| Wednesday, 11th November 2026, 3:50 pm

വൈദ്യുതി കരാർ വിവാദം: മുൻ നിലപാടിൽ നിന്ന് മുഖ്യമന്ത്രി മലക്കം മറിയുന്നുവെന്ന് പി. രാജീവ്

ശ്രീലക്ഷ്മി പി.പി

തിരുവനന്തപുരം: വൈദ്യുതി വാങ്ങലുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ നുണകൾ വളരെ തന്മയത്വത്തോടെയും വിശ്വസനീയമായും അവതരിപ്പിക്കാൻ നോക്കുകയാണെന്നും എന്നാൽ അതിൽ അദ്ദേഹം പരാജയപ്പെട്ടെന്നും മുൻ വ്യവസായ മന്ത്രി പി. രാജീവ് വിമർശിച്ചു.

പ്രതിപക്ഷ നേതാവ് പറഞ്ഞത് വസ്തുതാവിരുദ്ധമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്ന മുഖ്യമന്ത്രി, യഥാർത്ഥത്തിൽ കഴിഞ്ഞ ദിവസം താൻ തന്നെ വാർത്താസമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങളിൽ നിന്ന് കടകവിരുദ്ധമായ നിലപാടാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വാർത്താസമ്മേളനത്തിൽ വൈദ്യുതി വാങ്ങാനുള്ള ഫയൽ തന്റെ പക്കൽ വന്നുവെന്നും ജി.എൻ.എയിൽ നിന്ന് വൈദ്യുതി വാങ്ങാൻ താൻ തീരുമാനമെടുത്തു, തങ്ങൾ അതിന് അംഗീകാരം നൽകി എന്നും മുഖ്യമന്ത്രി വ്യക്തമായ ഭാഷയിൽ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ കെ.എസ്.ഇ.ബി അത്തരമൊരു കരാറിലും ഒപ്പുവെച്ചിട്ടില്ലെന്ന് പറഞ്ഞ് അദ്ദേഹം മലക്കം മറിയുകയാണെന്ന് രാജീവ് വിമർശിച്ചു.

‘മുഖ്യമന്ത്രി തീരുമാനമെടുത്തിട്ടും കരാർ വെച്ചില്ലെന്ന് പറയുമ്പോൾ കേരളത്തിൽ മുഖ്യമന്ത്രിക്ക് മുകളിലാണോ കെ.എസ്.ഇ.ബി ബോർഡ് എന്ന് വ്യക്തമാക്കണം. ഭരണഘടനാ പദവിയിലിരുന്ന് ഇത്തരത്തിൽ കല്ലുവെച്ചാൽ മുളയ്ക്കാത്ത നുണകൾ ചിരിച്ചുകൊണ്ട് അവതരിപ്പിക്കുന്നത് ഒരു മുഖ്യമന്ത്രിക്കും ചേർന്നതല്ല’ അദ്ദേഹം പറഞ്ഞു.

‘സാധാരണ നിലയിൽ കെ.എസ്.ഇ.ബി വൈദ്യുതി വാങ്ങുന്നത് ചട്ടപ്രകാരമുള്ള ടെൻഡർ വഴിയാണ്. അങ്ങനെയെങ്കിൽ മുഖ്യമന്ത്രിയോ വകുപ്പ് മന്ത്രിയോ പോലും ആ ഫയൽ കാണേണ്ട ആവശ്യമില്ല. റെഗുലേറ്ററി കമ്മീഷനാണ് അതിന് നിയമപരമായി അംഗീകാരം നൽകേണ്ടത്. എന്നാൽ ഈ ഫയൽ എങ്ങനെയാണ് മുഖ്യമന്ത്രിയുടെ മുന്നിലെത്തിയത്? ലൈസൻസില്ലാത്ത ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ നിന്ന് ഇത്തരത്തിൽ വൈദ്യുതി വാങ്ങാമോ എന്ന് വ്യക്തമാക്കേണ്ട നിയമ വകുപ്പിലേക്ക് ഈ ഫയൽ അയച്ചിട്ടില്ല. സംസ്ഥാനത്തിന് പുതിയ സാമ്പത്തിക ബാധ്യത ഉണ്ടാകുമോ എന്ന് പരിശോധിക്കേണ്ട ധനകാര്യ വകുപ്പിലേക്കും അയച്ചില്ല. നിലവിലുള്ള നിയമങ്ങളെയും ചട്ടങ്ങളെയും മറികടന്ന് ഇത്തരം തീരുമാനങ്ങൾ എടുക്കുമ്പോൾ മന്ത്രിസഭയുടെ അംഗീകാരം വേണം, അതും ഉണ്ടായിട്ടില്ല. ചട്ടവിരുദ്ധമായി അസാധാരണ തിടുക്കത്തോടെ വൈദ്യുതി വാങ്ങാൻ തീരുമാനം എടുത്തത് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടതുകൊണ്ടാണ്’ രാജീവ് വ്യക്തമാക്കി.

