| Wednesday, 25th June 2025, 3:12 pm

അടിയന്തരാവസ്ഥ വെറും 21 മാസത്തെ താത്കാലിക പ്രതിഭാസം; അടിയന്തരാവസ്ഥയെ ന്യായീകരിച്ച് വി.ടി. ബല്‍റാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അടിയന്തരാവസ്ഥയെ ന്യായീകരിച്ച് കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം. അടിയന്തരാവസ്ഥയുടെ 50ാം വാര്‍ഷിക ദിനത്തിലെത്തിലാണ് നേതാവിന്റെ ന്യായീകരണം. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ആര്‍.എസ്.എസും കമ്മ്യൂണിസ്റ്റുകാരും സര്‍ക്കാരിനെതിരെ തിരിഞ്ഞപ്പോഴാണെന്നും രാജ്യത്തിന്റെ ഭരണഘടന പ്രകാരം ഉചിതമായ സാഹചര്യങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാമെന്നുമാണ് വി.ടി. ബല്‍റാമിന്റെ ന്യായീകരണം.

അടിയന്തരാവസ്ഥ വെറും 21 മാസത്തെ താത്കാലിക പ്രതിഭാസമായിരുന്നുവെന്നും മൗലികാവകാശങ്ങള്‍ക്ക് നിയന്ത്രണമുണ്ടായിരുന്നുവെങ്കിലും ഇന്ത്യയില്‍ അടിയന്തരാവസ്ഥയിലും കോടതികള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിച്ചില്ലെന്നും വി.ടി.ബല്‍റാം പറഞ്ഞു.

ആരുടെയും സമ്മര്‍ദമില്ലാതെയാണ് സര്‍ക്കാര്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചതെന്നും വി.ടി ബല്‍റാം പറഞ്ഞു. കമ്മ്യൂണിസം പ്രാബല്യത്തില്‍ വന്നാലുള്ള സാഹചര്യത്തെയും അടിയന്തരാവസ്ഥയെയും താമതമ്യം ചെയ്തുകൊണ്ടായിരുന്നു ബല്‍റാമിന്റെ ന്യായീകരണം.

ഉന്നതമായ ജനാധിപത്യ ബോധ്യങ്ങളുള്ളവര്‍ക്ക് അടിയന്തരാവസ്ഥയേയും അതിന്റെ ഭാഗമായ താത്കാലിക പൗരസ്വാതന്ത്ര്യ നിയന്ത്രണങ്ങളേയും എതിര്‍ക്കാമെന്നും എന്നാല്‍ എങ്ങനെയാണ് ഒരാള്‍ക്ക് ‘കമ്മ്യൂണിസ്റ്റ്’ ആയിരുന്നുകൊണ്ട് അടിയന്തരാവസ്ഥയെ എതിര്‍ക്കാന്‍ കഴിയുകയെന്നും ബല്‍റാം ന്യായീകരണ പോസ്റ്റില്‍ പറയുന്നു.

‘തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ ജനകീയ സമരത്തിലൂടെ പുറത്താക്കാന്‍ നോക്കി എന്നതാണ് ഇ.എം.എസ് സര്‍ക്കാരിനെതിരെ കേരളം നടത്തിയ വിമോചന സമരത്തേക്കുറിച്ച് ഇന്നും കമ്മ്യൂണിസ്റ്റുകളുടെ സ്ഥിരം പരാതി. എന്നാല്‍ ആര്‍.എസ്.എസും കമ്മ്യൂണിസ്റ്റുകളും സകലമാന പിന്തിരിപ്പന്മാരും ഒത്തുചേര്‍ന്ന് ഇന്ദിരാഗാന്ധിയോടും കോണ്‍ഗ്രസിനോടുമുള്ള രാഷ്ട്രീയ വിരോധത്താല്‍ രാജ്യമെമ്പാടും തെരുവുയുദ്ധം നടത്തുകയും സൈന്യത്തോട് പോലും സര്‍ക്കാരിനെതിരെ തിരിയാന്‍ ആഹ്വാനം ചെയ്യുകയും ചെയ്ത ഒരു ഘട്ടത്തിലാണ് രാജ്യത്ത് ആഭ്യന്തര അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തേണ്ടി വന്നത് എന്നത് കമ്മ്യൂണിസ്റ്റ് കുഴലൂത്തുകാര്‍ സൗകര്യപൂര്‍വ്വം മറച്ചുപിടിക്കുകയാണ്,’ വി.ടി ബല്‍റാം പറഞ്ഞു.

