കൊൽക്കത്ത: പശ്ചിമ ബെംഗാളിലെ പനിഹതി നിയോജക മണ്ഡലത്തിൽ ബി.ജെ.പി യുടെ തെരഞ്ഞടുപ്പ് പ്രചാരണ സാമഗ്രികൾ തയ്യാറാക്കുന്ന ഇലക്ഷൻ കമ്മീഷൻ ഉദ്യോഗസ്ഥന്റെ വീഡിയോ വൈറൽ.
ഇന്നലെ (ശനി) യാണ് തെരഞ്ഞെടുപ്പ് സെക്ടർ ഓഫീസർ അതാണൂ ചക്രവർത്തിയുടെ വീഡിയോ വൈറലായത്. സംഭവത്തെ തുടർന്ന് തെരഞ്ഞെടുപ്പിന് മുൻപ് ഇദ്ദേഹത്തെ നീക്കം ചെയ്യണമെന്ന് തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടു.
സെക്ടർ ഓഫീസർ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നും നിഷ്പക്ഷത പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് തൃണമൂൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിനൽകിയത്.
പരാതിയിൽ അതാണൂ ചക്രവർത്തി ബി.ജെ.പിയുടെ കൊടിയും ലഘുലേഖകളും തയ്യാറാക്കി വെയ്ക്കുന്ന ദൃശ്യങ്ങളും തൃണമൂൽ കോൺഗസ് ഉൾപ്പെടുത്തിയിട്ടുണ്ട്.
ബി.ജെ.പിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഉദ്യോഗസ്ഥൻ ഏർപ്പെട്ടതായും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടവും ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തെ നിയന്ത്രിക്കുന്ന മറ്റ് വ്യവസ്ഥകളും ലംഘിച്ചതായും തൃണമൂൽ എം.പി ഡെറിക് ഒബ്രയൻ മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറഞ്ഞു.
കഴിഞ്ഞ ആഴ്ച തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച കത്തിൽ ബി.ജെ.പിയുടെ സീൽ പതിഞ്ഞെന്ന് സി.പി.ഐ.എം കേരളം ഘടകം പരാതിപ്പെട്ടിരുന്നു.
എന്നാൽ ഇത് കേവലം സാങ്കതിക പിഴവ് മാത്രമാണെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. ഈ ആരോപണങ്ങൾക്കിടയിലാണ് പശ്ചിമ ബംഗാളിൽ നിന്നും പുതിയ പരാതി ഉയരുന്നത്.
അതേസമയം എസ്.ഐ.ആർ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിൽ നിയമയുദ്ധം തുടരുകയാണ്.
Content Highlight: Election officer in Bengal with BJP flag and pamphlets; Video goes viral