| Monday, 13th April 2026, 12:17 pm

വരണാധികാരികൾ ക്രോഡീകരിച്ചാൽ ഉടൻ പുറത്തുവിടും; പോളിങ് കണക്ക് വൈകുന്നതിൽ അസ്വാഭാവികതയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

മുഹമ്മദ് നബീല്‍

തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും പോളിങ് വിവരങ്ങൾ പുറത്തുവിടാത്തതിൽ അസ്വാഭാവികതയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ.

പോളിങ്ങിന്റെ പൂർണമായ കണക്കുകൾ പുറത്തുവിടാത്തത് മനപൂർവ്വമല്ലെന്നും വരണാധികാരികൾ കണക്കുകൾ ക്രോഡീകരിച്ച് പൂർത്തിയാക്കിയാൽ ഉടൻതന്നെ പുറത്തുവിടുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.

ഓരോ ബൂത്തിലെയും കണക്കുകൾ എല്ലാ രാഷ്ട്രീയ പാർട്ടികളിലെയും ബൂത്ത് ഏജന്റുമാർക്ക് കൈമാറിയിട്ടുണ്ടെന്നും കമ്മീഷൻ കൂട്ടിച്ചേർത്തു.

വോട്ടെടുപ്പ് പൂർത്തിയായി ദിവസങ്ങൾ കഴിഞ്ഞിട്ടും പോളിങ്ങിന്റെ പൂർണ വിവരങ്ങൾ പുറത്തുവിടാത്തതിൽ സി.പി.ഐ.എമ്മും കോൺഗ്രസ്സും രംഗത്തെത്തിയിരുന്നു.

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കടുത്ത ഭാഷയിലായിരുന്നു പ്രതികരിച്ചത്.

പോളിങ്ങിന്റെ പൂർണവിവരം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച അദ്ദേഹം തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കാൻ ഓരോ മണ്ഡലത്തിലെയും കൃത്യമായ വോട്ടിങ് ശതമാനം പൊതുജനങ്ങൾക്ക് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

കണക്കുകൾ പുറത്തുവിടുന്നതിലെ കാലതാമസം രാഷ്ട്രീയ കേന്ദ്രങ്ങളിൽ സംശയങ്ങൾക്ക് ഇടനൽകുന്നുണ്ടെന്നും, ഇത് ഒഴിവാക്കാൻ അടിയന്തര നടപടി വേണമെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

വോട്ടർപട്ടിക പുനപരിശോധനയ്ക്ക് ശേഷം നടക്കുന്ന ആദ്യ വോട്ടെടുപ്പെന്ന നിലയിൽ ഈ തെരഞ്ഞെടുപ്പ് കണക്കുകൾ രാഷ്ട്രീയ പാർട്ടികൾക്ക് ഏറെ നിർണായകമാണ്. പോസ്റ്റൽ വോട്ടുകളുടെ എണ്ണത്തിൽ മുൻവർഷങ്ങളേക്കാൾ വർദ്ധനവുണ്ടായേക്കാമെന്ന സൂചനയാണ് പ്രതിപക്ഷ പാർട്ടികൾ സമ്മർദ്ദം ചെലുത്തുന്നതിന് കാരണമായി വിദഗദ്ധർ നിരീക്ഷിക്കുന്നത്.

ഇക്കുറി വോട്ടിങ് ശതമാനം വർധിച്ചിട്ടുണ്ടെങ്കിലും ആകെ പോൾ ചെയ്ത വോട്ടുകളുടെ എണ്ണത്തിൽ മുൻ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് കുറവാണ് സംഭവിച്ചിട്ടുള്ളത്.

Content Highlight: Election Commission says delay in tallying of votes will not be unusual, says election officials

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more