| Tuesday, 20th January 2026, 3:05 pm

കര്‍ണാടകയില്‍ ഇ.വി.എ.മ്മിന് പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍

നിഷാന. വി.വി

ബെംഗളൂരു: കര്‍ണാടകയിലെ വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ക്ക് പകരം ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) വിഭജിച്ച് ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റിയുടെ കീഴില്‍ രൂപീകരിച്ച അഞ്ച് കോര്‍പ്പറേഷനുകളിലെക്കുള്ള തെരഞ്ഞെടുപ്പിലാണ് ഈ മാറ്റം ആദ്യം നടപ്പിലാക്കുക.

ബെംഗളൂരു മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഇ.വി.എമ്മുകള്‍ക്ക് പകരം ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സംസ്ഥാന മന്ത്രിസഭ ശുപാര്‍ശ ചെയ്തതിന് മാസങ്ങള്‍ക്ക് ശേഷമാണ് ഈ നീക്കം.

‘ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റിയുടെ കീഴില്‍ പുതുതായി രൂപീകരിച്ച അഞ്ച് മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലേക്കുള്ള സിവില്‍ വോട്ടെടുപ്പ് മെയ് 25 ന് ശേഷം നടത്തും. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ക്ക് പകരം വോട്ടിങ്ങിനായി ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കും,’ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ജി.എസ് സംഗ്രേഷി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മാത്രമാണ് ഇ.വി.എമ്മുകള്‍ ഉപേയാഗിച്ചിരുന്നതെന്നും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പുകളില്‍ ഇവ നിര്‍ബന്ധമായി ഉപയോഗിക്കണമെന്ന് നിയമമില്ലെന്നും സംഗ്രേഷി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തിന് വഴങ്ങിയാണോ ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കുന്ന ചോദ്യത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു സ്വതന്ത്ര സ്ഥാപനമാണെന്നായിരുന്നു മറുപടി.

2025ലാണ് ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി (ജി.ബി.എ)യുടെ കീഴില്‍ സെന്‍ട്രല്‍, ഈസ്റ്റ്, വെസ്റ്റ്, നോര്‍ത്ത്, സൗത്ത് എന്നീ അഞ്ച് പുതിയ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളായി വിഭജിച്ചത്. കരട് വോട്ടര്‍ പട്ടികയില്‍ ആകെ 88,91,411 വോട്ടര്‍മാരുണ്ട്. അഞ്ച് കോര്‍പറേഷനുകളുടെ അധികാരപരിധിയില്‍ ആകെ 369 വാര്‍ഡുകളാണ് രൂപവത്കരിച്ചത്.

ബെംഗളൂരു വെസ്റ്റ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ 23ാം വാര്‍ഡിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്- 49,530. ബെംഗളൂരു ഈസ്റ്റ് മുനിസിപ്പല്‍ കോര്‍പറേഷന്റെ 16-ാം വാര്‍ഡിലാണ് ഏറ്റവും കുറവ്-10,926. ആകെ 369 വാര്‍ഡുകളിലായി 8,044 പോളിംങ് ബൂത്തുകള്‍ ഉണ്ടാകുമെന്ന് കമ്മീഷണര്‍ പറഞ്ഞു.

Content Highlight: Election Commission to use ballot papers instead of EVMs in Karnataka

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more