ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചതിന് പിന്നാലെ അര്‍ജന്റീനയുടെ മത്സരങ്ങള്‍ക്ക് കാണികളുടെ എണ്ണം കുറയുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ്. സ്റ്റേഡിയങ്ങളില്‍ കാണികളുടെ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ ടിക്കറ്റ് നിരക്കുകള്‍ കുറയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒക്ടോബറില്‍ ബെനിനെതിരായ സൗഹൃദമത്സരത്തോടെയാണ് മെസി അര്‍ജന്റീനയുടെ ജേഴ്സിയോട് വിടപറഞ്ഞത്. മെസിയുടെ വിരമിക്കലിന് ശേഷമുള്ള ആദ്യ മത്സരത്തില്‍ വെള്ളിയാഴ്ച ഉറുഗ്വേയോട് അര്‍ജന്റീന പരാജയപ്പെട്ടിരുന്നു.
ബ്യൂണസ് ഐറിസിലെ ബൊംബോനേര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സ്റ്റേഡിയത്തിന്റെ പകുതിയോളം സീറ്റുകള്‍ ഒഴിഞ്ഞുകിടന്നിരുന്നു. 58,000 പേരെ ഉള്‍ക്കൊള്ളുന്ന സ്റ്റേഡിയത്തില്‍ 25,000ല്‍ താഴെ കാണികള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്ന് അര്‍ജൈന്റന്‍ പത്രമായ ക്ലാരിന് റിപ്പോര്‍ട്ട് ചെയ്തു.
ചൊവ്വാഴ്ച നടന്ന സൗഹൃദ മത്സരത്തില്‍ കോസ്റ്റാറിക്കയെ 7-0ന് തകര്‍ത്തപ്പോഴും സ്റ്റേഡിയത്തില്‍ കാണികളുടെ എണ്ണം കുറവായിരുന്നു. കോര്‍ഡോബയിലെ 57,000 പേര്‍ക്ക് ഇരിക്കാവുന്ന എസ്റ്റാഡിയോ മരിയോ ആല്‍ബെര്‍ട്ടോ കെംപസില് 31,000 പേര് മാത്രമാണ് എത്തിയതെന്നാണ് ഔദ്യോഗിക കണക്ക്.
എന്നാല്‍ മത്സരം തുടങ്ങുന്നതിന് തൊട്ടുമുമ്പുള്ള മണിക്കൂറുകളില്‍ നിരവധി ടിക്കറ്റുകള്‍ സൗജന്യമായി വിതരണം ചെയ്തതായും മത്സരം ആരംഭിച്ചതിന് ശേഷമാണ് വലിയൊരു വിഭാഗം കാണികള്‍ സ്റ്റേഡിയത്തിലെത്തിയതെന്നും ക്ലാരിന് റിപ്പോര്‍ട്ട് ചെയ്തു.
ഈ സാഹചര്യത്തിലാണ് മാധ്യമങ്ങളോട് പ്രതികരിക്കവേ ടിക്കറ്റ് വില കുറക്കണമെന്ന് എമിലിയാനോ മാര്‍ട്ടിനസ് ആവശ്യപ്പെട്ടത്.
‘കൂടുതല്‍ നിറഞ്ഞ സ്റ്റേഡിയങ്ങളില്‍ കളിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. കുട്ടികളടക്കമുള്ളവരെ സ്റ്റേഡിയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. ദേശീയ ടീമിനോട് ജനങ്ങള്‍ക്ക് വീണ്ടും പ്രണയം തോന്നുന്ന സാഹചര്യം സൃഷ്ടിക്കണം,’ മാര്‍ട്ടിനസ് പറഞ്ഞു.
മെസി ടീമിലില്ലെന്നും അദ്ദേഹത്തെ കാണാനായിരുന്നു കാണികള്‍ ആഗ്രഹിച്ചിരുന്നതെന്നും മാര്‍ട്ടിനസ് പറഞ്ഞു. സ്റ്റേഡിയങ്ങള്‍ നിറഞ്ഞുകവിയുന്ന സാഹചര്യം സൃഷ്ടിക്കണമെന്നും അതിന്റെ ഉത്തരവാദിത്തം കളിക്കാര്‍ക്കും പരിശീലക സംഘത്തിനും അധികൃതര്ക്കുമുണ്ടെന്നും മാര്‍ട്ടിനസ് കൂട്ടിച്ചേര്‍ത്തു.
‘സ്റ്റേഡിയങ്ങള്‍ വീണ്ടും നിറഞ്ഞുകവിയുന്ന സാഹചര്യം സൃഷ്ടിക്കണം. അതിന്റെ ഉത്തരവാദിത്തം കളിക്കാര്‍ക്കും പരിശീലക സംഘത്തിനും അധികൃതര്‍ക്കുമുണ്ട്. ജനങ്ങളോടുള്ള സ്നേഹം പ്രകടിപ്പിക്കണം. ടിക്കറ്റ് നിരക്കുകള്‍ അല്‍പ്പം കുറച്ച് സ്റ്റേഡിയങ്ങളിലെ എല്ലാ സീറ്റുകളും നിറയ്ക്കണം. ജനങ്ങളില്‍നിന്ന് ഞങ്ങള്‍ക്ക് ആവശ്യമായ സ്നേഹം തിരിച്ചുനല്‍കുകയും വേണം,’ അദ്ദേഹം പറഞ്ഞു.
Content Highlight: Emiliano Martinez calls for lower Argentina ticket prices after Lionel Messi retirement