| Saturday, 11th October 2025, 2:17 pm

ഫ്രാൻസിന്റെ പ്രധാനമന്ത്രി ലെകോർണു തന്നെ; രാജി വെച്ച് നാലാം ദിനം വീണ്ടും നിയമനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാരീസ്: സെബാസ്റ്റ്യൻ ലെകോർണുവിനെ രണ്ടാമതും ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി നിയമിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

ദിവസങ്ങൾ നീണ്ട തീവ്ര ചർച്ചകൾക്കും മാക്രോണും പാർട്ടി നേതാക്കളും തമ്മിൽ എലിസി കൊട്ടാരത്തിൽ വെച്ചുള്ള കൂടിക്കാഴ്ചക്കും ശേഷമാണ് ലേകോർണുവിനെ വീണ്ടും പ്രധാനമന്ത്രിയായി നിയമിച്ചത്. ലേകോർണു രാജിവെച്ച് നാല് ദിവസത്തിന് ശേഷമാണ് വീണ്ടും അധികാരത്തിലെത്തുന്നത്.

കടമയുടെ ഭാഗമായിട്ടാണ് താൻ സ്ഥാനം സ്വീകരിച്ചതെന്നും ഫ്രാൻസിൽ പുതിയ ബജറ്റ് പാസാക്കുമെന്നും ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യുമെന്നും ലെകോർണു പറഞ്ഞു. രാഷ്ട്രീയ പ്രതിസന്ധി അവസാനിപ്പിക്കുമെന്നും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി പുനസ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ മന്ത്രിസഭയിലെ വ്യക്തികൾ 2027ലെ പ്രസിഡന്റ് സ്ഥാനമോഹങ്ങൾ മാറ്റിവെക്കണമെന്നും ലെകോർണു ആവശ്യപ്പെട്ടു.

‘പുതിയ മന്ത്രിസഭ മാറ്റമുണ്ടായിരിക്കും വൈവിധ്യങ്ങൾ ഉൾക്കൊള്ളിക്കും. രാഷ്ട്രീയ പ്രതിസന്ധിക്കും ഫ്രാൻസിന്റെ പ്രതിച്ഛായയ്ക്ക് നേരെയുള്ള അസ്ഥിരതയ്ക്കും അറുതി വരുത്തണം’ സ്ഥാനമേറ്റതിന് ശേഷം ലെകോർണു പറഞ്ഞു.

അദ്ദേഹം പദവി തുടരുന്നില്ലെന്നും തന്റെ ദൗത്യം അവസാനിച്ചുവെന്നും രണ്ട് ദിവസം മുമ്പ്  ദേശീയ മാധ്യമത്തിനോട് പറഞ്ഞിരുന്നു.

രാഷ്ട്രീയ അസ്ഥിരതയെത്തുടർന്ന് ഒക്ടോബർ ആറിനാണ് ലെകോർണു രാജിവെച്ചത്. ഫ്രാൻസിൽ രണ്ട് വർഷത്തിനിടെ സ്ഥാനമൊഴിയുന്ന അഞ്ചാമത്തെ പ്രധാനമന്ത്രിയായിരുന്നു ലെകോർണു. ഒരു മാസത്തിൽ താഴെയാണ് ലെകോർണു പ്രധാനമന്ത്രി സ്ഥാനത്ത് ഇരുന്നത്.

2024 ജൂണിൽ ദേശീയ അസംബ്ലി പിരിച്ചുവിടാനുള്ള മാക്രോണിന്റെ തീരുമാനമാണ് രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണം. 577 സീറ്റുകളുള്ള ചേംബറിൽ തെരഞ്ഞെടുപ്പിന് ശേഷം ആർക്കും ഭൂരിപക്ഷം നേടാനായില്ല. ഇത് രാഷ്രീയ അസ്ഥിരതയ്ക്ക് കാരണമാകുകയും പാർലമെന്റ് സ്തംഭിക്കുന്നതിനും കാരണമായിട്ടുണ്ട്.

ഈ പ്രതിസന്ധി നിക്ഷേപകരെ അസ്വസ്ഥമാക്കുകയും വോട്ടർമാരെ പ്രകോപിക്കുകയും ചെയ്തിരുന്നു.

അതേസമയം, ലെകോർണുവിന്റെ രണ്ടാം നിയമനത്തിൽ പ്രതിപക്ഷ പാർട്ടികൾ വിമർശിച്ചു. പ്രസിഡന്റ് സ്ഥാനം കൈവിട്ടുപോകാതിരിക്കാനുള്ള ഇമ്മാനുവൽ മാക്രോണിന്റെ അടവായിട്ടാണ് ലെകോർണുവിന്റെ നിയമനമെന്നും വിമർശനമുണ്ട്.

തീവ്ര വലതുപക്ഷ നാഷണൻ റാലി പ്രസിഡന്റ് ജോർദാൻ ബാർഡെല്ല പുനർനിയമനത്തെ ജനാധിപത്യത്തിന് നാണക്കേട് എന്നും ഫ്രഞ്ച് ജനതയ്ക്ക് അപമാനമെന്നും വിശേഷിപ്പിച്ചു.

Content Highlight: Emmanuel Macron reappoints Lecornu as French PM

We use cookies to give you the best possible experience. Learn more