ന്യൂദൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വതന്ത്ര പദവി നഷ്ടപ്പെട്ട് ഭരണകൂടത്തിന് വേണ്ടി ജനാധിപത്യം അട്ടിമറിക്കാനുള്ള ഉപകരണമായി മാറിയെന്ന് ആർ.ജെ.ഡി നേതാവും ബിഹാർ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച അദ്ദേഹം, ബീഹാർ ഉൾപ്പെടെ അടുത്തിടെ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ അടിയന്തരമായി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു.
കഴിഞ്ഞ പത്ത് മാസത്തിനിടെ കമ്മീഷന്റെ തീരുമാനങ്ങളോട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും 14 തവണയെങ്കിലും വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു എന്ന മാധ്യമ റിപ്പോർട്ടുകൾ മുൻനിർത്തിയാണ് തേജസ്വിയുടെ പ്രതികരണം.
കമ്മീഷന്റെ പ്രവർത്തനരീതിയിൽ ഇപ്പോൾ വിയോജിപ്പ് ഉന്നയിക്കുന്ന ഇവർ ഇത്രയും കാലം എന്തുകൊണ്ട് നിശബദത പാലിച്ചുവെന്നും തേജസ്വി ചോദിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ചേർന്ന് ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.
വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ പേരിൽ വോട്ടർമാരെ പുറന്തള്ളുന്ന രീതിയാണ് നടക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സുതാര്യത തിരിച്ചുപിടിക്കാൻ ജനങ്ങൾ തെരുവിലിറങ്ങേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും തേജസ്വി യാദവ് വ്യക്തമാക്കി.
അതേസമയം, കമ്മീഷന്റെ നിഷ്പക്ഷതയെക്കുറിച്ച് ഉയർന്നുവന്ന ഗുരുതരമായ ആരോപണങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ വ്യക്തമായ മറുപടി നൽകണമെന്ന് കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ പ്രതികരിച്ചു. പ്രതിപക്ഷത്തിന് ആരോപണങ്ങൾ ഉന്നയിക്കുക എന്നത് സ്ഥിരം രാഷ്ട്രീയ അജണ്ടയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlight: “Election Commission Has Become a Tool to Undermine Democracy; Recent Elections Should Be Annulled: Tejashwi Yadav”