മുംബൈ: പ്രധാനമന്ത്രി തന്റെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന ആരോപിച്ച പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് മോദി ഫോബിയ ആണെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ. പ്രധാനമന്ത്രി രാഹുലിന്റെ മനസില്‍ രാവും പകലും നിറഞ്ഞുനില്‍ക്കുകയാണെന്ന തോന്നുന്നുവെന്ന് ഷിന്‍ഡെ പരിഹസിച്ചു.
വെള്ളിയാഴ്ച നടത്തിയ ഇന്‍സ്റ്റഗ്രാം ആസ്ക് മി സെഷനിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് രാഹുല്‍ പറഞ്ഞത്.
വിദേശശക്തികളുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നത് ആരാണെന്നും യഥാര്‍ഥ രാജ്യദ്രോഹി ആരാണെന്നും അറിയാന്‍ നേര്‍ക്കുനേര്‍ സംവാദം നടത്തണമെന്നും ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ തന്റെ ഫോണിലുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അതിനാലാണ് തന്റെ ഫോണ്‍ പ്രധാനമന്ത്രി ചോര്‍ത്തുന്നതെന്ന് രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ഇതിന് മറുപടിയായാണ് ഏക്നാഥ് ഷിന്‍ഡെ രംഗത്തെത്തിയത്. പ്രധാനമന്ത്രിയുടെ പേര് പരാമര്‍ശിച്ചില്ലെങ്കില്‍ മാധ്യമശ്രദ്ധ നേടാനോ ചര്‍ച്ചകളില്‍ പ്രസക്തി നിലനിര്‍ത്താനോ പോലും രാഹുല്‍ ഗാന്ധിയ്ക്ക് കഴിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം എന്ന് ഷിന്‍ഡെ എക്സില്‍ കുറിച്ചു.
‘തകര്‍ന്നുകൊണ്ടിരിക്കുന്ന തന്റെ രാഷ്ട്രീയത്തോണിയെ രക്ഷിക്കാനനും പൊതുശ്രദ്ധയില്‍ തുടരാനുമായി ഫോണ്‍ ചോര്‍ത്തല്‍ പോലുള്ള അടിസ്ഥാനരഹിതവും ഭാവനാപരവും ബാലിശവുമായ ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിക്കുന്നത്. വ്യക്തമായ വിഷയങ്ങളില്ല, വികസനത്തിനായുള്ള കാഴ്ചപ്പാടില്ല, ആരോപണങ്ങള്‍ സാധൂകരിക്കാന്‍ ഒരു തെളിവുപോലുമില്ല,’ ഷിന്‍ഡെ പറഞ്ഞു.
തന്റ കൈവശം തെളിവുകളുണ്ടെന്ന് ആവര്‍ത്തിച്ച് പൊള്ളയായ അവകാശവാദങ്ങള്‍ ഉന്നയിക്കുകയും ഇരുട്ടിലേക്ക് അമ്പെയ്യുകയും ചെയ്യുന്ന രാഹുല്‍ ദിവസവും പുതിയ വ്യാജ ആഖ്യാപനങ്ങള് സൃഷ്ടിക്കുകയാണെന്ന് ഷിന്‍ഡെ ആരോപിച്ചു. ഇതാണ് അദ്ദേഹത്തിന്റെ മുഴുവന്‍ സമയ ജോലിയെന്ന് തോന്നുന്നുവെന്ന് ഷിന്‍ഡെ പരിഹസിച്ചു.
‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യം പുരോഗതിയുടെ പുതിയ ഉയരങ്ങള്‍ കീഴടക്കുമ്പോള്‍ ഇത്തരം അസംബന്ധ പ്രസ്താവനകളിലൂടെ പ്രതിപക്ഷനേതാവ് സ്വയം പരിഹാസ്യനാവുകയാണ്,’ ഷിന്‍ഡെ കൂട്ടിച്ചേര്‍ത്തു.
ഒഴിഞ്ഞ പാത്രങ്ങളാണ് കൂടുതല്‍ ശബ്ദമുണ്ടാക്കുന്നത് എന്ന പഴഞ്ചൊല്ല് രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനങ്ങളെ കൃത്യമായി വിശേഷിപ്പിക്കുന്നു എന്ന് പരിഹസിച്ചുകൊണ്ടാണ് ഷിന്‍ഡെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
രാഹുലിന്റെ പരാമര്‍ശത്തിനെതിരെ ബി.ജെ.പി നേതാക്കളായ രാജീവ് ചന്ദ്രശേഖറും വിശ്വാസ് സാരംഗും രംഗത്തെത്തിയിരുന്നു. അതേസമയം, കോണ്‍ഗ്രസ് നേതാക്കളായ പവന് ഖേരയും സുപ്രിയ ശ്രീനതെയും രാഹുല്‍ ഗാന്ധിയുടെ വെല്ലുവിളിയെ പിന്തുണച്ചു. അധീര്‍ രഞ്ജന്‍ ചൗധരിയും രാഹുലിന്റെ വാദങ്ങളെ പ്രതിരോധിച്ച് രംഗത്തെത്തി.
Content Highlight: Eknath Shinde hits back at Rahul Gandhi over phone tapping allegations