| Monday, 18th August 2025, 8:12 am

തെര. കമ്മീഷന്റെ ഇരട്ടത്താപ്പ് തൃശൂരിലും; പരാതിക്കാര്‍ക്ക് നോട്ടീസ്, കുറ്റം ചെയ്തവര്‍ക്കെതിരെ നടപടിയില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: തൃശൂരില്‍ വ്യാജ വോട്ട് ചേര്‍ക്കലുമായി ബന്ധപ്പെട്ട് സ്വീകരിച്ച സമീപനത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇരട്ടത്താപ്പ് വ്യക്തമെന്ന് ആരോപണം. മാധ്യമങ്ങളോട് പ്രതികരിച്ച സി.പി.ഐ സ്ഥാനാര്‍ത്ഥി വി.എസ് സുനില്‍ കുമാറിനും പരാതിയുമായി വന്ന മുന്‍ എം.പി ടി.എന്‍ പ്രതാപനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കിയിരുന്നു.

എന്നാല്‍ ഇനിയും വോട്ട് ചേര്‍ക്കുമെന്ന് ഉള്‍പ്പെടെ പ്രതികരിച്ച ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരെ ഇതുവരെയും നടപടി സ്വീകരിച്ചിട്ടില്ല. രണ്ടിടത്ത് വോട്ട് ചേര്‍ത്ത ബി.ജെ.പി നേതാക്കള്‍ക്കെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിച്ചിട്ടില്ല.

കുറ്റം ചെയ്തവര്‍ക്ക് എതിരെ നടപടി സ്വീകരിക്കാതിരിക്കുകയും പരാതിക്കാര്‍ക്ക് എതിരെ നോട്ടീസ് അയക്കുകയും ചെയ്തത് പക്ഷാപാതപരമായ സമീപനമാണെന്ന ആക്ഷേപമാണ് ഉയരുന്നത്.

തൃശൂരിലെ വോട്ട് വിവാദം പുറത്തുവന്നതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂരുമായി ബന്ധപ്പെട്ട് പാര്‍ട്ടികളോ സ്ഥാനാര്‍ത്ഥികളോ പരാതി നല്‍കിയിട്ടില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം.

പിന്നാലെ ആരോപണങ്ങള്‍ ആവര്‍ത്തിച്ച വി.എസ് സുനില്‍ കുമാറിന് കമ്മീഷന്‍ നോട്ടീസ് നല്‍കുകയായിരുന്നു. സത്യവാങ്മൂലമടക്കം ആവശ്യപ്പെട്ട് നല്‍കിയ നോട്ടീസില്‍ ലോകസഭ തെരഞ്ഞെടുപ്പ് സമയത്ത് എല്‍.ഡി.എഫ് നല്‍കിയ പരാതികളും സ്വീകരിച്ച നടപടികളുമുണ്ടായിരുന്നു.

അതോടെ ആരും പരാതിപ്പെട്ടില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം തെറ്റാണെന്ന് തെളിഞ്ഞു. പിന്നാലെ പരാതിയുമായി രംഗത്തെത്തിയ ടി.എന്‍. പ്രതാപനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് ലഭിച്ചു. സത്യവാങ്മൂലം നല്‍കണമെന്ന് കാണിച്ചായിരുന്നു കമ്മീഷന്റെ നോട്ടീസ്.

ഇതിനിടയില്‍ മാധ്യമങ്ങളോട് പ്രതികരിച്ച കെ. സുരേന്ദ്രന്‍ ഇനിയും ഇത്തരത്തില്‍ വോട്ട് ചേര്‍ക്കുമെന്നും ചെയ്യാവുന്നത് ചെയ്യാനുമാണ് പറഞ്ഞത്. അദ്ദേഹത്തിന് പുറമെ നിരവധി ബി.ജെ.പി നേതാക്കള്‍ ചാനല്‍ ചര്‍ച്ചകളില്‍ ഉള്‍പ്പെടെ സമാനമായ രീതിയില്‍ പ്രതികരിച്ചു.

ഒപ്പം സുരേഷ് ഗോപി തൃശൂരില്‍ വോട്ടര്‍പട്ടികയില്‍ തിരിമറി നടത്തിയെന്ന ആരോപണമുയര്‍ന്നു. തെരഞ്ഞെടുപ്പില്‍ വിജയിക്കാനായി സുരേഷ് ഗോപിയും കുടുംബവും തൃശൂരില്‍ 11 വോട്ട് ചേര്‍ത്തെന്നായിരുന്നു ആരോപണം. അദ്ദേഹത്തിന്റെ സഹോദരന്‍ സുഭാഷ് ഗോപിയും ഇരട്ട വോട്ടുകള്‍ ചേര്‍ത്തത് വിവാദമായി.

സംസ്ഥാന വൈസ് പ്രസിഡന്റ് വി. സദാനന്ദനെതിരെയും സമാനമായ ആരോപണം ഉയര്‍ന്നു. മലപ്പുറത്തെ ബി.ജെ.പി നേതാവ് തൃശൂരില്‍ വോട്ട് ചേര്‍ക്കുകയും വോട്ട് ചെയ്യുകയും ചെയ്തുവെന്ന ആരോപണവും വന്നു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് വി. ഉണ്ണികൃഷ്ണന് എതിരെയാണ് ആരോപണം.

വ്യാജ മേല്‍വിലാസം അടക്കമുള്ള വിഷയങ്ങള്‍ പുറത്തുവന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിലൊന്നും പ്രതികരിച്ചിട്ടില്ല. ഇതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പക്ഷപാതപരമായ പെരുമാറ്റത്തിന് എതിരെ ആക്ഷേപങ്ങള്‍ ഉയരുന്നത്. കോണ്‍ഗ്രസും സി.പി.ഐയും ഉള്‍പ്പെടെയുള്ള പാര്‍ട്ടികളും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇരട്ടത്താപ്പിന് എതിരെ രംഗത്തെത്തുന്നുണ്ട്.

Content Highlight: Election Commission’s double standards in Thrissur too

We use cookies to give you the best possible experience. Learn more