ന്യൂയോര്‍ക്: തന്റെ കമ്പനിയിലെ മുന്‍ ജീവനക്കാരനും ഗവേഷകനും വിസില്‍ ബ്ലോവറുമായ ഇന്ത്യന്‍ വംശജന്‍ സുചീര്‍ ബാലാജിയുടെ മരണം ആത്മഹത്യയാണെന്ന ഓപ്പണ്‍ എ.ഐ സി.ഇ.ഒ സാം ആള്‍ട്ട്മാന്റെ പ്രസ്താവനയ്‌ക്കെതിരെ ശതകോടീശ്വരനും ടെസ്‌ല സി.ഇ.ഒയുമായ എലോണ്‍ മസ്‌ക്.
എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലാണ് സുചീര്‍ ബാലാജിയുടെ മരണം ആത്മഹത്യയല്ല, കൊലപാതകമാണെന്ന് മസ്‌ക് പറഞ്ഞത്.
ബാലാജിയുടെ മരണം ആത്മഹത്യയാണെന്ന് സാം ആള്‍ട്ട്മാന്‍ പറയുന്ന വീഡിയോ പങ്കുവെച്ചായിരുന്നു മസ്‌കിന്റെ വിമര്‍ശനം. അവന്‍ കൊല്ലപ്പെട്ടത് തന്നെയാണ് എന്ന ക്യാപ്ഷനോടെയാണ് മസ്‌ക് വീഡിയോ പങ്കുവെച്ചത്.
ടക്കര്‍ കാള്‍മാനുമായി നടന്ന അഭിമുഖത്തിലാണ് സാം ആള്‍ട്ട്മാന്‍ സുചീര്‍ ബാലാജിയുടെ മരണത്തില്‍ പ്രതികരിച്ചത്. ബാലാജിയുടെ മരണത്തിന് മാസങ്ങള്‍ക്കിപ്പുറമാണ് അദ്ദേഹം ഇക്കാര്യത്തില്‍ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. സൂചീര്‍ ബാലാജി ആത്മഹത്യ ചെയ്തുവെന്നായിരുന്നു ആള്‍ട്ട്മാന്റെ വാദം.
അഭിമുഖത്തില്‍ ‘അയാള്‍ ശരിക്കും ആത്മഹത്യ ചെയ്തതാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ’ എന്ന കാള്‍സണിന്റെ ചോദ്യത്തോട്, ‘തീര്‍ച്ചയായും ഞാന്‍ അങ്ങനെ തന്നെ വിശ്വസിക്കുന്നു’ എന്നാണായിരുന്നു ഓപ്പണ്‍ എ.ഐ സി.ഇ.ഒയുടെ മറുപടി.
സുചീര്‍ ബാലാജി
‘അവന്‍ (സുചീര്‍ ബാലാജി) എന്റെ സുഹൃത്തിനെ പോലെയായിരുന്നു. എന്റെ അടുത്ത സുഹൃത്താണോ എന്ന് ചോദിച്ചാല്‍ ഏറെ കാലമായി അവന്‍ ഓപ്പണ്‍ എ.ഐയില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു.
അവന്റെ മരണവാര്‍ത്തയറിഞ്ഞ് ഞാന്‍ ഞെട്ടിപ്പോയിരുന്നു. അതേക്കുറിച്ച് ലഭ്യമായ എല്ലാ വിവരങ്ങളും നിങ്ങളെ പോലെ തന്നെ ഞാനും പരിശോധിച്ചു. അതൊരു ആത്മഹത്യയാണെന്നാണ് എനിക്ക് തോന്നുന്നത്,’ ആള്‍ട്ട്മാന്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സുചീര്‍ ബാലാജിയെ സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഫ്‌ളാറ്റില്‍ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ‘പ്രാഥമിക പരിശോധനയില്‍ സംശയം തോന്നും വിധത്തിലുള്ള ഒന്നും തന്നെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല’ എന്നാണ് പൊലീസ് റിപ്പോര്‍ട്ട്. സാന്‍ ഫ്രാന്‍സിസ്‌കോ ചീഫ് മെഡിക്കല്‍ എക്‌സാമിനറും ഇത് ആത്മഹത്യയാണെന്ന് വിധിച്ചിരുന്നു.
എന്നാല്‍ ടക്കര്‍ ഇത് അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല.
‘എന്തുകൊണ്ടാണ് സി.സി.ടി.വിയുടെ വയറുകള്‍ മുറിച്ച നിലയില്‍ കാണപ്പെട്ടത്? സ്വയം വെടിയുതിര്‍ത്ത് മരിക്കുകയാണെങ്കില്‍ രണ്ട് മുറികളില്‍ എങ്ങനെ ചോരപ്പാടുകള്‍ വന്നു. ആ മുറിയില്‍ അവന്റേതല്ലാത്ത വിഗ് എങ്ങനെ വന്നു?’ തുടങ്ങിയ ചോദ്യങ്ങള്‍ ടക്കര്‍ ചോദിച്ചെങ്കിലും ഇപ്പോള്‍ പുറത്തുവന്നന സൂചനകളെല്ലാം തന്നെ ആത്മഹത്യയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് ആള്‍ട്ട്മാന്‍ ആവര്‍ത്തിച്ചു.
Content Highlight: Elon Musk denies Sam Altman’s claim that Suchir Balaji committed suicide