിരിക്കും ഇടപെടല്‍. വിവരം ലഭിച്ചാല്‍ ഔദ്യോഗിക വേഷത്തിലല്ലാതെ പൊലീസ് ഉദ്യോഗസ്ഥര്‍ അതിജീവിതകളുമായി ബന്ധപ്പെടും. ഓരോ കേസിനും പ്രത്യേകമായി നിയോഗിക്കുന്ന ഓഫീസര്‍മാര്‍ കേസിന്റെ പുരോഗതി, കൗണ്‍സിലിംഗ്, ഉപജീവന പിന്തുണ തുടങ്ങിയ കാര്യങ്ങള്‍ ആഴ്ചയിലൊരിക്കല്‍ വ്യക്തിപരമായി വിലയിരുത്തും.
ഡിജിറ്റല്‍ ഹെല്‍പ്പ്ലൈന്‍, വാട്‌സാപ്പ്, പ്രത്യേക മൊബൈല്‍ ആപ്പ് എന്നിവ വഴി പരാതികള്‍ വേഗത്തില്‍ രജിസ്റ്റര്‍ ചെയ്യാനും സമയബന്ധിതമായി സഹായം ലഭ്യമാക്കാനും പ്രധാന കമാന്‍ഡ് സെന്റര്‍ സജ്ജമാക്കും. പോക്‌സോ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് സമാനമായി അതിജീവിതകളുടെ വ്യക്തിവിവരങ്ങള്‍ പൂര്‍ണമായും രഹസ്യമായി സൂക്ഷിക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്രാദേശിക തലത്തില്‍ ഷെല്‍ട്ടര്‍ ഹോമുകളും തൊഴില്‍ പരിശീലന കേന്ദ്രങ്ങളും ഒരുക്കാനും പദ്ധതിയുണ്ട്. 1973-ല്‍ രാജ്യത്ത് ആദ്യമായി വനിതാ പൊലീസ് സംവിധാനം ആരംഭിച്ച കേരളത്തിന്റെ പൊലീസ് ചരിത്രത്തിലെ മറ്റൊരു പ്രധാന ചുവടുവയ്പ്പാണ് സ്പീക്ക് അപ്പ്.
ഗാര്‍ഹിക അതിക്രമക്കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവര്‍ക്കെതിരെ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും പാസ്പോര്‍ട്ടും നിഷേധിക്കുന്നതടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് സ്പീക്ക് അപ്പ് മേധാവി അജിത ബീഗം പറഞ്ഞു.
Content Highlight: End the suffering—speak up now: Kerala Police’s special task force against domestic violence.