| Saturday, 7th March 2026, 11:31 am

ജെന്‍സി കലാപത്തിന് പിന്നാലെയുള്ള തെരഞ്ഞെടുപ്പ്; നേപ്പാളില്‍ രാഷ്ട്രീയ സ്വതന്ത്ര പാര്‍ട്ടി മുന്നില്‍

നിഷാന. വി.വി

കാഠ്മണ്ഡു: സര്‍ക്കാര്‍ വിരുദ്ധ കലാപത്തിന് പിന്നാലെ നടന്ന ആദ്യ പൊതുതെരഞ്ഞടുപ്പില്‍ മുന്‍ റാപ്പറും കാഠ്മണ്ഡു മുന്‍ മേയറുമായ ബാലേന്ദ്ര ഷായുടെ രാഷ്ട്ര സ്വതന്ത്ര പാര്‍ട്ടി (ആര്‍.എസ്.പി) വന്‍ ഭൂരിപക്ഷത്തിലേക്ക്.

പുറത്ത് വരുന്ന ഏറ്റവും പുതിയ കണക്കനുസരിച്ച് 165 സീറ്റുകളില്‍ 98 സീറ്റുകളിലും ആര്‍.സി.പിയാണ് മുന്നേറുന്നത്.

നേപ്പാളി കോണ്‍ഗ്രസ്, സി.പി.എന്‍.യു.എം.എല്‍ തുടങ്ങിയ പ്രമുഖ പാര്‍ട്ടികള്‍ വലിയ തിരിച്ചടിയാണ് നേരിടുന്നത്. നിലവില്‍ നേപ്പാളി കോണ്‍ഗ്രസ് വെറും നാല് സീറ്റുകളില്‍ മാത്രമാണ് വിജയിച്ചിട്ടുള്ളത്.

39,284 വോട്ടുകള്‍ക്കാണ് ബാലേന്ദ്ര ഷാ മുന്നേറുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാളിന്റെ നേതാവും മുന്‍ പ്രധാനമന്ത്രിയുമായ കെ.പി ശര്‍മ ഒലി 10,293, ശ്രാം സംസ്‌കൃതി പാര്‍ട്ടിയുടെ സമീര്‍ തമാങ്ങിന് 6,324 വോട്ടുകളാണ് നിലവില്‍ ലഭിച്ചിരിക്കുന്നത്

നാല് തവണ പ്രധാനമന്ത്രിയായ കെ.പി ശര്‍മ ഒലിയുടെ എതിര്‍ സ്ഥാനാര്‍ത്ഥിയാണ് ബാലേന്ദ്ര ഷാ.
165 സീറ്റുകളിലേക്കായി 3400 സ്ഥാനാര്‍ത്ഥികളായിരുന്നു മത്സരിച്ചത്. ഒരു പാര്‍ട്ടിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കുറഞ്ഞത് 138 സീറ്റെങ്കിലും ആവശ്യമാണ്.

മാര്‍ച്ച് ഒമ്പതോടെ ഔദ്യോഗിക വോട്ടെണ്ണല്‍ ഫലം പുറത്ത് വരുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്.

തെരഞ്ഞെടുക്കുന്ന സര്‍ക്കാരുമായി ഇന്ത്യ നയതന്ത്ര ബന്ധം ദൃഢമാക്കുമെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ് വാള്‍ പറഞ്ഞിരുന്നു.

2025ല്‍ യുവാക്കളുടെ നേതൃത്വത്തില്‍ നടന്ന വലിയ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ഈ തെരഞ്ഞെടുപ്പ് നടന്നത്.

ദശകങ്ങളായി രാജ്യം ഭരിക്കുന്ന പ്രധാന പാര്‍ട്ടികളുടെ അഴിമതിയിലും സാമ്പത്തിക തകര്‍ച്ചയിലും യുവാക്കള്‍ അസംതൃപ്തരായിരുന്നു.

ഉയര്‍ന്ന വിദ്യാഭ്യാസമുള്ള യുവാക്കള്‍ക്ക് ജോലി ലഭിക്കാത്തതും വിദേശത്തേക്ക് കുടിയേറാന്‍ നിര്‍ബന്ധിതരാവുന്നതും വലിയ രോഷത്തിന് കാരണമാവുകയും ചെയ്തു.

സോഷ്യല്‍ മീഡിയ ഹാഷ് ടാഗ് വഴിയും തെരുവ് പ്രക്ഷോഭങ്ങള്‍ വഴിയുമെല്ലാമാണ് ജെന്‍ സി കലാപം അരങ്ങേറിയത്.

Content Highlight: Elections after Jhensi riots; Political Independent Party ahead in Nepal

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more