| Saturday, 13th September 2025, 1:02 pm

സാഥി സതിയും റേഷന്‍ കാര്‍ഡും എസ്.ഐ.ആറിന് രേഖകളായി ഉള്‍പ്പെടുത്തണമെന്ന പശ്ചിമ ബംഗാളിന്റെ ആവശ്യം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ന്യൂദല്‍ഹി: സാഥി സതിയും, റേഷന്‍ കാര്‍ഡും വോട്ടര്‍ ലിസ്റ്റില്‍ എസ്.ഐ.ആറിന് രേഖകളായി ഉള്‍പ്പെടുത്തണമെന്ന പശ്ചിമബംഗാളിന്റെ ആവശ്യം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ബംഗാള്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് സാഥി സതി.

2026ല്‍ നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പുതുക്കല്‍ നടക്കുന്നതിനിടെയാണ് ഇ.സി.ഐയുടെ ഈ തീരുമാനം.

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് അപേക്ഷിക്കുന്നവരുടെ യോഗ്യത തെളിയിക്കുന്നതിനുള്ള രേഖയായി സാഥി സതി, റേഷന്‍ കാര്‍ഡുകള്‍ എന്നിവ പരിഗണിക്കണമെന്നാണ് ബംഗാള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. സാഥി സതിയുടെ പ്രീമിയം തുക പൂര്‍ണമായും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായാണ് സാഥി സതി കാര്‍ഡ് നല്‍കുന്നത്.

സുപ്രീം കോടതിയുടെ  നിര്‍ദേശപ്രകാരം  കേന്ദ്ര വോട്ടര്‍പട്ടിക പുതുക്കല്‍ പ്രക്രിയയില്‍ ആധാര്‍ കാര്‍ഡ് തിരിച്ചറിയല്‍ രേഖയായി ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി മനോജ് പന്ത് സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ (സി.ഇ.ഒ) വഴി തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കുകയായിരുന്നു.

സാഥി സതി,റേഷന്‍ (പി.ഡി.എസ്) കാര്‍ഡുകള്‍ എന്നിവയും തിരിച്ചറിയല്‍ രേഖകളായി പരിഗണിക്കണമെന്നാണ് അദ്ദേഹം ഈ കത്തിലൂടെ ആവശ്യപ്പെട്ടത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കിയ കത്തില്‍ കമ്മീഷന്‍ ഈ നിര്‍േദശം നിരസിച്ചു.

സാഥി സതി കാര്‍ഡുകള്‍ നല്‍കുന്നതിനുമുമ്പ് ഏതൊരു പൗരന്‍മാരുടെയും എല്ലാ വിവരങ്ങളും സംസ്ഥാന അധികാരികള്‍ പരിശോധിച്ചുറപ്പിക്കുന്നതിനാല്‍, വോട്ടര്‍ പട്ടിക തയ്യാറാക്കുമ്പോള്‍ പൗരത്വത്തിന്റെ തെളിവായി ഇത് ഉപയോഗിക്കാനാകും എന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാദം. റേഷന്‍ കാര്‍ഡുകളും തെരഞ്ഞെടുപ്പ് രേഖയായി അംഗീകരിക്കണമെന്ന് സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ ഈ വാദങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി.

പ്രത്യേക വോട്ടര്‍പട്ടിക പുതുക്കല്‍ (എസ്.ഐ.ആര്‍) എല്ലാ സംസ്ഥാനങ്ങളിലും ഒരേ നിയമം അനുസരിച്ചാണ് നടപ്പാക്കുന്നതെന്നും പശ്ചിമ ബംഗാളിന് ഒരു ഇളവും നല്‍കാന്‍ കഴിയില്ലെന്നും വൃത്തങ്ങള്‍ അറിയിച്ചു.

എന്നാല്‍ ഈ പ്രക്രിയയുടെ യഥാര്‍ത്ഥ ഉദ്ദേശ്യം പശ്ചിമ ബംഗാളില്‍ എന്‍.ആര്‍.സിയും സി.എ.എ.യും (പൗരത്വ ഭേദഗതി നിയമം) പിന്‍വാതിലിലൂടെ കൊണ്ടുവരിക എന്നാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്
ആരോപിച്ചു.

Content highlight:  Election Commission rejects West Bengal’s demand to include Saathi Sati and ration card as documents for SIR

We use cookies to give you the best possible experience. Learn more