| Tuesday, 17th June 2025, 3:55 pm

ഇറാന്റെ ഭരണകൂടത്തെ മാറ്റേണ്ടത് വിദേശ ശക്തികളല്ല, ജനങ്ങളാണ്; സൈനിക നടപടിയിലൂടെ മാറ്റാന്‍ ശ്രമിക്കുന്നത് വലിയ തെറ്റെന്ന് മാക്രോണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാരിസ്: ഇറാനിലെ നിലവിലുള്ള ഭരണകൂടത്തെ ബലപ്രയോഗത്തിലൂടെ മാറ്റാന്‍ ശ്രമിക്കുന്നത് തന്ത്രപരമായ തെറ്റ് ആയിരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍.

ചരിത്രം പരിശോധിച്ചാല്‍ ഇത്തരത്തില്‍ സൈനിക നടപടിയിലൂടെ നിലവിലുളള ഭരണകൂടങ്ങളെ താഴെയിറക്കിയത് തന്ത്രപരമായ തെറ്റ് ആണെന്ന് മനസിലാക്കാന്‍ സാധിക്കുമെന്നും മാക്രോണ്‍ കൂട്ടിച്ചേര്‍ത്തു.

ഇറാനിലെയും ഇസ്രഈലിലെയും സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും മാക്രോണ്‍ ആവശ്യപ്പെട്ടു.

കാനഡയില്‍ നടന്ന ജി7 ഉച്ചകോടിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് മാക്രോണ്‍ ഇക്കാര്യം വ്യക്തമാക്കിയത്. ‘ജനങ്ങളാണ് പരമാധികാരികളെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവരാണ് സ്വന്തം നേതാക്കളെ മാറ്റുന്നത്. മുന്‍കാലങ്ങളില്‍ സമരത്തിലൂടെയോ സൈനിക നടപടികളിലൂടെയോ ഭരണകൂടങ്ങളെ മാറ്റാന്‍ ശ്രമിച്ചവരെല്ലാം തന്ത്രപരമായ തെറ്റുകള്‍ വരുത്തിയിട്ടുണ്ട്.

അനുഭവം നമ്മെ പഠിപ്പിക്കുന്നത് അതാണ്, നിലവിലെ രാഷ്ട്രീയ ഭരണകൂടങ്ങളെ മാറ്റേണ്ടത് വിദേശ ശക്തികളാണെന്ന് ഞാന്‍ കരുതുന്നില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇരു രാജ്യങ്ങളിലേയും സിവിലിയന്‍ മേഖലകള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങളെയും മാക്രോണ്‍ ശക്തമായി അപലപിച്ചു.

ഊര്‍ജസംഭരണ, സാംസ്‌കാരിക, അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരെ, പ്രത്യേകിച്ച് സാധാരണക്കാര്‍ക്കെതിരെ നടത്തുന്ന എല്ലാ ആക്രമണങ്ങളും അവസാനിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും  അവയെ ന്യായീകരിക്കുന്നില്ലെന്നും മാക്രോണ്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇസ്രഈല്‍-ഇറാന്‍ വെടിനിര്‍ത്തലിനായാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉച്ചകോടിയില്‍ നിന്ന് നേരത്തെ പിന്‍വാങ്ങിയതെന്ന മാക്രോണിന്റെ പരാമര്‍ശം ജനശ്രദ്ധ പിടിച്ച് പറ്റാന്‍ വേണ്ടിയുള്ളതാണെന്ന് ട്രംപ് ട്രൂത്ത് സേഷ്യലിലൂടെ പ്രതികരിച്ചു.

ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റില്‍, മാക്രോണിന്റെ വാദം തെറ്റായിരുന്നു എന്നും തന്റെ വിടവാങ്ങലിന് വെടിനിര്‍ത്തലുമായി യാതൊരു ബന്ധവുമില്ലെന്നും ട്രംപ് പറഞ്ഞു. പകരം, തന്റെ സന്ദര്‍ശനം കൂടുതല്‍ പ്രധാനപ്പെട്ട ഒരു കാരണത്താലാണെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു.

Content Highlight: Emmanuel Macron says regime change using external military interventions in Iran would be a strategic mistake

We use cookies to give you the best possible experience. Learn more