| Monday, 11th August 2025, 11:04 am

ബീഹാര്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറംതള്ളിയവരുടെ വിവരങ്ങൾ തരില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബീഹാര്‍ വോട്ടര്‍ പട്ടികയില്‍നിന്ന് കൂട്ടത്തോടെ പുറംതള്ളിയ 65 ലക്ഷം പേരുടെ വിവരം പുറത്ത് വിടാന്‍ നിയമപരമായ ബാധ്യതയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പുറത്താക്കലിന് കാരണം കാണിക്കാനും ബാധ്യതയില്ല. വോട്ടറുടെ പൗരത്വം തെളിയിക്കാന്‍ നിര്‍ബന്ധിക്കുന്ന ബീഹാര്‍ വോട്ടര്‍ പട്ടിക, പ്രത്യേക തീവ്ര പുനപരിശോധനയുമായി ബന്ധപ്പെട്ട് സുപ്രീം കോടതി സത്യവാങ്മൂലം ആവശ്യപ്പെട്ടിരുന്നു. ഇതിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി.

വോട്ടര്‍ പട്ടികയില്‍ നിന്നും പുറത്താക്കപ്പെട്ടവരുടെ പ്രത്യേക പട്ടിക തയ്യാറാക്കി പ്രസിദ്ധീകരിക്കാനോ ഒഴിവാക്കിയതിന്റെ കാരണം വ്യക്തമാക്കാനോ 1960ലെ വോട്ടര്‍ രജിസ്‌ട്രേഷന്‍ നിയമത്തിലെ 10, 11 ചട്ടപ്രകാരം ബാധ്യതയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

‘അപേക്ഷാഫോം പൂരിപ്പിച്ച് നല്‍കാത്ത വോട്ടറുടെ വിവരം പ്രസിദ്ധീകരിക്കാന്‍ ബാധ്യതയില്ല. ആ പട്ടിക ആവശ്യപ്പെടാന്‍ ഹരജിക്കാര്‍ക്ക് അവകാശമില്ല. പുറത്താക്കപ്പെട്ടവര്‍ക്ക് നിയമപരമായ പോംവഴി തേടാനാവില്ലെന്ന ഹരജിക്കാരുടെ വാദം തെറ്റിദ്ധരിപ്പിക്കുന്നത്. കരട് പട്ടികയിൽ ഉള്‍പ്പെടാത്തവര്‍ക്ക് രേഖകള്‍ ഹാജരാക്കി പേര് ചേര്‍ക്കാവുന്നതാണ്. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെയോ പരാതി പറയാന്‍ അവസരം നല്‍കാതെയോ ആരെയും ഒഴിവാക്കില്ല’ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യവാങ്മൂലത്തില്‍ അറിയിച്ചു.

പുറത്താക്കപ്പെട്ടവരുടെ മണ്ഡലം തിരിച്ചുള്ള പട്ടിക അടക്കം ആവശ്യപ്പെട്ട് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍) സമര്‍പ്പിച്ച ഹരജിയിലാണ് നിലപാട് അറിയിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി നിര്‍ദേശിച്ചത്.

എ.ഡി.ആര്‍ തങ്ങളെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നും സംഘടനയ്‌ക്കെതിരെ  കനത്ത പിഴ ചുമത്തണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. പൗരത്വ രേഖകള്‍ ആവശ്യപ്പെട്ട് വോട്ടര്‍മാരെ കൂട്ടത്തോടെ പുറന്തള്ളാനുള്ള പുനപരിശോധനയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ബി.ജെ.പിക്ക് വേണ്ടി വോട്ടര്‍ പട്ടിക അട്ടിമറിക്കാനുള്ള നീക്കമാണിതെന്ന വിമര്‍ശനം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ബീഹാറില്‍ നിന്ന് പുറംതള്ളിയവരില്‍ ഭൂരിഭാഗവും സ്ത്രീകളും മുസ്‌ലിങ്ങളുമാണ്. കൂട്ടമായി പുറത്താക്കിയാല്‍ ഇടപെടുമെന്ന് സുപ്രീം കോടതി അറിയിച്ചു.

അതേസമയം, വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണത്തില്‍ രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചു. ഇന്ന് ഉച്ചക്ക് 12 മണിക്കാണ് ഇലക്ഷന്‍ കമ്മീഷന്‍ സമയം നല്‍കിയിരിക്കുന്നത്. മുഴുവന്‍ എം.പിമാര്‍ക്കും അനുമതി വേണമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആവശ്യമെങ്കിലും പരമാവധി 30പേര്‍ക്കാണ് അനുവാദം ലഭിച്ചിരിക്കുന്നത്.

Content Highlight: Election Commission will not release details of those excluded from Bihar voter list

We use cookies to give you the best possible experience. Learn more