| Wednesday, 26th November 2025, 4:10 pm

ഗുരുതരമായ സുരക്ഷാ വീഴ്ച; ബി.എല്‍.ഒമാരുടെ മാര്‍ച്ചിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുരുതരമായ സുരക്ഷാ വീഴ്ച; ബി.എല്‍.ഒമാരുടെ മാര്‍ച്ചില്‍ കൊല്‍ക്കത്ത പൊലീസിനോട് റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിലേക്ക് ബി.എല്‍.ഒമാര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് ഗുരുതരമായ സുരക്ഷാ വീഴ്ചയെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍.

സംഭവത്തില്‍ 48 മണിക്കൂറിനുള്ളില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ മനോജ് കുമാര്‍ വര്‍മ്മയ്ക്ക് കത്ത് നല്‍കി.

വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം കാരണം അമിതമായ ജോലി സമ്മര്‍ദവും ജോലിഭാരവും അനുഭവിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.എല്‍.ഒമാര്‍ ചൊവ്വാഴ്ച പശ്ചിമബംഗാള്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ മനോജ് അഗര്‍വാളിന്റെ ഓഫീസിന് മുന്നില്‍ പ്രകടനം നടത്തിയത്.

30 മണിക്കൂറോളം നീണ്ട പ്രതിഷേധം രാജ്യശ്രദ്ധ നേടിയിരുന്നു. തുടര്‍ന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് സുരക്ഷ നല്‍കാന്‍ കൊല്‍ക്കത്ത പൊലീസിന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സെക്രട്ടറി സുജീത് കുമാര്‍ മിശ്ര കത്ത് നല്‍കുകയായിരുന്നു.

പ്രതിഷേധത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗൗരവത്തില്‍ കാണുന്നു. നിലവില്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസിന്റെ സുരക്ഷ കൈകാര്യം ചെയ്യുന്നത് അപര്യാപ്തമായാണ്. തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഓഫീസനും വസതിക്കും യാത്ര ചെയ്യുമ്പോഴും സുരക്ഷ ഉറപ്പാക്കണം.

കമ്മീഷണറുടെ മാത്രമല്ല, മറ്റ് ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും കത്തില്‍ പറയുന്നു. എസ്.ഐ.ആര്‍ പ്രവര്‍ത്തനങ്ങളും വരാനിരിക്കുന്ന തെരഞ്ഞെടുപ്പും കണക്കിലെടുത്ത് ഇനിയൊരു അനിഷ്ട സംഭവവും ഉണ്ടാകില്ലെന്ന് ഉറപ്പാക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.

ചീഫ് ഇലക്ടറല്‍ ഓഫീസര്‍, ജോയിന്റ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാര്‍, ഡെപ്യൂട്ടി ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാര്‍, ചീഫ് ഇലക്ടറല്‍ ഓഫീസറുടെ ഓഫീസില്‍ ജോലി ചെയ്യുന്ന മറ്റ് ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ എന്നിവരുടെ  സുരക്ഷയ്ക്ക് ഭാവിയിലും ഭീഷണിയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും കത്തില്‍ കമ്മീഷന്‍ പറഞ്ഞു.

കത്തിന്റെ പകര്‍പ്പ് ഇതിന്റെ ഒരു പകര്‍പ്പ് ചീഫ് സെക്രട്ടറി, സംസ്ഥാന ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി എന്നിവര്‍ക്കും അയച്ചിട്ടുണ്ട്.

Content Highlight: Serious security lapse; Action required within 48 hours; Election Commission seeks report on BLOs’ march

We use cookies to give you the best possible experience. Learn more