| Thursday, 15th May 2025, 2:32 pm

തപാല്‍ ബാലറ്റ് തിരുത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തല്‍; ജി. സുധാകരനെതിരെ കേസെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സി.പി.ഐ.എം മുതിര്‍ന്ന നേതാവ് ജി. സുധാകരനെതിരെ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. മുമ്പ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റ് തിരുത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലിലാണ് നടപടി. ജി. സുധാകരനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടു.

ജി. സുധാകരനെതിരെ വിശദമായ അന്വേഷണം നടത്താനും അടിയന്തിരമായി നടപടിയെടുക്കാനും ആലപ്പുഴ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍.യു. കേല്‍ക്കര്‍ നിര്‍ദേശം നല്‍കി.

സി.പി.ഐ.എം നേതാവിന്റെ വെളിപ്പെടുത്തല്‍ അത്യന്തം ഗൗരവതരമായി കാണുന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

ജി. സുധാകരനെതിരെ കേസെടുക്കാന്‍ സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ജി. സുധാകരന്റെ മൊഴിയെടുക്കുകയാണ്.

ആലപ്പുഴയില്‍ എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൂര്‍വകാല നേതൃസംഗമത്തില്‍ സംസാരിക്കവേയാണ് ജി. സുധാകരന്‍ വെളിപ്പെടുത്തല്‍ നടത്തിയത്. ഇനി കേസെടുത്താലും കുഴപ്പമില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു ജി. സുധാകരന്റെ വെളിപ്പെടുത്തല്‍.

1989ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സംബന്ധിച്ചായിരുന്നു സുധാകരന്റെ പരാമര്‍ശം. എന്‍.ജി.ഒ യൂണിയന്‍കാര്‍ വേറെ ആളുകള്‍ക്ക് തപാല്‍ വോട്ട് ചെയ്യരുതെന്നും അങ്ങനെ ചെയ്യുന്നവരുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ജി. സുധാകരന്റെ പരാമര്‍ശം.

കെ.എസ്.ടി.എ നേതാവ് കെ.വി. ദേവദാസ് ആലപ്പുഴയില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മത്സരിച്ചപ്പോള്‍, ജില്ലാകമ്മിറ്റി ഓഫീസില്‍ വെച്ച് പോസ്റ്റല്‍ ബാലറ്റുകള്‍ പൊട്ടിച്ച് പരിശോധിച്ച ശേഷം തങ്ങള്‍ തിരുത്തിയിട്ടുണ്ടെന്നും ജി. സുധാകരന്‍ വെളിപ്പെടുത്തുകയായിരുന്നു. 15 ശതമാനം ആളുകളും വോട്ടുചെയ്തത് എതിര്‍ സ്ഥാനാര്‍ത്ഥിക്കായിരുന്നുവെന്നും ജി. സുധാകരന്‍ പറഞ്ഞിരുന്നു.

ഈ തെരഞ്ഞെടുപ്പില്‍ പതിനായിരം വോട്ടിന് ദേവദാസ് തോറ്റുവെന്നും അന്ന് വക്കം പുരുഷോത്തമന് എതിരായിട്ടായിരുന്നു അദ്ദേഹം മത്സരിച്ചതെന്നും ജി. സുധാകരന്‍ ചൂണ്ടിക്കാട്ടി. യൂണിയനിലെ ഭൂരിഭാഗം ആളുകള്‍ക്കും ദേവദാസിനെ അറിയില്ലായിരുന്നുവെന്നും ഇക്കാരണത്താലാണ് പോസ്റ്റല്‍ വോട്ട് പൊട്ടിച്ച് തിരുത്തിയതെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

‘എന്‍.ജി.ഒ എന്നത് രാഷ്ട്രീയമില്ലാത്ത സംഘടനയാണ്. ഏത് പാര്‍ട്ടിയില്‍ ഉള്‍പ്പെട്ടവര്‍ക്കും ഈ സംഘടനയില്‍ ചേരാം. പക്ഷേ, തെരഞ്ഞെടുപ്പ് വരുമ്പോള്‍ അത് തുറന്നുപറയണം. ഞാന്‍ ഈ വ്യക്തിക്കാണ് വോട്ട് ചെയ്യുക എന്ന്. അല്ലാതെ പോസ്റ്റല്‍ ബാലറ്റ് ഒട്ടിച്ചുതന്നാല്‍ നിങ്ങളുടെ തീരുമാനം ആരും അറിയില്ല എന്ന് കരുതരുത്,’ ജി. സുധാകരന്റെ വെളിപ്പെടുത്തൽ

Content Highlight: Election Commission orders to file case against G.Sudhakaran for revealing that postal ballots have been tampered with

We use cookies to give you the best possible experience. Learn more