ബോക്‌സ് ഓഫീസില്‍ 50 കോടി നേടി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത എക്കോ. സമൂഹമാധ്യമങ്ങളിലൂടെ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് കണക്കുകള്‍ പുറത്ത് വിട്ടത്. ബാഹുല്‍ രമേശിന്റെ തിരക്കഥയില്‍ ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ചിത്രം നവംബര്‍ 21നാണ് തിയേറ്ററുകളിലെത്തിയത്.
സമീപകാലത്ത് ഇറങ്ങിയതില്‍ ഏറെ നിരൂപക പ്രശംസ ഏറ്റുവാങ്ങിയ ചിത്രങ്ങളിലൊന്നായി എക്കോ മാറിയിരുന്നു. ഫ്രം ദി മേക്കേഴ്‌സ് ഓഫ് കിഷ്‌കിന്ധാ കാണ്ഡം എന്ന ഘടകം തന്നെയായിരുന്നു ഏതൊരു പ്രേക്ഷകനെയും എക്കോയിലേക്ക് അടുപ്പിച്ചത്. കിഷ്‌കിന്ധാ കാണ്ഡത്തിന് ശേഷം അതേ കൂട്ടുക്കെട്ട് വീണ്ടും ഒന്നിച്ചപ്പോള്‍ പിറന്നത് മറ്റൊരു മാസ്റ്റര്‍പ്പീസ് ആയിരുന്നു.
ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറില്‍ എം.ആര്‍.കെ ജയറാം നിര്‍മിച്ച ചിത്രത്തില്‍ സന്ദീപ് പ്രദീപ്, ബിയാനോ മോമിന്‍, വിനീത്, നരേന്‍, സൗരഭ് സച്ച്‌ദേവ തുടങ്ങിയവരാണ് പ്രധാനവേഷങ്ങളിലെത്തിയിരുന്നത്.
മിസ്റ്ററി ത്രില്ലര്‍ ഴോണര്‍ വിഭാഗത്തില്‍ തിയേറ്ററുകളിലെത്തിയ എക്കോ മികച്ച സിനിമാറ്റിക് എക്‌സ്പീരിയന്‍സാണ് കാണികള്‍ക്ക് സമ്മാനിച്ചത്. കിഷികിന്ധാ കാണ്ഡത്തിന് ഒപ്പമോ, അതിനു മുകളിലോ നില്‍ക്കുന്ന ചിത്രമാണ് എക്കോയെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടത്.
പടക്കളത്തിന് ശേഷം സന്ദീപ് നായക വേഷത്തിലെത്തിയ ചിത്രം കൂടിയായിരുന്നു എക്കോ. അഞ്ച് കോടി ബജറ്റില്‍ എത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ 50 കോടിയാണ് സ്വന്തമാക്കിയത്. മുജീബ് മജീദ് സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് തിരക്കഥാകൃത്ത് ബാഹുല്‍ രമേശ് തന്നെയാണ്. ചിത്രം ഡിസംബര്‍ 31ന് നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിങ് ആരംഭിക്കും.
Content Highlight: Eko, directed by Dinjith Ayyathan, grossed 50 crores at the box office