| Wednesday, 22nd October 2025, 1:30 pm

യു.പിയില്‍ ക്ഷേത്രത്തിന് സമീപം മൂത്രമൊഴിച്ചെന്ന് ആരോപിച്ച് ദളിത് വൃദ്ധനെ കൊണ്ട് നിലം നക്കിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ക്ഷേത്രത്തിന് സമീപം മൂത്രമൊഴിച്ചെന്ന് ആരോപിച്ച് ദളിത് വൃദ്ധനെ കൊണ്ട് നിലം നക്കിച്ചു. വൃദ്ധനെ ജാതീയമായി അധിക്ഷേപിച്ചതായും ആരോപണമുണ്ട്. തിങ്കളാഴ്ച വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം. 60കാരനായ രാംപാല്‍ റാവത്താണ് അധിക്ഷേപം നേരിട്ടത്.

സംഭവത്തില്‍ സ്വാമി കാന്ത് എന്നയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. രാംപാലിന്റെ കുടുംബം നല്‍കിയ പരാതിയിലാണ് സ്വാമി കാന്തിനെ കസ്റ്റഡിയിലെടുത്തത്.

ബി.എന്‍.എസ് സെക്ഷന്‍ 115(2) (സ്വമേധയാ പരിക്കേല്‍പ്പിക്കല്‍), 351(3) (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍), 352 (സമാധാനം തകര്‍ക്കാന്‍ ഉദ്ദേശിച്ചുള്ള മനഃപൂര്‍വമായ നീക്കം), പട്ടികജാതി, പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമം പ്രകാരം ഇയാള്‍ക്കതിരെ കേസെടുക്കുകയും ചെയ്തു.

എന്നാല്‍ വൃദ്ധനെ നിലത്ത് തൊടാന്‍ മാത്രമേ നിര്‍ബന്ധിച്ചിട്ടുള്ളുവെന്നാണ് പ്രതിയുടെ വാദം. അതേസമയം സ്വാമി കാന്ത് ഉന്നയിച്ച മുഴുവന്‍ ആരോപണങ്ങളും രാംപാല്‍ റാവത്ത് നിഷേധിച്ചു. കഴിഞ്ഞ ദിവസം താന്‍ ലഖ്നൗവിലെ കകോരിയിലുള്ള ശീത്‌ല മാതാ മന്ദിറില്‍ നിന്ന് വെള്ളം കുടിക്കുകയായിരുന്നു. ഇത് കണ്ടെത്തിയ സ്വാമി കാന്ത് താന്‍ മൂത്രമൊഴിച്ചതായി ആരോപിക്കുകയായിരുന്നു.

മാത്രമല്ല, തന്നെ ഭീഷണിപ്പെടുത്തി നിലം നക്കാന്‍ പ്രേരിപ്പിച്ചുവെന്നും രാംപാല്‍ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പ്രതികരിച്ചു. വെള്ളം കുടിക്കുന്നതിനിടെ കുറച്ച് വെള്ളം താഴെ വീണിരുന്നെന്നും ഇതിനുപിന്നാലെയാണ് പ്രശ്‌നങ്ങള്‍ ഉണ്ടായതെന്നും രാംപാല്‍ റാവത്ത് പറഞ്ഞു.

ഇക്കാര്യങ്ങള്‍ ഒന്നും തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്ന് രാംപാലിന്റെ ചെറുമകന്‍ മുകേഷ് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. മുത്തച്ഛന്‍ മൂത്രമൊഴിച്ചതായി സ്വാമി കാന്ത് ആരോപിക്കുന്ന ഇടത്ത് നിന്ന് 40 മീറ്റര്‍ അകലെയാണ് ക്ഷേത്രമുള്ളതെന്നും മുകേഷ് പറഞ്ഞു.

കൂടാതെ, മുത്തച്ഛന് ശ്വസിക്കാന്‍ ചില ബുദ്ധിമുട്ടുകളുണ്ടെന്നും ചുമയ്ക്കുമ്പോള്‍ അബദ്ധത്തില്‍ മൂത്രമൊഴിക്കാറുണ്ടെന്നും മുകേഷ് ചൂണ്ടിക്കാട്ടി. എന്നാല്‍ അന്നേ ദിവസം എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും മുകേഷ് പറഞ്ഞു.

സ്വാമി കാന്ത് ഭീഷണിപ്പെടുത്തിയപ്പോള്‍ മുത്തച്ഛന് നിലം നല്‍കേണ്ടി വന്നുവെന്നും ശേഷം അദ്ദേഹത്തെ കൊണ്ട് സംഭവസ്ഥലം കഴുകിച്ചെന്നും മുകേഷ് പ്രതികരിച്ചു. സംഭവത്തില്‍ സമാജ്‌വാദി പാര്‍ട്ടി മേധാവി അഖിലേഷ് യാദവ് ഉള്‍പ്പെടെ രൂക്ഷവിമര്‍ശനം ഉയര്‍ത്തി. യു.പിയിലെ സംഭവം ‘മനുഷ്യത്വത്തിനേറ്റ കളങ്ക’മാണെന്ന് അഖിലേഷ് പറഞ്ഞു.

നിലവില്‍ കസ്റ്റഡിയിലുള്ള പ്രതിയ്ക്ക് ആര്‍.എസ്.എസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. എന്നാല്‍ കോണ്‍ഗ്രസിന്റെ വാദം പൊലീസ് നിഷേധിച്ചു.

Content Highlight: Elderly Dalit man forced to lick ground after ‘accidentally’ urinating near temple in UP

We use cookies to give you the best possible experience. Learn more