ബഹുൽ രമേശിന്റെ തിരക്കഥയിൽ ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത, മലയാള സിനിമയ്ക്ക് അഭിമാനമായി മാറിയ ചിത്രമാണ് എക്കോ. സന്ദീപ് പ്രദീപ് നായകനായെത്തിയ ചിത്രത്തിൽ വിനീത്, നരേൻ, അശോകൻ തുടങ്ങിയവരുടെ പ്രകടനങ്ങളും പ്രേക്ഷക ശ്രദ്ധ നേടി. മറ്റു സിനിമകളിൽ നിന്ന് വ്യത്യസ്തമായി, വ്യക്തമായ ഉത്തരങ്ങൾ നൽകാതെ ഒരു ഓപ്പൺ എൻഡിങ് തന്നെയാണ് സംവിധായകനും തിരക്കഥാകൃത്തും പ്രേക്ഷകർക്ക് മുന്നിൽ വെച്ചത്.
തിയേറ്റർ റിലീസിന് പിന്നാലെ മികച്ച പ്രതികരണങ്ങൾ നേടിയ ചിത്രം, ഒ.ടി.ടി റിലീസിന് ശേഷം കൂടുതൽ ആഴത്തിലുള്ള ചർച്ചകൾക്ക് വഴിയൊരുക്കുകയായിരുന്നു. സിനിമ കണ്ടിറങ്ങിയ ഓരോ പ്രേക്ഷകനും വ്യത്യസ്തമായ എൻഡിങ്ങും സംശയങ്ങളുമാണ് ‘എക്കോ’യെ കുറിച്ച് പങ്കുവച്ചത്. അതിനാലാകാം, റിലീസിന് ഏറെ നാളുകൾ കഴിഞ്ഞിട്ടും എക്കോ ഇന്നും പ്രേക്ഷക ഹൃദയങ്ങളിൽ നിലനിൽക്കുന്നത്.
എക്കോ, Photo: IMDb
ഇപ്പോഴിതാ, പ്രേക്ഷകർ മറ്റൊരു പുതിയ സംശയവുമായി രംഗത്തെത്തിയിരിക്കുകയാണ്. മോഹൻ പോത്തനായി എത്തിയ വിനീത്, മ്ലാത്തിച്ചേട്ടത്തിയോട് പറയുന്ന ഒരു വാചകമാണ് പുതിയ ചർച്ചകൾക്ക് തുടക്കമിട്ടത്. ആ വാക്കുകളിലൂടെയാണ് മ്ലാത്തിച്ചേട്ടത്തിക്ക് കുര്യച്ചനോടുള്ള ദേഷ്യവും വാശിയും ശക്തമാകുന്നത്. എന്നാൽ ഒരു പക്ഷേ, പോത്തൻ പറഞ്ഞത് കള്ളമായിരുന്നെങ്കിലോ?
അല്ലെങ്കിൽ കുര്യച്ചൻ യഥാർത്ഥത്തിൽ നിരപരാധിയാണെങ്കിലോ? ഇതാണ് പ്രേക്ഷകർ ഉയർത്തുന്ന ചോദ്യം.
മോഹൻ പോത്തൻ കുര്യച്ചനെ കുറിച്ച് പറഞ്ഞത് ഒരു കള്ളക്കഥയായിരുന്നു, ആ കഥ വിശ്വസിച്ചാണ് മ്ലാത്തി അമ്മച്ചി എല്ലാം ചെയ്തത് എന്നൊരു ചർച്ചയും സോഷ്യൽ മീഡിയയിൽ ശക്തമാണ്. വിനീതിന്റെ ശക്തമായ പെർഫോമൻസിന് പിന്നാലെ വരുന്ന ഒരു സീനിൽ, മ്ലാത്തി അമ്മച്ചി യോഷ്യാനെ കുറിച്ച് കുര്യച്ചനോട് ചോദിക്കുന്നതും ശ്രദ്ധേയമാണ്. അതിന് കുര്യച്ചൻ നൽകുന്ന മറുപടി ‘ആ ഒരു ചെറിയ കള്ളം മാത്രമേ ഞാൻ നിന്നോട് പറഞ്ഞിട്ടുള്ളൂ’ എന്നാണ്.
എക്കോ, Photo: YouTube/ Screengrab
സിനിമയുടെ ആദ്യ ഭാഗങ്ങളുമായി ബന്ധിപ്പിച്ചാണ് പ്രേക്ഷകർ ഇതിനെ വായിക്കുന്നത്. ഡോക്ടർ മ്ലാത്തി ചേട്ടത്തിയെ പരിശോധിക്കുമ്പോൾ ചോദിക്കുന്ന ‘ചെവി അടഞ്ഞ പോലൊന്നുമില്ലല്ലോ?’ എന്ന ചോദ്യത്തിനുള്ള മറുപടിയായ ‘റൊട്ടി പാലിൽ മുക്കി കഴിച്ചു’ എന്ന ഡയലോഗും, പിന്നീട് ആവർത്തിക്കുന്ന സമാന സീക്വൻസുകളും ഈ സംശയങ്ങൾക്ക് കൂടുതൽ ബലം നൽകുന്നു.
അന്ന് കുര്യച്ചൻ മ്ലാത്തിയോട് സംസാരിച്ചത് അവളുടെ ചെവി അടഞ്ഞിരുന്ന സമയത്തായിരുന്നെങ്കിലോ? അവൾ കേട്ടത് സത്യമല്ല, അവൾ തന്നെ വിചാരിച്ച് എടുത്ത കാര്യമാണെങ്കിലോ എന്നാണ് പ്രേക്ഷകർ മുന്നോട്ടു വെക്കുന്ന സംശയം.
എക്കോ, Photo: IMDb
ചെയ്യാത്ത കുറ്റത്തിനാണ് കുര്യച്ചൻ അവിടെ കുടുങ്ങിക്കിടക്കുന്നത് എന്നൊരു ചർച്ചയും ശക്തമാകുന്നു.
കുര്യച്ചൻ എവിടെയാണെന്ന് കണ്ടെത്താൻ മോഹൻ പോത്തൻ ഒരുക്കിയ ഒരു ഇരയായിരുന്നു ആ കള്ളക്കഥ അതിൽ മ്ലാത്തിച്ചേട്ടത്തി കൊത്തി പോയതാണോ എന്നിങ്ങനെയുള്ള സംശയങ്ങളും പ്രേക്ഷകർ മുന്നോട്ട് വെക്കുന്നു.
ഇത്തരം സംശയങ്ങളും വ്യത്യസ്ത ആശയങ്ങളും തന്നെയാണ് എക്കോ എന്ന സിനിമയുടെ യഥാർത്ഥ വിജയം. ഓരോ പ്രേക്ഷകനും സ്വന്തം ഉത്തരങ്ങൾ കണ്ടെത്തുന്ന തരത്തിൽ ഒളിപ്പിച്ചുവെച്ച സസ്പെൻസുകളും ആകാംക്ഷയുമാണ്, എക്കോയെ ഇന്നും പുതുമയോടെ ചർച്ചകളിൽ സജീവമായി നിലനിർത്തുന്നത്.
Content Highlight: Eko movie is being discussed again on social media