| Friday, 10th November 2023, 5:30 pm

വരുന്നു ഖുറേഷി അബ്രഹാം; വമ്പന്‍ അപ്‌ഡേറ്റ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന എമ്പുരാന്റെ വമ്പന്‍ അപ്‌ഡേറ്റ് പുറത്ത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നവംബര്‍ 11ന് വൈകുന്നേരം അഞ്ച് മണിക്ക് പുറത്ത് വിടും. മോഹന്‍ലാല്‍ തന്നെയാണ് വിവരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

2019ല്‍ പുറത്ത് വന്ന സൂപ്പര്‍ ഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. ഒക്ടോബര്‍ അഞ്ചിനാണ് എമ്പുരാന്റെ ചിത്രീകരണം ആരംഭിച്ചത്. ദില്ലി- ഹരിയാന അതിര്‍ത്തിയിലെ ഫരീദാബാദില്‍ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായിരുന്നു. ലൊക്കേഷന്‍ ഹണ്ടിനായി യു.കെയില്‍ എത്തിയ പൃഥ്വിരാജിന്റേയും സംഘത്തിന്റേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. നേരത്തെ ലൊക്കേഷന്‍ തിരയുന്നതിന്റെ ഭാഗമായി പൃഥ്വിരാജ് ദുബൈയിലും എത്തിയിരുന്നു.

എമ്പുരാന്റെ അടുത്ത ഷെഡ്യൂള്‍ ജനുവരിയിലാണ് ആരംഭിക്കുക. യു.എസ്, യു.കെ, അബുദാബി എന്നിവിടങ്ങളിലാവും ഷൂട്ടിങ്. എമ്പുരാന്റെ യു.എസ് ഷെഡ്യൂളില്‍ ടൊവിനോ തോമസും ഉണ്ടായേക്കും.

ഇരുപതോളം വിദേശ രാജ്യങ്ങളിലായാണ് എമ്പുരാന്റെ ഷൂട്ട് നടക്കുക. ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മിക്കുന്നത്.

മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തും. ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, ശശി കപൂര്‍, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പന്‍, തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Content Highlight: Empuraan movie first look poster release date

We use cookies to give you the best possible experience. Learn more