സ്പെയ്നിനെതിരെ ഇപ്പോൾ ഏറ്റുമുട്ടുകയാണെങ്കിൽ അർജന്റീന വിജയിക്കുമെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസ്. ലോകകപ്പ് ഫൈനൽ പെനാൽറ്റിയിലേക്ക് എത്തിയിരുന്നെങ്കിലും അർജന്റീന വിജയിക്കുമായിരുന്നുവെന്നും മാർട്ടിനസ് പറഞ്ഞു. ലോസ് എഡൂൾ പോഡ്കാസ്റ്റിലൂടെ സംസാരിക്കുകയായിരുന്നു അർജന്റൈൻ ഗോൾ കീപ്പർ.
‘അവർ നല്ല ടീമാണ്. ഇന്ന് അവരുമായി കളിച്ചാൽ അർജന്റീന ജയിക്കാൻ സാധിക്കുമെന്ന് എനിക്ക് തോന്നുന്നു. 2022 ലോകകപ്പിൽ സ്പെയ്നിനെക്കാൾ കൂടുതൽ ബഹുമാനം ഞാൻ നൽകിയത് ഫ്രാൻസിനാണ്. മത്സരം പെനാൽറ്റി വരെ എത്തിയിരുന്നെങ്കിലും ഞങ്ങൾ ജയിക്കുമായിരുന്നു. അന്ന് എന്റെ ദിവസമാണെന്ന് തോന്നി,’ എമിലിയാനോ മാർട്ടിനസ് പറഞ്ഞു.
2026ലെ ലോകകപ്പ് ഫൈനലിൽ അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് സ്പാനിഷ് പട ലോകത്തിന്റെ നെറുകയിലെത്തിയത്. ചരിത്രത്തിലെ രണ്ടാം ലോക കിരീടമാണ് സ്‌പെയ്ൻ അർജന്റീനയെ വീഴ്ത്തി നേടിയത്.
2010ലായിരുന്നു സ്പെയ്ൻ ആദ്യമായി ലോക കിരീടം ചൂടിയത്. നീണ്ട 16 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ടാണ് സ്‌പെയ്ൻ ലോകത്തിലെ രാജാക്കന്മാരായി മാറിയിരുന്നത്.
മത്സരത്തിന്റെ നിശ്ചിത സമയത്തിൽ ഇരു ടീമുകൾക്കും ഗോളുകൾ നേടാൻ സാധിച്ചിരുന്നില്ല. അർജന്റീനക്കെതിരെ തുടക്കം മുതൽ സർവാധിപത്യം പുലർത്തിയ സ്‌പെയിനിന് ഫിനിഷിങ്ങിലെ പിഴവുകളായിരുന്നു തിരിച്ചടിയായിരുന്നത്.
മത്സരത്തിന്റെ എക്‌സ്ട്രാ ടൈമിലായിരുന്നു സ്‌പെയ്‌നിന്റെ ഏക ഗോൾ പിറന്നത്. ഫെറാൻ ടോറസിന്റെ തകർപ്പൻ ഗോളിലൂടെയായിരുന്നു സ്പാനിഷ് പട കിരീടം കൈപ്പിടിലാക്കിയത്.
മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ അർജന്റീനയുടെ സൂപ്പർതാരം എൻസോ ഫെർണാണ്ടസ് ചുവപ്പുകാർഡ് കണ്ട് പുറത്തായതും ടീമിന് തിരിച്ചടിയായിരുന്നു . എക്‌സ്ട്രാ ടൈമിൽ 10 ആളുകളുമായാണ് അർജന്റീന സംഘവും പന്തുതട്ടിയത്.
ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിന്റെ ഒറ്റയാൾ പോരാട്ടം മാത്രമാണ് ഫൈനലിൽ മത്സരത്തിൽ അർജന്റീനക്ക് എടുത്തു പറയാനുണ്ടായിരുന്നത്. സ്‌പെയ്‌നിന്റെ മികച്ച നീക്കങ്ങളെ തകർപ്പൻ സേവുകളിലൂടെ തടഞ്ഞുനിർത്തിയെങ്കിലും ടോറസിന് മുന്നിൽ മാർട്ടിനസ് കീഴടങ്ങുകയായിരുന്നു.
മത്സരത്തിൽ ബോൾ പൊസഷനിലും ഷോട്ടുകളുടെ എണ്ണത്തിലും അർജന്റീനക്കെതിരെ സ്പാനിഷ് പടയുടെ സർവാധിപത്യമായിരുന്നു. 68 ശതമാനം ബോൾ പൊസഷൻ നിലനിർത്തിയ സ്പെയ്ൻ 20 ഷോട്ടുകളാണ് അർജന്റീനയുടെ പോസ്റ്റിലേക്ക് അടിച്ചുകൂട്ടിയത്. ഇതിൽ 11 ഷോട്ടുകളും ഓൺ ടാർഗറ്റിലേക്ക് ആയിരുന്നു.
ഒറ്റ ഷോട്ട് പോലും സ്പെയ്നിന്റെ പോസ്റ്റിലേക്ക് ഉതിർക്കാൻ അർജന്റീനക്ക് സാധിച്ചില്ല. മത്സരത്തിന്റെ 90 മിനിട്ടിൽ അർജന്റീന ഒരു ഷോട്ട് പോലും എതിരാളികളുടെ പോസ്റ്റിലേക്ക് ഉതിർത്തില്ല.
ലോകകപ്പിൽ ഫൈനലിൽ 90 മിനിട്ടിൽ ഒരു ഷോട്ട് പോലും നേടാനാവാത്ത ടീമെന്ന നിർഭാഗ്യ നേട്ടവും അർജന്റീന സ്വന്തമാക്കിയിരുന്നു. 120 മിനിട്ട് വരെയുള്ള കണക്കുകൾ പ്രകാരം മൂന്ന് ഷോട്ടുകളാണ് അർജന്റീന സ്‌പെയ്ൻ പോസ്റ്റിലേക്ക് ഉന്നം വെച്ചത്.
അർജന്റൈൻ നായകൻ ലയണൽ മെസിക്ക് പോലും മത്സരത്തിൽ കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല. ടൂർണമെന്റിലുടനീളം മിന്നും ഫോമിൽ കളിച്ച മെസി ഫൈനലിൽ തന്റെ പ്രതിഭ പുറത്തെടുക്കുന്നതിൽ പരാജയപ്പെട്ടു. എട്ട് ഗോളുകളും നാല് അസിസ്റ്റുകളുമായി തിളങ്ങിയ മെസി ഫൈനലിൽ ചിത്രത്തിൽ പോലും ഉണ്ടായിരുന്നില്ല.
Content Highlight: Emiliano Martinez talks about Spain football team