ഞങ്ങൾ തീരുമാനം എടുത്ത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതിലെ ‘ഞങ്ങൾ’ ആരെല്ലാമാണെന്ന ചോദ്യവും ഉയരുന്നുണ്ട്. താൻ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്ന് സാക്ഷാൽ വൈദ്യുതി മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കെ.എസ്.ഇ.ബി ബോർഡും ഇതറിഞ്ഞിട്ടില്ല. എങ്കിൽ മന്ത്രിസഭയോ വകുപ്പ് മന്ത്രിയോ കെ.എസ്.ഇ.ബിയോ ഇല്ലാത്ത, മുഖ്യമന്ത്രി ഉൾപ്പെട്ട ഏത് പ്രത്യേക ഗ്രൂപ്പാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്ന് വ്യക്തമാക്കണം. ആ പ്രകടമായ അഴിമതി കയ്യോടെ പിടിക്കപ്പെട്ടപ്പോഴാണ് ഇപ്പോൾ പിന്നോട്ട് പോകാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു.

ദീർഘകാല കരാറുകളെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങളും പൂർണമായും വസ്തുതാവിരുദ്ധമാണ്. കഴിഞ്ഞ സർക്കാരിന് യാതൊരു ദീർഘവീക്ഷണവും ഇല്ലായിരുന്നുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ 2122 മെഗാവാട്ടിന്റെ 12 ദീർഘകാല കരാറുകൾ (11 എണ്ണം 25 വർഷത്തെയും ഒരെണ്ണം 5 വർഷത്തെയും) നിലവിലുണ്ട്. റെഗുലേറ്ററി കമ്മീഷന്റെ ആ 12 ഉത്തരവുകൾ പരിശോധിച്ചാൽ ഇതിൽ ഒരൊറ്റ പുരപ്പുറ സൗരോർജ്ജ കരാറും ഇല്ലെന്ന് വ്യക്തമാകുമെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് നെറ്റ് മീറ്ററിംഗ് വഴി വീടുകളിൽ സ്ഥാപിച്ചിട്ടുള്ള പുരപ്പുറ സോളാർ പദ്ധതികളെ ദീർഘകാല കരാറുകളുമായി കൂട്ടിക്കുഴച്ച് മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. കേരളത്തിൽ 10 വർഷത്തിനിടെ 2400 മെഗാവാട്ടിലധികം പുരപ്പുറ സൗരോർജ്ജം ഉൽപ്പാദിപ്പിച്ചതിന് കേന്ദ്ര സർക്കാരിന്റെ അംഗീകാരം ലഭിച്ചതാണ്. ആ 2400 മെഗാവാട്ട് പുരപ്പുറ സോളാറും, 2122 മെഗാവാട്ടിന്റെ ദീർഘകാല കരാറുകളും രണ്ടാണെന്ന പ്രാഥമിക വിവരം പോലും മുഖ്യമന്ത്രിക്ക് എഴുതിക്കൊടുക്കുന്നവർക്കില്ലേ എന്നും പി. രാജീവ് ചോദിച്ചു.

റെഗുലേഷൻ 78(3) അനുസരിച്ച് ഷോർട്ട് ടേം ടെൻഡർ, ബാങ്കിംഗ്, പവർ എക്സ്ചേഞ്ച് എന്നിവ വഴി വൈദ്യുതി കണ്ടെത്താൻ കെ.എസ്.ഇ.ബിക്ക് അധികാരമുണ്ട്. പവർ എക്സ്ചേഞ്ചുകളിൽ ഒന്നേകാൽ ലക്ഷത്തോളം മെഗാവാട്ട് വൈദ്യുതി ലഭ്യമാണ്. സ്റ്റോറേജ് പ്രശ്നം പരിഹരിക്കുന്നതിനായി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മണിക്കൂറിൽ 1500 മെഗാവാട്ട് സംഭരിക്കാനുള്ള കരാർ 18 മാസത്തെ കാലാവധിയിൽ നൽകിയിരുന്നതാണ് രാജീവ് ഓർമിപ്പിച്ചു.

ഇതെല്ലാം മറച്ചുവെച്ച് കൃത്രിമ വൈദ്യുതി പ്രതിസന്ധി സൃഷ്ടിച്ച് ക്രമക്കേട് നടത്താനാണ് സർക്കാർ ശ്രമിച്ചത്. പ്രതിപക്ഷ നേതാവ് തുടക്കം മുതൽ പറഞ്ഞതും ഈ കൃത്രിമ പ്രതിസന്ധിയെക്കുറിച്ചാണ്. ഈ ഇടപാടിലെ അഴിമതി വ്യക്തമായിട്ടും ആവശ്യമായ രേഖകൾ പുറത്തുവിടാനോ ജുഡീഷ്യൽ അന്വേഷണം നടത്താനോ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്നും മുൻ മന്ത്രി പി. രാജീവ് പറഞ്ഞു.

Content Highlight:Electricity contract controversy: P. Rajeev says the Chief Minister is making a U-turn from his previous stance.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more