| Sunday, 29th November 2026, 1:54 pm

20 വര്‍ഷത്തിന് ശേഷം ഫലസ്തീനില്‍ വോട്ടെടുപ്പ്? സമ്മര്‍ദ്ദവുമായി എട്ട് രാജ്യങ്ങള്‍

നിഷാന. വി.വി

ലണ്ടന്‍: ഫലസ്തീന്‍ അതോറിറ്റിയില്‍ ജനാധിപത്യ പ്രക്രിയ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എട്ട് പ്രമുഖ പാശ്ചാത്യ രാജ്യങ്ങള്‍ രംഗത്ത്. 2026 നവംബര്‍ 28 ശനിയാഴ്ച ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട സംയുക്ത പ്രസ്താവനയിലാണ് ഓസ്ട്രേലിയ, ബെല്‍ജിയം, കാനഡ, ഫ്രാന്‍സ്, ലക്‌സംബര്‍ഗ്, നോര്‍വേ, പോളണ്ട്, യുണൈറ്റഡ് കിംഗ്ഡം എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ ഈ ആവശ്യം ഉന്നയിച്ചത്.

നേരത്തെ നിശ്ചയിച്ചിരുന്ന പ്രകാരം 2026 നവംബര്‍ 28 ശനിയാഴ്ചയായിരുന്നു ഫലസ്തീനില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. എന്നാല്‍, കഴിഞ്ഞ മാസം പുറപ്പെടുവിച്ച ഉത്തരവിലൂടെ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് ഈ തെരഞ്ഞെടുപ്പും 2027 ആദ്യം നടക്കേണ്ടിയിരുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പും 2027 സെപ്റ്റംബര്‍ 11-ലേക്ക് മാറ്റിവെച്ചിരുന്നു.

‘ഫലസ്തീന്‍ ജനത തങ്ങളുടെ ജനാധിപത്യ അവകാശം വിനിയോഗിക്കേണ്ടിയിരുന്ന ഈ ദിവസം, തെരഞ്ഞെടുപ്പ് മാറ്റിവെച്ചതിലുള്ള ഞങ്ങളുടെ കടുത്ത നിരാശ വീണ്ടും രേഖപ്പെടുത്തുന്നു,’ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

വെസ്റ്റ് ബാങ്ക്, കിഴക്കന്‍ ജറുസലേം, ഗസ എന്നിവിടങ്ങളിലെ സുരക്ഷാ സാഹചര്യങ്ങളും, തെരഞ്ഞെടുപ്പ് സാമഗ്രികളും അന്താരാഷ്ട്ര നിരീക്ഷകരും ഗസയിലേക്ക് പ്രവേശിക്കുന്നത് ഇസ്രഈല്‍ തടയുന്നതുമാണ് തെരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ കാരണമായി അബ്ബാസ് ചൂണ്ടിക്കാട്ടിയത്.

എന്നാല്‍, കഴിഞ്ഞ മാസം സ്വന്തം രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടത്തിയ ഇസ്രഈല്‍ ഈ ആരോപണങ്ങള്‍ തള്ളിക്കളയുകയും ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ വിസമ്മതിക്കുകയും ചെയ്തു.

ഫലസ്തീനില്‍ അവസാനമായി ദേശീയ തെരഞ്ഞെടുപ്പ് നടന്നിട്ട് 20 വര്‍ഷമായെന്നും, 2021-ല്‍ നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് മാറ്റിവെച്ചിട്ട് അഞ്ച് വര്‍ഷമായെന്നും യെനി സഫാക് റിപ്പോര്‍ട്ട് ചെയ്യുന്നു.

തെരഞ്ഞെടുപ്പ് വൈകുന്നത് ബാലറ്റ് പെട്ടിയിലൂടെ തങ്ങളുടെ പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ അവകാശത്തെ നിഷേധിക്കുന്നതാണെന്നും, ഫലസ്തീന്‍ സ്ഥാപനങ്ങള്‍ക്ക് ജനങ്ങളുടെ അംഗീകാരം ലഭിക്കാന്‍ തെരഞ്ഞെടുപ്പ് അനിവാര്യമാണെന്നും പ്രസ്താവന വ്യക്തമാക്കുന്നു.