അടിയന്തരാവസ്ഥയില്‍ അഭിപ്രായസ്വാതന്ത്ര്യത്തിന് പരിമിതികളുണ്ടായിരുന്നു, മാധ്യമങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഉണ്ടായിരുന്നു, മൗലികാവകാശ ലംഘനങ്ങള്‍ ഉണ്ടായിരുന്നു, രാഷ്ട്രീയ നേതാക്കളെ തടവിലിട്ടിരുന്നു, എന്നിങ്ങനെ അവകാശ ലംഘനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പറയുമ്പോഴും എന്നാല്‍ കമ്മ്യൂണിസത്തില്‍ ഇക്കാര്യങ്ങളൊന്നും പരാമര്‍ശിക്കുന്നേയില്ലല്ലോ എന്ന രീതിയിലാണ് വി.ടി ബല്‍റാം നിസാരവത്ക്കരിക്കുന്നത്.

‘1)ഉചിതമായ സാഹചര്യങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ഇന്ത്യന്‍ ഭരണഘടനയില്‍ തന്നെ കൃത്യമായ വകുപ്പുകള്‍ ഉണ്ട്. എന്നാല്‍ കമ്മ്യൂണിസ്റ്റ് ഭരണങ്ങളില്‍ പാര്‍ട്ടിയുടെ ഭരണഘടന തന്നെയാണ് രാജ്യത്തിന്റെ ഭരണഘടനയും. പാര്‍ട്ടിക്ക് തോന്നുന്നത് ചെയ്യാം.

2) അടിയന്തരാവസ്ഥയില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് പരിമിതികള്‍ ഉണ്ടായിരുന്നു, എന്നാല്‍ കമ്മ്യൂണിസത്തില്‍ അഭിപ്രായ സ്വാതന്ത്ര്യമേയില്ല. കര്‍ശനമായ സ്റ്റേറ്റ് സര്‍വീലന്‍സാണ് ഇന്നും കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ ഉള്ളത്. ഭരണകൂട വിമര്‍ശനം കൊടിയ രാജ്യദ്രോഹമായിട്ടാണ് കണക്കാക്കപ്പെടുന്നത്.

3) അടിയന്തരാവസ്ഥയില്‍ മാധ്യമങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഉണ്ടായിരുന്നു, കമ്മ്യൂണിസത്തില്‍ മാധ്യമ സ്വാതന്ത്ര്യം പൂര്‍ണമായി വിലക്കപ്പെട്ടിരിക്കുന്നു. പാര്‍ട്ടിയുടെ ഔദ്യോഗിക മാധ്യമങ്ങളല്ലാതെ മറ്റ് സ്വതന്ത്ര മാധ്യമങ്ങള്‍ അനുവദിക്കപ്പെടില്ല.

4) അടിയന്തരാവസ്ഥയില്‍ ചില മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ കമ്മ്യൂണിസത്തില്‍ മനുഷ്യാവകാശം എന്ന ഒരു സങ്കല്‍പ്പം തന്നെയില്ല. ഇന്നും ലോകത്തേറ്റവും വലിയ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നത് അവശിഷ്ട കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലാണ്.

5) അടിയന്തരാവസ്ഥയില്‍ രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിച്ചിരുന്നില്ല, കമ്മ്യൂണിസത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കല്ലാതെ മറ്റൊരു പാര്‍ട്ടിക്കും പ്രവര്‍ത്തനാനുമതി ഇല്ല.

