| Saturday, 8th August 2026, 4:13 pm

മുസ്‌ലീം വിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് തിരിച്ചടി; ട്രംപ് പിന്തുണച്ച നേതാവിന് തെരഞ്ഞെടുപ്പില്‍ തോല്‍വി

അഞ്ജു ചന്ദ്രന്‍

വാഷിങ്ടണ്‍: അമേരിക്കയില്‍ മുസ്‌ലീം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം ആന്‍ഡി ഓഗിള്‍സിന് തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി. ടെന്നസിയിലെ റിപ്പബ്ലിക്കന്‍ പ്രൈമറി തെരഞ്ഞെടുപ്പില്‍ മുന്‍ കാര്‍ഷിക ഉദ്യോഗസ്ഥനായ ചാര്‍ലി ഹാച്ചറോട് നിലവിലെ കോണ്‍ഗ്രസ് അംഗമായ ഓഗിള്‍സ് പരാജയപ്പെട്ടു.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണ ഉണ്ടായിരുന്നിട്ടും നേരിട്ട തോല്‍വി എന്നത് തെരെഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നു. ഈ ആഴ്ച പരാജയപ്പെടുന്ന ട്രംപിന്റെ പിന്തുണയുള്ള രണ്ടാമത്തെ സ്ഥാനാര്‍ത്ഥിയാണ് ഓഗിള്‍സ്. മുസ്‌ലീംങ്ങള്‍ക്കെതിരായ വിവാദ പരാമര്‍ശങ്ങളിലൂടെയാണ് ഓഗിള്‍സ് ദേശീയതലത്തില്‍ ശ്രദ്ധ നേടിയത്.

2024-ല്‍ യു.എസ് സാമ്പത്തിക സഹായത്തോടെയുള്ള ബോംബാക്രമണത്തില്‍ ഫലസ്തീന്‍ കുട്ടികള്‍ കൊല്ലപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടോയെന്ന് ഒരു ആക്ടിവിസ്റ്റ് ഓഗിള്‍സിനോട് ചോദിച്ചപ്പോള്‍ ‘നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കുമെങ്കില്‍ നമ്മള്‍ അവരെയെല്ലാം കൊല്ലണമെന്നായിരുന്നു’, ഓഗിള്‍സിന്റെ മറുപടി. ഇസ്രഈലിന്റെ കടുത്ത പിന്തുണക്കാരനാണ് ഓഗിള്‍സ്.

‘മുസ്‌ലീംങ്ങള്‍ അമേരിക്കന്‍ സമൂഹത്തില്‍ ഉള്‍പ്പെടുന്നില്ല’ എന്ന തരത്തിലുള്ള പരാമര്‍ശവും അമേരിക്കയും ഇസ്‌ലാമും പൊരുത്തപ്പെടില്ലായെന്ന നിലപാടുകളും ഓഗിന്‍സിനെതിരെ വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. 2026 മാര്‍ച്ചിലായിരുന്നു ഇത്തരം പരാമര്‍ശങ്ങള്‍ ശക്തമായ വിവാദമായി മാറിയത്.

മുസ്‌ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റത്തിന് നിയന്ത്രണം വേണമെന്ന നിലപാടും ഓഗിള്‍സ് നേരത്തെ സ്വീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ തന്നെ വലിയ മുസ്‌ലീം ജനസംഖ്യയുള്ളതിനാല്‍ പരാമര്‍ശങ്ങള്‍ കൂടുതല്‍ വിവാദമായി.

ഓഗിള്‍സിന്റെ തോല്‍വിക്ക് മുസ്‌ലീം വിരുദ്ധ പരാമര്‍ശങ്ങളും ടെന്നസിയിലെ കോണ്‍ഗ്രസ് മണ്ഡലങ്ങളുടെ പുതിയ പുനര്‍നിര്‍ണയവും നിര്‍ണായകമായിരുന്നു. പ്രൈമറിയിലെ വിജയത്തോടെ ഹാച്ചര്‍ ഇനി നവംബര്‍ 3-ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ചാസ് മോള്‍ഡറെ നേരിടും. തെരെഞ്ഞെടുപ്പില്‍ ഹാച്ചറിന് മുന്നേറ്റം തുടരാനുള്ള സാധ്യതയുണ്ടെന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

Content Highlights: Election defeat follows anti-Muslim remarks; leader backed by Trump ousted

അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more