| Saturday, 18th October 2025, 3:42 pm

പോളിങ് ദിനത്തില്‍ ബീഹാറിലെ വോട്ടര്‍മാര്‍ക്ക് ശമ്പളത്തോടുകൂടിയ അവധി നല്‍കണം: തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്‌ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണായക ഇടപെടലുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. പോളിങ് ദിവസങ്ങളില്‍ സംസ്ഥാനത്തെ വോട്ടര്‍മാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി നല്‍കണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടു.

ഈ ഉത്തരവ് ലംഘിക്കുന്ന തൊഴിലുടമകള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും കമ്മീഷന്‍ അറിയിച്ചു. പോളിങ് ശതമാനം വര്‍ധിപ്പിക്കുക, വോട്ടര്‍മാരുടെ പരമാവധി പ്രാതിനിധ്യം ഉറപ്പുവരുത്തുക എന്നതാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചതിലൂടെ ലക്ഷ്യമിടുന്നത്.

1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 135ആ പ്രകാരം, വോട്ട് ചെയ്യാന്‍ അര്‍ഹതയുള്ള ഓരോ വ്യക്തിക്കും പോളിങ് ദിവസം ശമ്പളത്തോട് കൂടിയ അവധി അനുവദിക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പ്. ഉത്തരവ് അനുസരിച്ച് ശമ്പളത്തോട് കൂടിയ അവധി നല്‍കാത്തവരില്‍ നിന്ന് ഉദ്യോഗസ്ഥര്‍ക്ക് പിഴ ചുമത്താനാകും.

പോളിങ് ദിവസം പ്രതിദിന വേതനത്തില്‍ കുറവുണ്ടാകരുതെന്നും നിര്‍ദേശമുണ്ട്. ദിവസ വേതനം വാങ്ങുന്നവര്‍ക്കും കാഷ്വല്‍ തൊഴിലാളികള്‍ക്കും ഈ ആനുകൂല്യം ലഭ്യമാകും. സ്വന്തം മണ്ഡലത്തില്‍ നിന്ന് പുറത്തുപോയി ജോലി ചെയ്യുന്നവരും ശമ്പളത്തോട് കൂടിയ അവധിക്ക് അര്‍ഹരാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

കൂടാതെ നവംബര്‍ 11ന് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ എട്ട് നിയമസഭാ മണ്ഡലങ്ങളിലേയും വോട്ടര്‍മാര്‍ക്കും ഈ ആനുകൂല്യം ലഭ്യമാക്കണമെന്നും കമ്മീഷന്റെ ഉത്തരവുണ്ട്. ഇതിനുവേണ്ട വ്യവസ്ഥകള്‍ അതത് സംസ്ഥാനങ്ങള്‍ പുറപ്പെടുവിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

അതേസമയം നവംബര്‍ ആറ്, 11 തീയതികളിലായി രണ്ട് ഘട്ടങ്ങളായാണ് ബീഹാറില്‍ തെരഞ്ഞെടുപ്പ് നടക്കുക. ഒപ്പം നവംബര്‍ 11ന് ജമ്മു കശ്മീര്‍, ഒഡീഷ, ജാര്‍ഖണ്ഡ്, മിസോറാം, പഞ്ചാബ്, തെലങ്കാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പും നടക്കും. നവംബര്‍ 14ന് വോട്ടെണ്ണും.

ബുഡ്ഗാം, നഗ്രോട്ട (ജമ്മു കശ്മീര്‍), ആന്റ (രാജസ്ഥാന്‍), ഘട്ഷില (ജാര്‍ഖണ്ഡ്), ടാര്‍ണ്‍ തരണ്‍ (പഞ്ചാബ്), ഡാമ്പ (മിസോറാം), നുവാപാഡ (ഒഡീഷ), ജൂബിലി ഹില്‍സ് (തെലങ്കാന) എന്നീ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക.

Content Highlight: Election Commission said Bihar voters should be given paid leave on polling day

We use cookies to give you the best possible experience. Learn more