| Sunday, 7th December 2025, 6:07 pm

മൂന്നാം വാരവും ഗംഭീര പ്രതികരണം; 16 ദിവസത്തില്‍ എക്കോ നേടിയത് ഇത്ര കോടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബാഹുല്‍ രമേശിന്റെ തിരക്കഥയില്‍ ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത എക്കോ മികച്ച പ്രതികരണങ്ങള്‍ നേടി തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. സന്ദീപ് പ്രദീപ്, സൗരഭ് സച്ച്‌ദേവ, ബിയാന മോമിന്‍, വിനീത് തുടങ്ങിയ താരങ്ങള്‍ അണിനിരന്ന എക്കോ ആദ്യ ദിനം മുതല്‍ ഗംഭീര അഭിപ്രായങ്ങള്‍ നേടിയിരുന്നു.

മികച്ച പ്രതികരണങ്ങള്‍ക്ക് പിന്നാലെ ചിത്രം ബോക്‌സ് ഓഫീസിലും കുതിപ്പ് തുടര്‍ന്നിരുന്നു. നവംബര്‍ 21 ന്  തിയേറ്ററുകളിലെത്തിയ ചിത്രം ഓപ്പണിങ്ങില്‍ 80 ലക്ഷം കളക്ഷന്‍ മാത്രമാണ് സ്വന്തമാക്കിയതെങ്കിലും പിന്നീട് വന്‍ കുതിപ്പ് തുടര്‍ന്നു.

Eko/ Theatrical poster

ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ ബോക്‌സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. റിലീസ് ചെയ്ത് മൂന്നാം വാരത്തില്‍ കളങ്കാവല്‍ ഉള്‍പ്പെടെയുള്ള പുതിയ സിനിമകള്‍ റിലീസിനെത്തിയെങ്കിലും എക്കോ ഇപ്പോഴും തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്നുണ്ട്.

സാക്‌നില്‍ക്ക് പുറത്ത് വിട്ട കണക്ക് പ്രകാരം 16 ദിവസങ്ങള്‍ കൊണ്ട് ചിത്രം ഇന്ത്യയില്‍ നിന്ന് 21.4 കോടിയാണ് നേടിയത്. ഗ്രോസ് 25.25 കോടി നേടിയപ്പോള്‍ ആഗോള ബോക്‌സ് ഓഫീസില്‍ എക്കോ ഇതുവരെ നേടിയത് 40.75 കോടിയാണ്്. പുതിയ റിലീസുകള്‍ കാരണം സ്‌ക്രീന്‍ കൗണ്ട് കുറയുമെങ്കിലും സിനിമ വരുന്ന വാരങ്ങളിലും പ്രദര്‍ശനം തുടരും.

സമീപകാലത്ത് ഇറങ്ങിയതില്‍ ഏറെ നിരൂപക പ്രശംസ ഏറ്റുവാങ്ങിയ ചിത്രങ്ങളിലൊന്നാണ് എക്കോ. ഫ്രം ദി മേക്കേഴ്‌സ് ഓഫ് കിഷ്‌കിന്ധാ കാണ്ഡം എന്ന ഘടകം തന്നെയായിരുന്നു ഏതൊരു പ്രേക്ഷകനെയും എക്കോയിലേക്ക് അടുപ്പിച്ചത്. തിയേറ്ററില്‍ മികച്ച സിനിമാനുഭവം സമ്മാനിച്ച ചിത്രം 2025ല്‍ ഇറങ്ങിയ മികച്ച മലയാള സിനിമകളിലൊന്നായാണ് കണക്കാക്കുന്നത്.

കിഷ്‌കിന്ധാ കാണ്ഡം എന്ന ഒറ്റ സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ തിരക്കഥാകൃത്താണ് ബാഹുല്‍ രമേശ്. ബാഹുലിന്റെ തന്നെ തിരക്കഥയിലാണ് കേരള ക്രൈം ഫയല്‍സ് സീസണ്‍ 2 വും എത്തിയത്. ആനിമല്‍ ട്രിളോജിയിലെ അവസാന ഭാഗമായാണ് എക്കോ എത്തിയത്. കിഷ്‌കിന്ധാ കാണ്ഡത്തിന്റെ സംഗീത സംവിധായകന്‍ മുജീബ് മജീദ് തന്നെയാണ് എക്കോയുടെയും സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

Content Highlight:  Eko’s box office collection in 16 days

We use cookies to give you the best possible experience. Learn more