| Sunday, 15th November 2026, 12:53 pm

ടെൻഡറില്ലാതെ ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങി; സർക്കാരിനെതിരെ വിമർശനവുമായി പിണറായി വിജയൻ

ശ്രീലക്ഷ്മി പി.പി

തിരുവനന്തപുരം: വി.ഇ.എച്ച്. ഗ്ലോബൽ എന്ന കമ്പനിയിൽ നിന്ന് ടെൻഡറോ റെഗുലേറ്ററി കമ്മീഷന്റെ അനുമതിയോ കൂടാതെ ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങിയതിൽ യു.ഡി.എഫ് സർക്കാർ വലിയ അഴിമതി നടത്തിയതായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്.

യൂണിറ്റിന് 11 രൂപ നിരക്കിൽ 200 മെഗാവാട്ട് വൈദ്യുതി വാങ്ങാനാണ് സർക്കാർ കരാർ ഒപ്പിട്ടിരിക്കുന്നത്. കാറ്റിൽ നിന്നുള്ള വൈദ്യുതിക്ക് യൂണിറ്റിന് മൂന്ന് മുതൽ നാല് രൂപ വരെ മാത്രം വിലയുള്ളപ്പോഴാണ് 11 രൂപയ്ക്ക് കരാറുണ്ടാക്കി സംസ്ഥാന ഖജനാവിന് വലിയ നഷ്ടമുണ്ടാക്കിയിരിക്കുന്നതെന്ന് പിണറായി വിജയൻ വിമർശിച്ചു.

നവംബർ 10-ലെ പ്രസ്താവനയിൽ ഈ വിഷയം ചൂണ്ടിക്കാണിച്ചിരുന്നതായും, ഇതിന്റെ കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

വൈദ്യുതി നിയമത്തിലെ സെക്ഷൻ 62, 63 എന്നിവ പ്രകാരം റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ച രീതിയിലോ മത്സരാധിഷ്ഠിത ടെൻഡറിലൂടെയോ മാത്രമേ വൈദ്യുതി വാങ്ങൽ വില നിർണയിക്കാവൂ എന്നിരിക്കെ, വെറും ഓഫറുകളുടെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനമെടുത്തതെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു.

സെപ്റ്റംബർ 22-നാണ് പീക്ക് സമയത്ത് വൈദ്യുതി നൽകണമെന്ന വി.ഇ.എച്ചിന്റെ ഓഫർ സർക്കാർ അംഗീകരിച്ചത്. എന്നാൽ, വി.ഇ.എച്ചിന് ടെൻഡറിൽ പങ്കെടുക്കാൻ യോഗ്യതയില്ലെന്ന് ഇതേ ഉത്തരവിൽ തന്നെ പറയുന്നുണ്ടെന്നും, യോഗ്യതയില്ലാത്ത ഒരു കമ്പനിക്ക് കരാർ നൽകിയത് ആരുടെ താത്പ്പര്യപ്രകാരമാണെന്നും അദ്ദേഹം ചോദിച്ചു.

ഈ നടപടിക്ക് റെഗുലേറ്ററി കമ്മീഷൻ ഇതുവരെ അംഗീകാരം നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജി.എൻ.എ കരാറിലെ അഴിമതിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ‘കരാറിൽ ഒപ്പിട്ടില്ലല്ലോ’ എന്ന മറുപടി നൽകി ഒഴിഞ്ഞുമാറിയ മുഖ്യമന്ത്രിക്ക് ഈ വിഷയത്തിൽ അങ്ങനെ പറയാനാകില്ലെന്ന് പിണറായി വിജയൻ പറഞ്ഞു.

ഒപ്പിട്ട ഈ കരാറിനെക്കുറിച്ച് ജനങ്ങളോട് വ്യക്തമായ മറുപടി പറയാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Content Highlight: Electricity purchased at high rates without a tender; Pinarayi Vijayan criticizes the government.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more