| Saturday, 16th August 2025, 8:17 pm

വോട്ട് ചോരി വിവാദങ്ങള്‍ക്കിടെ നാളെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാധ്യമങ്ങളെ കാണും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് അട്ടിമറികളെ കുറിച്ച് പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എം.പിയുമായ രാഹുല്‍ ഗാന്ധി നടത്തിയ വാര്‍ത്താസമ്മേളനത്തിന് ശേഷം ആദ്യമായി നാളെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാധ്യമങ്ങളെ കാണും. ദല്‍ഹിയിലെ നാഷണല്‍ മീഡിയ സെന്ററില്‍ മൂന്ന് മണിക്കായിരിക്കും വാര്‍ത്താസമ്മേളനം നടക്കുക.

വോട്ട് ചോരിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബീഹാറിലെ സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ്.ഐ.ആര്‍) ആരംഭിച്ചതിന് ശേഷമുള്ള കമ്മീഷന്റെ ആദ്യത്തെ വാര്‍ത്താസമ്മേളനം കൂടിയാണിത്.

ബീഹാറില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ നാല് മാസം ബാക്കി നില്‍ക്കവേ ഈ മാസം ആദ്യമായിരുന്നു ബീഹാറില്‍ വോട്ടര്‍ പട്ടികയുടെ പരിഷ്‌കരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആരംഭിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നടപടിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഭാഗത്ത് നിന്ന് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പാര്‍ലമെന്റില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വര്‍ഷകാല സമ്മേളനത്തില്‍ ഇത് ചര്‍ച്ചയാവുകയും ചെയ്തിരുന്നു.

ഓഗസ്റ്റ് ഏഴിനായിരുന്നു തെരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ വെളിപ്പെടുത്തികൊണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താസമ്മേളനം നടന്നത്. കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളെ മുന്‍നിര്‍ത്തിയാണ് രാഹുല്‍ ഗാന്ധി ദല്‍ഹിയില്‍ വാര്‍ത്താസമ്മേളനം നടത്തിയത്. ബെംഗളൂരു സെന്‍ട്രല്‍ ലോക്‌സഭാ സീറ്റിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തില്‍ വന്‍തോതിലുള്ള വോട്ട് മോഷണം നടന്നുവെന്നായിരുന്നു രാഹുലിന്റെ പ്രധാന ആരോപണം.

രാഹുലിന്റെ വാര്‍ത്താസമ്മേളത്തിന് ശേഷം ബീഹാറിലെ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന് ശേഷം പ്രസിദ്ധീകരിച്ച കരടുപട്ടിക കംപ്യൂട്ടര്‍ പരിശോധനയ്ക്ക് വിധേയമാക്കാന്‍ കഴിയാത്ത തരത്തിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റി. ഓഗസ്റ്റ് ഒന്നിന് പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ തുറന്ന് നോക്കാനും സേര്‍ച്ച് ചെയ്യാനും കഴിയുമായിരുന്നെങ്കിലും പിന്നീടത് സ്‌കാന്‍ ചെയ്ത ഇമേജ് രൂപത്തിലേക്ക് മാറ്റുകയായിരുന്നു. ഈ പതിപ്പ് ഉപയോഗിച്ച് ഇപ്പോള്‍ വോട്ടിലെ ഇരട്ടിപ്പും ക്രമക്കേടും കണ്ടെത്തുക എളുപ്പമല്ല.

സ്‌കാന്‍ ചെയ്ത രൂപത്തിലുള്ള ഫയലുകളില്‍ നിന്ന് ടെക്സ്റ്റ് പകര്‍ത്തിയെടുക്കുന്ന ഒപ്റ്റിക്കല്‍ ക്യാരക്ടര്‍ റെക്കഗ്നീഷന്‍ (ഒ.സി.ആര്‍) സംവിധാനം ഉപയോഗിച്ച് പോലും ഡാറ്റ വേര്‍തിരിക്കുക എളുപ്പമല്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് തന്നെ കംപ്യൂട്ടര്‍ ഉപയോഗിച്ചുള്ള പരിശോധനയ്ക്ക് ബുദ്ധിമുട്ടേറും.

Content Highlight: Election Commission to meet media tomorrow amid vote chori controversy

We use cookies to give you the best possible experience. Learn more