| Saturday, 2nd August 2025, 4:08 pm

ബി.ജെ.പിക്ക് വേണ്ടി ക്രമക്കേട് നടത്തിയത് 80 സീറ്റുകളില്‍; മോദി രാജ്യം ഭരിക്കില്ലായിരുന്നു: രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗുരുതര അട്ടിമറി നടന്നെന്ന വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

10-15 സീറ്റുകളില്‍ കൃത്രിമം നടത്തിയിരുന്നെങ്കില്‍ പോലും പ്രധാനമന്ത്രിക്ക് നേരിയ ഭൂരിപക്ഷമേ ലഭിക്കുമായിരുന്നെന്നും എന്നാല്‍ 80 സീറ്റുകളില്‍ വരെ കൃത്രിമം നടന്നതായി സംശയിക്കുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ദല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസിന്റെ വാര്‍ഷിക നിയമസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി രാഹുല്‍ ഗാന്ധി അട്ടിമറി ആരോപണം ഉന്നയിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ ഒരു ആറ്റം ബോംബ് തന്റെ കൈയിലുണ്ടെന്ന് ഇന്നലെ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

രാജ്യത്ത് തെരഞ്ഞെടുപ്പ് സംവിധാനം ഇതിനകം തന്നെ മരിച്ചു കഴിഞ്ഞെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ കസേരയില്‍ നേരിയ ഭൂരിപക്ഷത്തോടെ ഇരിക്കുകയാണെന്നും രാഹുല്‍ വ്യക്തമാക്കി.

‘ഞങ്ങളുടെ കയ്യില്‍ വളരെ ഗൗരവമുള്ള ചില ഡാറ്റകളുണ്ട്. അത് പുറത്തുവിടുമ്പോള്‍ തെരഞ്ഞെടുപ്പ് സംവിധാനം അക്ഷരാര്‍ത്ഥത്തില്‍ ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകേണ്ടി വരും. ഒരു ആറ്റം ബോംബ് പോലെയാണ് അത്.

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് സമ്പ്രദായം ഇതിനകം തന്നെ മരിച്ചു എന്നതാണ് സത്യം. നിങ്ങള്‍ ദയവായി ഒരു കാര്യം മനസിലാക്കുക. ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് വളരെ നേരിയ ഭൂരിപക്ഷമേയുള്ളൂ.

10 മുതല്‍ 15 വരെയുള്ള സീറ്റുകളില്‍ കൃത്രിമം നടന്നിരുന്നെങ്കില്‍ പോലും പ്രധാനമന്ത്രിക്ക് നേരിയ ഭൂരിപക്ഷമേ ലഭിക്കുമായിരുന്നുള്ളൂ. അദ്ദേഹം ആ കസേരിയില്‍ ഇരിക്കുമായിരുന്നില്ല. എന്നാല്‍ 70 മുതല്‍ 80 വരെ അല്ലെങ്കില്‍ നൂറ് സീറ്റുകളില്‍ വരെ കൃത്രിമം നടന്നതായി ഞങ്ങള്‍ സംശിക്കുന്നുണ്ട്.

ഒരു ലോക്സഭാ തെഞ്ഞെടുപ്പില്‍ എങ്ങനെയാണ് അവര്‍ കൃത്രിമം കാണിച്ചത് എന്ന് വരും ദിവങ്ങളില്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് തെളിയിച്ചു തരാം.

ഭരണഘടനയെ സംരക്ഷിക്കുകയും അതിനെ പ്രതിരോധിക്കുകയും ചെയ്യേണ്ട ഒരു സ്ഥാപനം ഇന്ന് ഇല്ലാതാക്കപ്പെട്ടു. അതിന്റെ ഏറ്റവും വലിയ തെളിവാണ് ഇത്,’ രാഹുല്‍ പറഞ്ഞു.

തന്റെ കൈവശം നേരത്തെ തെളിവുകളില്ലായിരുന്നെന്നും അതുകൊണ്ടാണ് പൊതുജനത്തിന് മുന്‍പില്‍ ഇത് പറയാന്‍ കഴിയാതിരുന്നതെന്നും രാഹുല്‍ പറഞ്ഞു.

‘പക്ഷേ, ഇപ്പോള്‍ ഞാന്‍ ആത്മവിശ്വാസത്തോടെയാണ് ഈ പ്രസ്താവന നടത്തുന്നത്, കാരണം എന്റെ കൈവശം 100 ശതമാനം തെളിവുണ്ട്. അത് കാണിച്ചുതന്നവര്‍ കസേരയില്‍ നിന്ന് വീണു.

രാജ്യത്ത് നടക്കുന്ന പല തെരഞ്ഞെടുപ്പുകളിലും എന്തോ കുഴപ്പം സംഭവിക്കുന്നുണ്ടെന്ന് എനിക്ക് നേരത്തെ തോന്നിയിരുന്നു. 2014 മുതല്‍ തന്നെ, എന്തോ കുഴപ്പമുണ്ടെന്ന് എനിക്ക് സംശയമുണ്ടായിരുന്നു, പലപ്പോഴും കോണ്‍ഗ്രസിന് സീറ്റുകള്‍ കൂടുന്നില്ല.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ച് എനിക്ക് സംശയമുണ്ടായിരുന്നു. മികച്ച വിജയങ്ങള്‍ നേടാനുള്ള എല്ലാ സാധ്യതകള്‍ ഉണ്ടായിട്ടും അത് സംഭവിക്കാത്തതുപോലെ തോന്നി.

രാജസ്ഥാനില്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും ലഭിക്കുന്നില്ല, മധ്യപ്രദേശില്‍ ഒരു സീറ്റ് പോലും ലഭിക്കുന്നില്ല, ഗുജറാത്തില്‍ ഒരു സീറ്റ് പോലും ലഭിക്കുന്നില്ല. ഇത് ശരിക്കും എന്നെ അത്ഭുതപ്പെടുത്തിയിരുന്നു.

ഞങ്ങള്‍ ഇക്കാര്യം പറയുമ്പോഴെല്ലാം ആളുകള്‍ തെളിവ് ചോദിക്കും. മഹാരാഷ്ട്ര ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഞങ്ങള്‍ നാല് മാസത്തിന് ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടച്ചുനീക്കപ്പെട്ടു.

മൂന്ന് ശക്തമായ പാര്‍ട്ടികള്‍ പെട്ടെന്ന് അപ്രത്യക്ഷമായി. ഇതോടെ തെരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്ന കാര്യം ഉറപ്പായി.
മഹാരാഷ്ട്രയില്‍ ഞങ്ങള്‍ അത് കണ്ടെത്തി.

ലോക്‌സഭാ നിയസഭാ തെരഞ്ഞെടുപ്പുകള്‍ക്കിടയില്‍ ഒരു കോടിയോളം പുതിയ വോട്ടര്‍മാര്‍ പ്രത്യക്ഷപ്പെടുന്നു. ആ വോട്ടുകളില്‍ ഭൂരിഭാഗവും ബി.ജെ.പിയിലേക്ക് പോകുന്നു. ഇപ്പോള്‍ ഞാന്‍ സംശയമില്ലാതെ പറയുന്നു ഈ വഞ്ചനയ്ക്ക് ഞങ്ങളുടെ പക്കല്‍ തെളിവുണ്ട്,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

Content Highlight: Election system ‘already dead’ in country; 2024 LS poll was ‘rigged’: Rahul Gandhi

We use cookies to give you the best possible experience. Learn more