| Thursday, 24th July 2025, 10:38 pm

സംസ്ഥാനത്തെ സ്‌കൂളുകളിലെ പഴയ കെട്ടിടങ്ങള്‍ പൊളിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കും: വിദ്യാഭ്യാസമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ പൊളിക്കാനുള്ള പഴയ കെട്ടിടങ്ങള്‍ പൊളിക്കുന്ന നടപടി ദ്രുതഗതിയിലാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. സംസ്ഥാന വിദ്യാഭ്യാസ ചരിത്രത്തില്‍ ആദ്യമായി വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച് 5000 കോടി രൂപയുടെ പുതിയ സ്‌കൂള്‍ കെട്ടിടങ്ങളാണ് പൊതുവിദ്യാലയങ്ങളില്‍ നിര്‍മിച്ചതെന്നും മന്ത്രി പറഞ്ഞു. സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് മന്ത്രിയുടെ അറിയിപ്പ്.

എന്നാല്‍ പുതിയ സ്‌കൂള്‍ കെട്ടിടങ്ങളില്‍ ക്ലാസുകള്‍ ആരംഭിച്ചിട്ടും പലയിടത്തും പഴയ സ്‌കൂള്‍ കെട്ടിടങ്ങള്‍ അതേപടി നിലനില്‍ക്കുന്നുണ്ട്. പല സ്‌കൂളുകളിലും 100 കൊല്ലത്തിലധികം പഴക്കമുള്ള ഇത്തരം കെട്ടിടങ്ങള്‍ നിലവിലുണ്ടെന്നും മന്ത്രി പറഞ്ഞു.

നിയമപ്രകാരം, പൊളിച്ചുമാറ്റിയ സാമ്രഗികള്‍ കെട്ടിടങ്ങള്‍ പൊളിക്കാന്‍ ലേലം പിടിച്ച കോണ്‍ട്രാക്ടര്‍മാര്‍ തന്നെ കൊണ്ടുപോവുകയാണ് പതിവ്. എന്നാല്‍ ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വന്‍ തുകയാണ് ഇതിന് ഫീസായി നിശ്ചയിച്ചിരിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഇത് കാരണം പഴയ സ്‌കൂള്‍ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുന്ന പ്രവര്‍ത്തനം പലയിടത്തും തടസപ്പെടുകയാണെന്നും മന്ത്രി വ്യക്തമാക്കി. ഇക്കാര്യം ഗൗരവമായി കണ്ടുകൊണ്ട് ന്യായമായും നിയമപരമായും ചെയ്യേണ്ട കാര്യങ്ങള്‍ അടിയന്തരമായി ചെയ്ത് പഴയ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റാനുള്ള നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇല്ലെങ്കില്‍ കെട്ടിടങ്ങള്‍ നിലംപൊത്തുന്ന സാഹചര്യമുണ്ടാകുമെന്നും ആയതിനാല്‍ ഇക്കാര്യത്തില്‍ ചുമതലപ്പെട്ടവര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. ഈ വിഷയത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കൊപ്പം പ്രദേശത്തെ ജനങ്ങളും ജാഗ്രത കാണിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

കേരളത്തില്‍ മഴ ശക്തമായതോടെ സംസ്ഥാനത്തുടനീളമായി ഒന്നിലധികം സ്‌കൂളുകളില്‍ പഴയ കെട്ടിടം തകര്‍ന്നുവീഴുന്ന സാഹചര്യമുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

ഞായറാഴ്ച ആലപ്പുഴയിലെ കാര്‍ത്തികപ്പള്ളിയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണിരുന്നു. അവധി ദിവസമായതുകൊണ്ട് തന്നെ മറ്റ് അപകടങ്ങളൊന്നും ഉണ്ടായില്ല. എന്നാല്‍ തകര്‍ന്ന സ്‌കൂള്‍ കെട്ടിടത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ലെന്ന റിപ്പോര്‍ട്ടുകളാണ് പിന്നീട് പുറത്തുവന്നത്.

ജൂലൈ 18ന് പത്തനംതിട്ടയിലെ കടമ്മനിട്ടയിലും സമാനമായി കെട്ടിടം തകര്‍ന്നുവീണിരുന്നു. രണ്ട് വര്‍ഷമായി ഉപയോഗശൂന്യമായി കിടന്നിരുന്ന കെട്ടിടമാണ് തകര്‍ന്നുവീണത്. പൊളിച്ചുമാറ്റാന്‍ പദ്ധതിയിട്ടിരിക്കെയാണ് കെട്ടിടം തകര്‍ന്നത്.

Content Highlight: Steps to demolish old school buildings in the state will be expedited: Education Minister

We use cookies to give you the best possible experience. Learn more