ന്യൂദല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ട് ചോരി വിവാദങ്ങള്‍ക്ക് മറുപടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമായ ഉത്തരങ്ങളില്ലാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് ദല്‍ഹിയില്‍ വെച്ചായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തില്‍ വാര്‍ത്താ സമ്മേളനം നടന്നത്. വോട്ട് കൊള്ള എന്നത് വെറും കള്ളക്കഥയാണെന്ന് പറഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്നാല്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങളില്‍ പലതിനും വ്യക്തമായ മറുപടി നല്‍കിയില്ല.
വോട്ടര്‍ പട്ടികയില്‍ ഇത്രയധികം വ്യാജ എന്‍ട്രികള്‍ കടന്നുകൂടിയത് എങ്ങനെയാണ്? എന്തുകൊണ്ടാണ് ഡിജിറ്റല്‍ വിവരങ്ങള്‍ നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകാത്തത്? സി.സി.ടി.വി ദൃശ്യങ്ങള്‍ നശിപ്പിച്ചത് എന്തിനാണ്? ഈ ക്രമക്കേടുകള്‍ക്കെതിരെ എന്ത് നടപടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിക്കാന്‍ പോകുന്നത്? തുടങ്ങിയവയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രധാന ചോദ്യങ്ങള്‍.
അനുവാദമില്ലാതെയാണ് പ്രതിപക്ഷ നേതാവ് വോട്ടര്‍മാരുടെ ചിത്രം പരസ്യപ്പെടുത്തിയതെന്നും ഇത്തരത്തില്‍ രാഹുല്‍ ഗാന്ധി വോട്ടര്‍മാരുടെ സ്വകാര്യത ലംഘിച്ചുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. പോളിങ് ബൂത്തുകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ വിസമ്മതിച്ചതിന്റെ കാരണവും ഗ്യാനേഷ് കുമാര്‍ വിശദീകരിച്ചിരുന്നു. അമ്മമാരുടെയും സഹോദരിമാരുടെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവിടണോ എന്നും ദൃശ്യങ്ങള്‍ പുറത്തുവിട്ടാല്‍ വോട്ടര്‍മാരുടെ സ്വകാര്യതക്ക് ഭംഗം വരുമെന്നും കമ്മീഷന്‍ അറിയിച്ചു.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് കമ്മീഷനില്‍ റജിസ്റ്റര്‍ ചെയ്യുന്നതിലൂടെയാണ് ജനിക്കുന്നതെന്നും അതുകൊണ്ടുതന്നെ കമ്മീഷന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ വിവേചനം കാണിക്കാന്‍ കഴിയില്ലെന്നും ഗ്യാനേഷ് കുമാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന് ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ ഇല്ലെന്നും ഭരണഘടനയനുസരിച്ച് 18 വയസ് കഴിഞ്ഞ എല്ലാ പൗരനും വോട്ടറാകാമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനെ സംബന്ധിച്ചിടത്തോളം എല്ലാവരും തുല്യരാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ തങ്ങളുടെ ഭരണഘടനാപരമായ കര്‍ത്തവ്യത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും ഗ്യാനേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിച്ച വോട്ട് ചോരിയെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഒരു കോടിയിലധികം ജീവനക്കാര്‍ ഏര്‍പ്പെട്ടിരിക്കെ എങ്ങനെ വോട്ട് മോഷ്ടിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു.
തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷനെയോ വോട്ടര്‍മാരെയോ ഭയപ്പെടുത്താന്‍ കഴിയില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറയുന്നു. രാഹുല്‍ ഗാന്ധിയുടെ ആരോപണം ഇന്ത്യന്‍ ഭരണഘടനയോടുള്ള അപമാനമാണെന്നും കമ്മീഷനും വോട്ടര്‍മാരും രാഷ്ട്രീയത്തെ ഭയപ്പെടുന്നില്ലെന്നും ഗ്യാനേഷ് കുമാര്‍ പറഞ്ഞു. വോട്ടര്‍മാരെ അപകീര്‍ത്തിപ്പെടുത്തിയാല്‍ വെറുതെയിരിക്കില്ലെന്നും രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നും ഗ്യാനേഷ് കുമാര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങളില്‍ അന്വേഷണം ഉണ്ടാകില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.
Content Highlight: Election Commission’s press meet without a clear answer to Rahul Gandhi’s question