സ്റ്റാര്‍ കാസ്റ്റും ബജറ്റുമല്ല, കണ്ടന്റാണ് മലയാളസിനിമയുടെ താരമെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞദിവസം റിലീസായ രണ്ട് സിനിമകളുടെ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. പാന്‍ ഇന്ത്യന്‍ താരമായ പൃഥ്വിരാജ് നായകനായെത്തിയ വിലായത്ത് ബുദ്ധയും സന്ദീപ് പ്രദീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച എക്കോയും ഒരുമിച്ചാണ് തിയേറ്ററുകളിലെത്തിയത്.
ഗുരുവായൂരമ്പല നടയിലിന് ശേഷം പൃഥ്വിരാജ് നായകനായെത്തിയ ചിത്രത്തിന് പ്രതീക്ഷിച്ച പ്രതികരണമല്ല ലഭിച്ചത്. സച്ചി ചെയ്യേണ്ടിയിരുന്ന വിലായത്ത് ബുദ്ധ ജയന്‍ നമ്പ്യാറാണ് സംവിധാനം ചെയ്തത്. പൃഥ്വിരാജിനൊപ്പം ഷമ്മി തിലകനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച വിലായത്ത് ബുദ്ധക്ക് ശരാശരി അഭിപ്രായമാണ് സ്വന്തമാക്കാനായത്.
എന്നാല്‍ വിലായത്ത് ബുദ്ധയോടൊപ്പമെത്തിയ എക്കോ അതിഗംഭീര പ്രതികരണമാണ് നേടുന്നത്. കിഷ്‌കിന്ധാ കാണ്ഡത്തിന് ശേഷം ബാഹുല്‍ രമേശ്, ദിന്‍ജിത്ത് അയ്യത്താന്‍, മുജീബ് മജീദ് എന്നിവരൊന്നിച്ച എക്കോ ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമാനുഭവമാണെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നു. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ആപ്പായ ബുക്ക്‌മൈഷോയിലും എക്കോവിലായത്ത് ബുദ്ധയെ പിന്തള്ളിയിരിക്കുകയാണ്.
ആദ്യദിനം രണ്ട് സിനിമകളും ടിക്കറ്റ് വില്പനയുടെ കാര്യത്തില്‍ ഒപ്പത്തിനൊപ്പം നിന്നെങ്കിലും രണ്ടാം ദിനം എക്കോ അതിവേഗം മുന്നേറുകയാണ്. മണിക്കൂറില്‍ ആറായിരത്തിനടുത്ത് ടിക്കറ്റുകളാണ് എക്കോയുടേതായി വിറ്റുപോകുന്നത്. വിലായത്ത് ബുദ്ധയുടേതാകട്ടെ രണ്ടായിരത്തിനടുത്ത് ടിക്കറ്റുകള്‍ മാത്രമാണ് വിറ്റുപോകുന്നത്.
പൃഥ്വിരാജിനെപ്പോലെ വലിയൊരു താരത്തിനൊപ്പം ക്ലാഷ് വെച്ച് ഇത്തരത്തിലൊരു മുന്നേറ്റം നടത്തുന്ന സന്ദീപ് പ്രദീപ് തന്നെയാണ് സിനിമാപ്രേമികളുടെ ചര്‍ച്ചാവിഷയം. ഈ വര്‍ഷം സന്ദീപ് ഭാഗമായ മൂന്ന് സിനിമകളും ഗംഭീര പ്രതികരണമാണ് സ്വന്തമാക്കിയത്. ആലപ്പുഴ ജിംഖാനയിലെ ഷിഫാസില്‍ നിന്ന് പടക്കളത്തിലെ ജിതിനിലേക്ക് എത്തിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ സന്ദീപ് ഞെട്ടിച്ചു. ഇപ്പോഴിതാ എക്കോയിലൂടെ മികച്ച പെര്‍ഫോമറാണ് താനെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കിയിരിക്കുകയാണ് സന്ദീപ്.
വരുംദിവസങ്ങളിലും എക്കോ ബോക്‌സ് ഓഫീസില്‍ വമ്പന്‍ മുന്നേറ്റം നടത്തുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുയാണ്. വീക്കെന്‍ഡിന് ശേഷവും വേര്‍ഡ് ഓഫ് മൗത്തിലൂടെ എക്കോക്ക് ധാരാളം പ്രേക്ഷകര്‍ ലഭിക്കുമെന്ന് ഉറപ്പാണ്. ബാഹുല്‍ രമേശിന്റെ അനിമല്‍ ട്രിലോജിയിലെ അവസാന ചിത്രമാണ് എക്കോ. വിനീത്, നരേന്‍, ബിനു പപ്പു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
Content Highlight: Eko movie had huge demand in Bookmyshow more than Vilayath Budha