കോഴിക്കോട്: സി.പി.ഐ.എം നേതാവ് കെ.ജെ. ഷൈനെതിരായ വ്യാജപ്രചരണങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കളില്ലെന്ന എറണാകുളം ഡി.സി.സി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസിന്റെ വാദം തെറ്റ്.
കെ.ജെ. ഷൈനെതിരായ വ്യാജപ്രചരണങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കളില്ലെന്നും ആരോപണങ്ങള്‍ പുറത്തുവന്നത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക പേജുകളിലൂടെയല്ലെന്നുമാണ് ഷിയാസ് പ്രതികരിച്ചത്. മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു ഡി.സി.സി അധ്യക്ഷന്റെ പ്രതികരണം.
ഷൈനെതിരായ ആരോപണങ്ങളെല്ലാം സി.പി.ഐ.എം അധികാര രാഷ്ട്രീയത്തിന് പിന്നിലെ ഗൂഢാലോചനയുടെ ഭാഗമാണെന്നും അതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിന്റെ തലയില്‍ വെച്ചുകെട്ടരുതെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.
എന്നാല്‍ ജിന്റോ ജോണ്‍, ബി.ആര്‍.എം. ഷഫീര്‍, റിജില്‍ ചന്ദ്രന്‍ മാക്കുറ്റി തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ കെ.ജെ. ഷൈനെതിരായ വ്യാജപ്രചരണം ഏറ്റുപിടിച്ചിരുന്നു.വ്യാജപ്രചരണങ്ങളില്‍ കെ.ജെ. ഷൈന്‍ തന്നെ രംഗത്തെത്തിയതോടെ ബി.ആര്‍.എം. ഷഫീര്‍ വിവാദ പോസ്റ്റ് ഡിലീറ്റ് ചെയ്തു.
അതേസമയം ജിന്റോ ജോണ്‍, റിജില്‍ ചന്ദ്രന്‍ മാക്കുറ്റി തുടങ്ങിയവരുടെ ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ കെ.ജെ. ഷൈനെ ലക്ഷ്യം വെച്ചുകൊണ്ടുള്ള വ്യാജാരോപണങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ഇപ്പോഴും കാണാം.
പക്ഷേ ഇവര്‍ ആരും തന്നെ കോണ്‍ഗ്രസ് നേതാക്കളല്ല എന്ന വിധത്തിലാണ് മുഹമ്മദ് ഷിയാസ് മാധ്യമങ്ങളോട് സംസാരിച്ചത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യതയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പട്ടികയിലുള്ളയാളാണ് ജിന്റോ ജോണ്‍. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ് ഇദ്ദേഹം.
ഇതിനുപുറമെ കെ.പി.സി.സി സെക്രട്ടറി, കെ.പി.സി.സി മീഡിയ സെല്‍ അംഗം എന്നീ ചുമതലകള്‍ വഹിക്കുന്ന ബി.ആര്‍.എം. ഷഫീറും മുന്‍ കെ.പി.സി.സി അംഗവും യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമായ റിജിലും കോണ്‍ഗ്രസ് നേതാക്കളല്ല എന്നാണോ ഷിയാസ് പറയുന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ ചോദ്യമുയര്‍ന്നിട്ടുണ്ട്.
എന്നാല്‍ കെ.ജെ. ഷൈനെതിരായ വ്യാജപ്രചരണത്തില്‍ കെ.പി.സി.സി അധ്യക്ഷനോ കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ്-യു.ഡി.എഫ് നേതാക്കളോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം തനിക്കെതിരായ വ്യാജപ്രചരണത്തിലും അധിക്ഷേപത്തിലും കെ.ജെ. ഷൈന്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി.
രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എക്കെതിരായ ലൈംഗിക ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കുന്നതിന് വേണ്ടിയാണ് തനിക്കെതിരെ കോണ്‍ഗ്രസ് അപവാദ പ്രചരണം നടത്തുന്നതെന്ന് കെ.ജെ. ഷൈന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
രണ്ട് ദിവസം മുമ്പ് കോണ്‍ഗ്രിന്റെ ഒരു പ്രാദേശിക നേതാവ് ഒരു ബോംബ് വരാനുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നതായും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനറിയാതെ തനിക്കെതിരെ ആരോപണം ഉയരില്ലെന്നും കെ.ജെ. ഷൈന്‍ പറഞ്ഞു.
Content Highlight: Ekm DCC president Shiyas claim that Congress is not involved in the false propaganda against K.J. Shine is wrong