ഫലസ്തീന്‍ അതോറിറ്റിക്കുള്ള തങ്ങളുടെ തുടര്‍പിന്തുണയും സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള സഹായങ്ങളും ജനാധിപത്യ പരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ടിരിക്കുമെന്ന് എട്ട് രാജ്യങ്ങളും മുന്നറിയിപ്പ് നല്‍കി. ഗസയിലേക്ക് ഫലസ്തീന്‍ അതോറിറ്റി മടങ്ങിവരാനും അവിടെ ഭരണം പുനസ്ഥാപിക്കാനും ശ്രമിക്കുന്ന സാഹചര്യത്തില്‍ ജനാധിപത്യപരമായ പുനരുജ്ജീവനം അനിവാര്യമാണ്. ദ്വിരാഷ്ട്ര പരിഹാരം സംരക്ഷിക്കുന്നതിന് ഇത് അത്യന്താപേക്ഷിതമാണെന്നും മന്ത്രിമാര്‍ ചൂണ്ടിക്കാട്ടി.

ന്യൂയോര്‍ക്ക് പ്രഖ്യാപനത്തിലെ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ഫലസ്തീന്‍ അതോറിറ്റി തയ്യാറാകണമെന്നും, അധിനിവേശ പ്രദേശങ്ങളിലുടനീളം തെരഞ്ഞെടുപ്പ് നടത്താന്‍ എല്ലാ കക്ഷികളും സഹകരിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷന് സാമ്പത്തിക സഹായം നല്‍കുന്നതിനൊപ്പം, യൂറോപ്യന്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് നിരീക്ഷക സംഘത്തെ അയക്കുന്നതുള്‍പ്പെടെയുള്ള എല്ലാ സഹായങ്ങളും നല്‍കാമെന്ന് എട്ട് രാജ്യങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഫലസ്തീനില്‍ 2005-ലാണ് അവസാനമായി പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. നാല് വര്‍ഷത്തെ കാലാവധി 2009-ല്‍ അവസാനിച്ചെങ്കിലും, 90-കാരനായ മഹ്‌മൂദ് അബ്ബാസ് ഇപ്പോഴും പ്രസിഡന്റ് ഉത്തരവുകളിലൂടെയാണ് ഭരണം നടത്തുന്നത്. 2006-ല്‍ നടന്ന അവസാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹമാസ് വിജയിക്കുകയും തുടര്‍ന്ന് ഗസയില്‍ ഭരണം പിടിച്ചെടുക്കുകയും ചെയ്തതോടെ അബ്ബാസിന്റെ ഫതഹ് പാര്‍ട്ടിയുമായുള്ള ഭിന്നത രൂക്ഷമായിരുന്നു.

2025 സെപ്റ്റംബറില്‍ ഫ്രാന്‍സ് ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചതിന്റെ ഭാഗമായി, നിയമസഭാ-പ്രസിഡന്റ് തെരഞ്ഞെടുപ്പുകള്‍ നടത്തുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും അബ്ബാസ് രേഖാമൂലം ഉറപ്പ് നല്‍കിയിരുന്നു.

കഴിഞ്ഞ മാസം അബ്ബാസ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചപ്പോള്‍ തന്നെ യൂറോപ്യന്‍ യൂണിയന്‍ വിദേശനയ മേധാവി കാജ കല്ലാസ്ഇതില്‍ നിരാശ രേഖപ്പെടുത്തിയിരുന്നു. പലസ്തീന്‍ പ്രദേശങ്ങളില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ ‘വളരെയധികം വൈകിയിരിക്കുന്നു’ എന്നാണ് അവര്‍ പ്രതികരിച്ചത്.

Content Highlight: Elections in Palestine after 20 years? Eight countries exert pressure

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more