| Saturday, 9th August 2025, 5:07 pm

കേരളത്തില്‍ നിന്നുള്‍പ്പെടെ അംഗീകാരമില്ലാത്ത 334 പാര്‍ട്ടികളെ ഒഴിവാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് അംഗീകാരമില്ലാത്ത 334 പാര്‍ട്ടികളെ രജിസ്‌ട്രേര്‍ഡ് പാര്‍ട്ടികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പ് പ്രകിയയില്‍ സുതാര്യതയും സമഗ്രതയും കൊണ്ടുവരാനാണ് ഈ നടപടി സ്വീകരിക്കുന്നതെന്നാണ് ഇലക്ഷന്‍ കമ്മീഷന്റെ വിശദീകരണം.

2019 മുതല്‍ ആറ് വര്‍ഷ കാലം ഒരു തെരഞ്ഞെടുപ്പില്‍ പോലും മത്സരിക്കാത്ത പാര്‍ട്ടികളെയാണ് ഇത്തരത്തില്‍ നീക്കം ചെയ്തത്. രജിസ്‌ട്രേഷനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം രാഷ്ട്രീയ പാര്‍ട്ടികള്‍ പട്ടികയില്‍ തുടരാന്‍ ആറ് വര്‍ഷം തുടര്‍ച്ചയായി തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് കമ്മീഷന്‍ പറഞ്ഞു. ഈ പാര്‍ട്ടികളുടെ ഓഫീസുകള്‍ ഇനി എവിടെയും സ്ഥാപിക്കാന്‍ കഴിയില്ല.

ഇലക്ഷന്‍ കമ്മീഷന്റെ കണക്കു പ്രകാരം നിലവില്‍ രാജ്യത്ത് ആറ് ദേശീയ പാര്‍ട്ടികളും 67 പ്രാദേശിക പാര്‍ട്ടികളുമാണ് ഉണ്ടാകുക. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പാര്‍ട്ടികളെയാണ് ഒഴിവാക്കിയത്. കേരളത്തില്‍ നിന്ന് ആറ് പാര്‍ട്ടികളെയാണ് ഒഴിവാക്കിയിരിക്കുന്നത്. 2,854 ആര്‍.യു.പി.പികളും (Registered unrecognized political parties) രജിസ്റ്റര്‍ ചെയ്തിരുന്നു. ഏറ്റവും പുതിയ നടപടിയോടെ രജിസ്റ്റര്‍ ചെയ്ത ആര്‍.യു.പി.പികളുടെ എണ്ണം 2,520 ആയി കുറഞ്ഞു.

ദേശീയ പ്രജ സോഷ്യലിസ്റ്റ് പാര്‍ട്ടി, നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (സെക്കുലര്‍), നേതാജി ആദര്‍ശ് പാര്‍ട്ടി, റെവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്), റെവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് കേരള (ബോള്‍ഷെവിക്), സെക്കുലര്‍ റിപ്പബ്ലിക്കന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി എന്നിവയാണ് കേരളത്തില്‍ നിന്നുള്ള ഒഴിവാക്കിയ പാര്‍ട്ടികള്‍.

ആന്ധ്ര പ്രദേശ്-5, അരുണാചല്‍ പ്രദേശ്-1, ബിഹാര്‍-17, ഛണ്ഡീഗഡ്-2, ഛത്തീസ്ഗഡ്- 9, ഡല്‍ഹി-27, ഗോവ-4, ഗുജറാത്ത്-11, ഹരിയാന-21, ജമ്മു കശ്മീര്‍-3, ജാര്‍ഖണ്ഡ്-5, കര്‍ണാടക-12, മധ്യപ്രദേശ്-15, മഹാരാഷ്ട്ര-9, ഒഡീഷ-5, പോണ്ടിച്ചേരി-1, പഞ്ചാബ്-8, രാജസ്ഥാന്‍-7, തമിഴ്നാട്-22, തെലങ്കാന-13, ഉത്തര്‍പ്രദേശ്-115, ഉത്തരാഖണ്ഡ്-6, പശ്ചിമ ബംഗാള്‍-7 എന്നിങ്ങനെയാണ് ഒഴിവാക്കിയ പാര്‍ട്ടികളുടെ എണ്ണം.

1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ (29 എ )പ്രകാരം പാര്‍ട്ടികള്‍ അവരുടെ പേര്, വിലാസം, ഭാരവാഹികള്‍ തുടങ്ങിയ വിശദാംശങ്ങള്‍ നല്‍കാനും എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടെങ്കില്‍ കമ്മീഷനെ ഉടനടി അറിയിക്കാനും ബാധ്യസ്ഥരാണ്.

Content Highlight: Election Commission removes 334 unrecognized parties, including from Kerala

We use cookies to give you the best possible experience. Learn more