6) അടിയന്തരാവസ്ഥയില്‍ ഇതര രാഷ്ട്രീയ നേതാക്കളില്‍ ചിലരെ തടവിലിട്ടിരുന്നു. അവരില്‍ മിക്കവര്‍ക്കും രാഷ്ട്രീയത്തടവുകാര്‍ എന്ന നിലയിലുള്ള മാന്യമായ പരിഗണനയും ലഭിച്ചിരുന്നു. എന്നാല്‍ കമ്മ്യൂണിസ്റ്റ് ഭരണങ്ങളില്‍ രാഷ്ട്രീയ എതിരാളികളെ അതിക്രൂരമായ പീഡനങ്ങള്‍ക്കാണ് വിധേയരാക്കിയിരുന്നത്. സൈബീരിയയിലെ തണുത്തുറയുന്ന തടങ്കല്‍പ്പാളയങ്ങളില്‍ ലക്ഷക്കണക്കിന് മനുഷ്യരെയാണ് സ്റ്റാലിന്‍ പീഡിപ്പിച്ച് കൊന്നത്.

7) മൗലികാവകാശങ്ങള്‍ക്ക് നിയന്ത്രണമുണ്ടായിരുന്നുവെങ്കിലും ഇന്ത്യയില്‍ അടിയന്തരാവസ്ഥയിലും കോടതികള്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ കമ്മ്യൂണിസത്തില്‍ ഒരു കാലത്തും സ്വതന്ത്ര നീതിന്യായ സംവിധാനമില്ല. പാര്‍ട്ടി തന്നെയാണ് പൊലീസും കോടതിയും എല്ലാം.

8.) അടിയന്തരാവസ്ഥ വെറും 21 മാസത്തെ ഒരു താത്കാലിക പ്രതിഭാസമായിരുന്നു. എന്നാല്‍ കമ്മ്യൂണിസം ഒരു രാജ്യത്ത് അധികാരത്തില്‍ വന്നാല്‍ ആ രാജ്യം സമ്പൂര്‍ണമായി തകര്‍ന്ന് തരിപ്പണമാകുന്നത് വരെ തുടരും.

9) ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചവര്‍ തന്നെ മറ്റാരുടേയും കാര്യമായ സമ്മര്‍ദമില്ലാഞ്ഞിട്ടും ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ അത് പിന്‍വലിച്ച് സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടത്തി അതില്‍ പരാജയപ്പെട്ടപ്പോള്‍ മാന്യമായി അധികാരമൊഴിഞ്ഞു. എന്നാല്‍ കമ്മ്യൂണിസ്റ്റുകള്‍ ഒരിക്കലും സ്വമേധയാ അധികാരമൊഴിഞ്ഞ ചരിത്രമില്ല. ജനങ്ങള്‍ ആഭ്യന്തര കലാപം നടത്തിയാണ് എല്ലാ കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപതികളേയും പുറത്താക്കിയത്.

10) ഇന്ത്യയില്‍ അടിയന്തരാവസ്ഥക്ക് കാരണമായ രാഷ്ട്രീയ പാര്‍ട്ടിയെ ജനങ്ങള്‍ പരാജയപ്പെടുത്തിയെങ്കിലും വെറും മൂന്ന് വര്‍ഷത്തിനുള്ളില്‍ അതേ ജനങ്ങള്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക് തിരിച്ചുവിളിച്ചു. ലോകത്തൊരിടത്തും ഒരു കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ തിരിച്ച് അധികാരത്തിലേക്ക് വരാന്‍ അന്നാടുകളിലെ ജനങ്ങള്‍ ഇതുവരെ അനുവദിച്ചിട്ടില്ല,’ വി.ടി ബല്‍റാം കമ്മ്യൂണിസത്തെയും അടിയന്തരാവസ്ഥയെയും താരതമ്യം ചെയ്യുന്നത് ഈ പരാമര്‍ശങ്ങളിലൂടെയാണ്.

അതുകൊണ്ട് അടിയന്തരാവസ്ഥയെ ജനാധിപത്യവാദികള്‍ വിമര്‍ശിക്കട്ടെയെന്നും ആയിരം അടിയന്തരാവസ്ഥയേക്കാള്‍ കടുപ്പമേറിയ കമ്മ്യൂണിസം എന്ന സമഗ്രാധിപത്യ, മനുഷ്യവിരുദ്ധ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കള്‍ ഒന്നു രണ്ട് സ്റ്റെപ്പ് മാറിനിന്ന് മുതലക്കണ്ണീര്‍ ഒഴുക്കട്ടെയെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വി.ടി ബല്‍റാം പറയുന്നത്.

Content Highlight: Emergency was a temporary phenomenon of just 21 months; VT Balram justifies the Emergency

We use cookies to give you the best possible experience. Learn more