| Sunday, 22nd January 2017, 11:07 am

'ഷട്ടര്‍ തുറന്നാല്‍ ഞങ്ങളും അതോടൊപ്പം ഒഴുകും'; ഷട്ടര്‍ ഉയര്‍ത്താന്‍ എത്തിയ പോലീസിനെതിരെ ഏലൂരില്‍ പ്രതിഷേധവുമായി സമരക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പതാളം ബണ്ടിനു മുകളില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു. ബണ്ടിന്റെ ഷട്ടര്‍ ഉയര്‍ത്താന്‍ ജില്ലാ ഭരണകൂടം കനത്ത പോലീസ് സന്നാഹവുമായി ബണ്ടിലെത്തിയതാണ് സംഘര്‍ഷത്തിന് കാരണം.

ഏലൂര്‍ റഗുലേറ്റര്‍ കം ബ്രിഡ്ജിലാണ് സംഘര്‍ഷാവസ്ഥ തുടരുന്നത്. ബണ്ടിന് മുകളില്‍ ഉപ്പു കയറിയെന്ന് തെറ്റായ പ്രചരണം നടത്തി ബണ്ടിന്റെ ഷട്ടര്‍ ഉയര്‍ത്തുകയും കെട്ടിക്കിടക്കുന്ന വ്യവസായ മാലിന്യങ്ങള്‍ കൊച്ചിക്കായലിലേക്ക് ഒഴുക്കുകയുമാണ് ഭരണകൂടത്തിന്റെ ലക്ഷ്യമെന്ന്  പരിസ്ഥിതി പ്രവര്‍ത്തകരും സമീപവാസികളും ആരോപിക്കുന്നു.


കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പരിസ്ഥിതി പ്രവര്‍ത്തകര്‍ പുഴയില്‍ മുങ്ങിക്കിടന്നു കൊണ്ടാണ് സമരം നടത്തുന്നത്. ഷട്ടര്‍ തുറന്നാല്‍ തങ്ങളും അതോടൊപ്പം ഒഴുകും എന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

വരള്‍ച്ച അതിരൂക്ഷമായി കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കൊച്ചിയുടെ മുഖ്യ ജലസ്രോതസുകളിലൊന്നായ ബണ്ട് തുറക്കുന്നതും മാലിന്യങ്ങള്‍ കായലിലേക്ക് ഒഴുക്കുന്നതുമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. വ്യവസായ മാലിന്യങ്ങള്‍ മൂലം പുഴ രണ്ടാഴ്ച്ചയ്ക്കുള്ളില്‍ കറുത്തിരുണ്ടെന്നും ജനരോദനം ജില്ലാ കളക്ടറോ ഭരണാധികാരികളോ ഗൗനിക്കുന്നില്ലെന്നും സമരക്കാര്‍ ആരോപിച്ചു.

അതേസമയം, പുഴയില്‍ സ്ഥിരം ബണ്ട് പാലം പണിതത് ഉപ്പുവെള്ളം കയറുന്നത് തടയാനാണ്. എന്നാല്‍ ബണ്ടിന് മുകളില്‍ ഉപ്പുവെള്ളം കയറുന്നതിനാല്‍  ബി.പി.സി.എല്‍ പ്ലാന്റിലേക്ക് പെരിയാറിന്റെ ഇടമുള കൈവഴിയില്‍ നിന്നും വെള്ളമെടുക്കാന്‍ കഴിയുന്നില്ലെന്നും അതുകൊണ്ട് കെട്ടിനില്‍ക്കുന്ന വെള്ളം ഷട്ടര്‍ തുറന്നൊഴുക്കണം  എന്നും  ജില്ലാ ഭരണകൂടം പറയുന്നു.

എന്നാല്‍ ഉപ്പ് കയറി എന്നത് യഥാര്‍ത്ഥ്യമല്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പരിശോധനാ ഫലം വ്യക്തമാക്കുന്നതായാണ് പ്രതിഷേധക്കാര്‍ പറയുന്നത്. പരിശോധനാ ഫലം പ്രകാരം ബണ്ടില്‍ 120 മി.ലി/ലിറ്റര്‍ മുതല്‍ 130 മില്ലിഗ്രാം/ലിറ്റര്‍ വരെ ക്ലോറൈഡാണ് ഉള്ളത്. പെരിയാറിലെ പാതാളം പാലത്തിന് മുകളിലെ ഭാഗം ഇ ക്ലാസാണ്, അതിനാല്‍ 600 മി.ലി/ലിറ്റര്‍ വരെ അനുവദനീയമാണ്.

We use cookies to give you the best possible experience. Learn more