| Wednesday, 17th December 2025, 10:52 pm

തൊഴിലുറപ്പ് പദ്ധതിയിലെ കേന്ദ്ര ഇടപെടല്‍: കേരളത്തിന് 2000 കോടിയുടെ അധിക ബാധ്യത വരുത്തും: കെ.എന്‍. ബാലഗോപാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ കൊണ്ടുവരുന്ന മാറ്റം കേരളത്തിന് പ്രതിവര്‍ഷം 1600 മുതല്‍ 2000 കോടി രൂപയുടെ വരെ അധിക ബാധ്യത ഉണ്ടാക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍.

നിലവില്‍ പദ്ധതിയുടെ ചെലവിന്റെ 90 ശതമാനവും നല്‍കുന്നത് കേന്ദ്രമാണ്. പുതിയ പദ്ധതി നടപ്പാക്കുന്നതിലൂടെ 60 ശതമാനം എന്ന നിലയിലേക്ക് കേന്ദ്ര വിഹിതം കുറയുമ്പോള്‍ സംസ്ഥാനത്തിന് വലിയ ബാധ്യതയായി മാറുമെന്നും മന്ത്രി അറിയിച്ചു.

കേരളം മികച്ച നിലയിലാണ് പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ വര്‍ഷം തൊഴിലുറപ്പ് പദ്ധതിക്കായി കേന്ദ്രം നല്‍കിയത് 4838 കോടി രൂപയാണെന്നും മന്ത്രി പറഞ്ഞു. ഒമ്പതാമത് ഐ.എസ്. ഗുലാത്തി സ്മാരക പ്രഭാഷണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രം സാമ്പത്തിക രംഗത്ത് അടിക്കടി വരുത്തുന്ന മാറ്റങ്ങള്‍ മൂലം കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് മുന്നോട്ട് പോവുക പ്രയാസകരമാണ്. സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഈ മാറ്റങ്ങള്‍ ഗുരുതരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

ദേശീയതലത്തില്‍ സംസ്ഥാനങ്ങളുടെ മൊത്തം വരുമാനത്തിന്റെ ശരാശരി 53 ശതമാനവും കേന്ദ്ര വിഹിതമാണെങ്കിലും കേരളത്തിനത് വെറും 25 ശതമാനമാണെന്നും അദ്ദേഹം വിശദീകരിച്ചു.

കേരളം നേരിടുന്ന പ്രശ്നങ്ങള്‍ പ്രത്യേകതയുള്ളതാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വൃദ്ധജനങ്ങളുള്ള സംസ്ഥാനം കേരളമാണ്.

എന്നാല്‍ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്ന നടപടികളാണ് അടിക്കടി കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്നത് നികുതി വരുമാനം കാര്യമായി ഉയര്‍ത്താന്‍ കഴിയുന്നത് കൊണ്ടാണ് സംസ്ഥാനം പിടിച്ചു നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ എന്ന രാജ്യം സംസ്ഥാനങ്ങള്‍ ചേര്‍ന്നുള്ള ഒരു യൂണിയനാണ്. എന്നാല്‍ സാമ്പത്തികമായ കൂടുതല്‍ അധികാരങ്ങള്‍ കേന്ദ്ര സര്‍ക്കാരില്‍ കേന്ദ്രീകരിച്ചുകൊണ്ട് സംസ്ഥാനങ്ങളെ തകര്‍ക്കുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ ധനപരമായ വിഭവങ്ങള്‍ കൈമാറുന്ന കാര്യത്തില്‍ തുല്യത എന്ന ആശയമാണ് മുന്നില്‍ നില്‍ക്കേണ്ടതെന്ന് ചടങ്ങില്‍ സംസാരിക്കവെ ഏണസ്റ്റ് ആന്‍ഡ് യങ്ങിന്റെ മുഖ്യ പോളിസി ഉപദേശകനും മദ്രാസ് സ്‌കൂള്‍ ഓഫ് ഇക്കണോമിക്സിന്റെ മുന്‍ ഡയറക്ടറുമായ പ്രഫസര്‍ ഡി. കെ. ശ്രീവാസ്തവ ചൂണ്ടിക്കാണിച്ചു.

ഇന്ത്യയില്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള അന്തരം വളരെ പ്രകടമാണ്. എന്നാല്‍ ഇത് കുറഞ്ഞു വരുന്നു എന്നത് ആശ്വാസകരമായ കാര്യമാണ്. സംസ്ഥാനങ്ങള്‍ തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിന് നയപരമായ ഇടപെടലുകളാണ് ആവശ്യം.

വരുമാനത്തിന്റെ കാര്യത്തിലും ചെലവഴിക്കലിന്റെ കാര്യത്തിലും ഇന്ത്യയില്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ സംതുലനാവസ്ഥ നിലനില്‍ക്കുന്നില്ലെന്നത് വലിയ പ്രതിസന്ധിയാണ്. ധനകാര്യ കമ്മീഷനുകള്‍ ഇക്കാര്യത്തിന് പ്രാമുഖ്യം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിഭവങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുമ്പോള്‍ അതില്‍ തുല്യതക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതെന്ന് ചടങ്ങില്‍ വെച്ച് മുന്‍ ധനകാര്യ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു.

Content Highlight: Employment guarantee scheme: Minister K.N. Balagopal says it will create an additional burden of Rs 2000 crore for Kerala

We use cookies to give you the best possible experience. Learn more