| Saturday, 29th November 2025, 12:10 pm

കിഷ്‌കിന്ധയും എക്കോയും ഇനി കളങ്കാവലും ചത്താ പച്ചയും; ബ്രാന്‍ഡായി മാറുന്ന മുജീബ് മജീദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എക്കോ സിനിമയുടെ റിലീസിനു ശേഷം മലയാളി സിനിമ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പേരാണ് മുജീബ് മജീദ്. 2018 ല്‍ മന്ദാരം എന്ന മലയാള ചിത്രത്തിലൂടെ സംഗീത സംവിധായകാനെത്തിയ മുജീബിന്റെതായി വരാനിരിക്കുന്നത് മമ്മൂട്ടി നായകനാകുന്ന കളങ്കാവലും ആക്ഷന്‍ ചിത്രമായ ചത്താ പച്ചയുമടക്കം വമ്പന്‍ പ്രൊജക്ടുകളാണ്.

വരാനിരിക്കുന്ന സിനിമകളെക്കുറിച്ചും എക്കോ സിനിമയില്‍ സംഗീതം നിര്‍വഹിച്ച അനുഭവത്തെക്കുറിച്ചും സംസാരിക്കുകയാണ് ഇന്‍ഡിവുഡ് ആന്‍ഡ് വണ്ടര്‍വാള്‍ മീഡിയ നെറ്റ്‌വര്‍ക്ക് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മുജീബ്.

Photo/ Theatrical posters of chatha pacha and kalam kaval

‘മ്യൂസിക് എപ്പോഴും പേഴ്‌സണലാണ്, എനിക്ക് ഇഷ്ടപ്പെടുന്ന മ്യൂസിക് ആയിരിക്കില്ല ചിലപ്പോള്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്നത്. ഈ അഭിപ്രായ വ്യത്യാസം സംവിധായകനുമായുണ്ടായാല്‍ അവിടെ ക്ലാഷ് സംഭവിക്കും. അതുകൊണ്ട് തന്നെ എല്ലാ ചിത്രവും തുടങ്ങുന്നത് ഒരു ബ്ലാങ്ക് നോട്ടിലാണ്. ചിത്രത്തിന്റെ തിരക്കഥ വായിക്കാറില്ല, കാരണം തിരക്കഥ വായിച്ചാല്‍ എന്റെതായ ലോകം മനസ്സില്‍ കണ്ടാവും ഞാന്‍ സംഗീതം നിര്‍വ്വഹിക്കുന്നത്.

ചിത്രത്തിന്റെ ഷൂട്ട് കഴിഞ്ഞ് ഫസ്റ്റ് എഡിറ്റ് കണ്ടതിനു ശേഷമാണ് സാധാരണയായി എന്റെ വര്‍ക്ക് തുടങ്ങാറുള്ളത്. സംവിധായകനുമായുള്ള ചര്‍ച്ചയും സംഗീത നിര്‍വ്വഹണത്തില്‍ പ്രാധാനപ്പെട്ട കാര്യമാണ്. എക്കോയുടെ ഷൂട്ടിനു മുന്‍പ് ബാഹുലുമായും ദിന്‍ജിത്തുമായും ചിത്രത്തിന്റെ സെറ്റിംഗുമായി ബന്ധപ്പെട്ട് ഒരുപാട് ചര്‍ച്ചകള്‍ നടത്തിയിരുന്നു.

കേരളത്തിലാണ് കഥ നടക്കുന്നതെങ്കിലും ഇന്റര്‍നാഷണല്‍ ലെവലിലുള്ള സ്‌കോര്‍ ആണ് ചെയ്യേണ്ടതെന്നും പ്രേക്ഷകര്‍ എന്ത് വിചാരിക്കുന്നോ അതിന് വിപരീതമായിരിക്കണം ഓരോ സീനിലും വരേണ്ടതെന്നും ബാഹുല്‍ നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു’ മുജീബ് പറയുന്നു.

ഡിസംബര്‍ 5 ന് റിലീസ് ചെയ്യാനിരിക്കുന്ന മമ്മൂട്ടി ചിത്രമായ കളങ്കാവലിനെക്കുറിച്ചുള്ള പ്രതീക്ഷകളും മൂജീബ് പങ്കു വക്കുന്നു. ‘മമ്മൂക്കയുടെ കൂടെ ഒരു വര്‍ക്ക് ചെയ്യണമെന്നത് ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു. കളങ്കാവലില്‍ അവസരം ലഭിച്ചപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. എക്കോ പോലെ തന്നെ കളങ്കാവലും ഒരു പ്രത്യേക പിരിയഡ് അടിസ്ഥാനമാക്കിയാണെങ്കിലും മ്യൂസിക് ചെയ്തത് മമ്മൂക്കക്ക് വേണ്ടിയാണ്. തിയേറ്റര്‍ എക്‌സ്പീരിയന്‍സ് എന്ന രീതിയില്‍, കാണുന്ന ആളെ ചിത്രത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്’ മുജീബ് പറഞ്ഞു.

Photo:Mammooty and Vinayakan/ The Hindu

എ,ആര്‍. റഹ്‌മാന്റെ വലിയ ആരാധകനായ മുജീബ് രേഖാചിത്രം, തിങ്കളാഴ്ച്ച നിശ്ചയം, വൈറ്റ് ആള്‍ട്ടോ തുടങ്ങിയ ചിത്രങ്ങള്‍ക്കും സംഗീതം വിര്‍വഹിച്ചിട്ടുണ്ട്.
അദ്വൈത് നായര്‍ സംവിധാനം ചെയ്ത് അര്‍ജുന്‍ അശോകനും റോഷന്‍ മാത്യുവും പ്രധാന വേഷത്തിലെത്തുന്ന ചത്താ പച്ചയാണ് മൂജീബിന്റെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.


Content Highlight: eko music director mujeeb majeed talks about upcoming mamootty project kalam kaval and chatha pacha

We use cookies to give you the best possible experience. Learn more