| Saturday, 14th June 2025, 1:55 pm

യു.ഡി.എഫ് നേതാക്കളുടേത് മാത്രമല്ല, നിലമ്പൂരില്‍ മന്ത്രിമാരുള്‍പ്പടെയുള്ള ഇടതുനേതാക്കളുടെ വാഹനങ്ങളും പരിശോധിച്ചു; ദൃശ്യങ്ങള്‍ പുറത്ത്‌

ഡൂള്‍ന്യൂസ് ഡെസ്‌ക്

വഴിക്കടവ്: നിലമ്പൂരില്‍ കെ. രാധാകൃഷ്ണന്‍ എം.പിയുടെയും സംസ്ഥാന കായികമന്ത്രി അബ്ദുറഹിമാന്റെയും വാഹനങ്ങള്‍ പരിശോധിച്ച് തെരഞ്ഞെടുപ്പ് സ്‌ക്വാഡ്. വടപുറം ചെക്ക് പോസ്റ്റില്‍ വെച്ചാണ് കെ. രാധാകൃഷ്ണന്റെ വാഹനം പരിശോധിച്ചത്. കാറിന്റെ ഡിക്കി ഉള്‍പ്പെടെ തുറന്നായിരുന്നു പരിശോധന.

നിലമ്പൂര്‍ വഴിക്കടവില്‍ വെച്ചായിരുന്നു മന്ത്രി അബ്ദുറഹിമാന്റെ വാഹനത്തില്‍ പരിശോധന നടന്നത്. വാഹനത്തിലുണ്ടായിരുന്ന ബാഗുകള്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.

തെരഞ്ഞെടുപ്പ് സമയത്ത് വളരെ സാധാരണമായി നടക്കുന്ന വാഹന പരിശോധന ഇന്നലെ (വെള്ളി) രാത്രിയോടെയാണ് വിവാദമായത്.

നിലമ്പൂര്‍ വടപുറത്ത് വെച്ച് കോണ്‍ഗ്രസ് പ്രതിനിധികളായ ഷാഫി പറമ്പിലിന്റെയും രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും വാഹനത്തില്‍ പരിശോധന നടന്നതിന് പിന്നാലെയാണ് സംഭവം വിവാദമായത്. വാഹനത്തിലുണ്ടായിരുന്ന പെട്ടിയില്‍ അടക്കം സ്‌ക്വാഡ് പരിശോധന നടത്തിയിരുന്നു.

പിന്നീട് കോണ്‍ഗ്രസ് നേതാക്കള്‍ ഉദ്യോഗസ്ഥരോട് കയര്‍ക്കുന്നതിന്റെയും പരിശോധനയുടെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ വിശദീകരണവുമായി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഉദ്യോഗസ്ഥര്‍ മനപൂര്‍വം അപമാനിക്കുകയായിരുന്നുവെന്നും വാഹനം നിര്‍ത്തണമെന്നും പെട്ടി പരിശോധിക്കണമെന്നും ആവശ്യപ്പെട്ട ഉദ്യോഗസ്ഥര്‍ പിന്നീട് പെട്ടി തുറക്കാതെ തങ്ങളോട് പോകാമെന്ന് പറയുകയായിരുന്നുവെന്നും ഇരുനേതാക്കളും പറഞ്ഞു.

പെട്ടി പരിശോധിക്കണമെന്ന് പറഞ്ഞിട്ടും അത് ചെയ്യാതെ വന്നതോടെ ഉദ്യോഗസ്ഥരെ കൊണ്ട് പെട്ടി തുറപ്പിച്ച് പരിശോധിക്കാന്‍ പറഞ്ഞുവെന്നും ഷാഫി പറമ്പില്‍ പ്രതികരിച്ചു. മറ്റു നേതാക്കളുടെ വാഹനത്തില്‍ ഇത്തരത്തില്‍ പരിശോധന നടത്തുന്നില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തിലും പറഞ്ഞു.

ഇതിനിടെ തെരഞ്ഞെടുപ്പ് സമയത്ത് ജനപ്രതിനിധികളുടെ വാഹനങ്ങളില്‍ പരിശോധന നടത്താറില്ലെന്ന് കോണ്‍ഗ്രസ് അവകാശപ്പെട്ടു.

എന്നാല്‍ സി.പി.ഐ.എം നേതാക്കള്‍ ഈ വാദം തള്ളി രംഗത്തെത്തി. ലോക്‌സഭാ എം.പി കെ. രാധാകൃഷ്ണന്‍, സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്‍, നിലമ്പൂരിലെ ഇടത് സ്ഥാനാര്‍ത്ഥി എം. സ്വരാജ് എന്നിവരാണ് കോണ്‍ഗ്രസ് വാദം തള്ളിക്കൊണ്ട് പ്രതികരിച്ചത്.

കോണ്‍ഗ്രസ് നേതാവും വണ്ടൂര്‍ എം.എല്‍.എയുമായ എ.പി. അനില്‍ കുമാറിന്റെയും വാഹനത്തിലും തെരഞ്ഞെടുപ്പ് സ്‌ക്വാഡ് പരിശോധന നടത്തി. തുടര്‍ന്ന് മാധ്യമങ്ങളോട് പ്രതികരിച്ച അദ്ദേഹം, പരിശോധന നടത്തുന്നതില്‍ എതിര്‍പ്പില്ലെന്നും ബോധപൂര്‍വം ചിലരെ തെരഞ്ഞെടുക്കുന്നതാണ് പ്രയാസപ്പെടുത്തുന്നതെന്നും പറഞ്ഞു. ആദ്യമായാണ് തന്റെ വാഹനം പരിശോധിക്കുന്നതെന്നും എം.എല്‍.എ പ്രതികരിച്ചു.

Content Highlight: Election squad inspects vehicles of K. Radhakrishnan and Abdurahiman in Nilambur

We use cookies to give you the best possible experience. Learn more