| Tuesday, 23rd December 2025, 7:27 am

ദൈവത്തിന്റെ പേരിലുള്ള സത്യപ്രതിജ്ഞ; നടപടി സ്വീകരിക്കാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ദൈവങ്ങളുടെ പേരിലുള്ള സത്യപ്രതിജ്ഞകള്‍ക്കെതിരെ വ്യാപക പരാതി. എന്നാല്‍ ഈ പരാതികളില്‍ നടപടിയെടുക്കാന്‍ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കോടതികളാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും കമ്മീഷന്‍ വ്യക്തമാക്കി.

അയ്യപ്പന്‍, ശ്രീരാമന്‍, ഭാരതാംബ, ആറ്റുകാലമ്മ തുടങ്ങിയ പേരുകളില്‍ സത്യപ്രതിജ്ഞ ചെയ്ത ബി.ജെ.പി അംഗങ്ങള്‍ക്കെതിരെയാണ് പരാതി ഉയരുന്നത്. ഇത്തരത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് ചട്ടവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി അഭിഭാഷകന്‍ സുഭാഷ് തീക്കാടന്‍ ഉള്‍പ്പെടെ പരാതി നല്‍കിയിരുന്നു.

ദൈവങ്ങളുടെ പേരിലുള്ള സത്യപ്രതിജ്ഞകള്‍ അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പിനും മുഖ്യമന്ത്രിക്കുമാണ് അഭിഭാഷകന്‍ പരാതി നല്‍കിയത്.

സാധാരണയായി ദൈവനാമത്തില്‍ അല്ലെങ്കില്‍ ദൃഢപ്രതിജ്ഞ എന്നീ വാക്കുകളാണ് സത്യപ്രതിജ്ഞയ്ക്കായി ഉപയോഗിക്കുക. എന്നാല്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ഒരു ദൈവത്തിന്റെയും പേരെടുത്ത് പറയാന്‍ ചട്ടം അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

ചട്ടം ലംഘിച്ച് സത്യപ്രതിജ്ഞ ചെയ്തവരെ കൊണ്ട് വീണ്ടും സത്യപ്രതിജ്ഞ ചെയ്യിക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.

തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി അംഗങ്ങളുടെ സത്യപ്രതിജ്ഞകള്‍ക്ക് എതിരെയാണ് നിലവില്‍ പരാതികള്‍ ഉയരുന്നത്. സമാനമായി ബലിദാനികളുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്ത പത്തനംതിട്ട ജില്ലയിലെ കോയിപ്രം പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അഞ്ച് ബി.ജെ.പി അംഗങ്ങളെ അയോഗ്യരാക്കണമെന്നും പരാതിയുണ്ട്.

കോയിപ്രം പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ വോട്ടറും സി.പി.ഐ.എം ഇരവിപൂര്‍ ഏരിയ കമ്മിറ്റിയംഗമവുമായ എ.കെ. സന്തോഷ് കുമാറാണ് പരാതി നല്‍കിയത്. ജില്ലാ കളക്ടര്‍ക്കും വരണാധികാരിക്കുമാണ് പരാതി.

അതേസമയം ചാലക്കുടി നഗരസഭയില്‍ രക്തസാക്ഷികളുടെ പേരില്‍ നടത്തിയ സത്യപ്രതിജ്ഞ വരണാധികാരി റദ്ദാക്കിയിരുന്നു.

അഞ്ചാം വാര്‍ഡ് കൗണ്‍സിലര്‍ നിധിന്‍ പുല്ലന്റെ സത്യപ്രതിജ്ഞയാണ് ഡി.എഫ്.ഒയായ വെങ്കിടേശ്വന്‍ റദ്ദാക്കിയത്. ചട്ടവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി സത്യവാചകം വീണ്ടും ചൊല്ലാന്‍ വരണാധികാരി ആവശ്യപ്പെടുകയും ചെയ്തു.

Content Highlight: Election Commission says no action can be taken against oath-taking in the name of God

We use cookies to give you the best possible experience. Learn more