| Tuesday, 24th November 2026, 10:47 am

ഇറാനെതിരെ ഉടന്‍ സൈനിക നടപടി ആവശ്യമില്ലെന്ന് ഐസന്‍കോട്ട്: ഇസ്രഈലിനെതിരായ ഭീഷണിയെ കുറച്ച് കാട്ടുന്നുവെന്ന് നെതന്യാഹു

നിഷാന. വി.വി

ടെല്‍അവീവ്: യാഷര്‍ പാര്‍ട്ടി നേതാവ് ഐസന്‍കോട്ടിനെതിരെ വിമര്‍ശനവുമായി ഇസ്രഈല്‍ കാവല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാനെതിരെ ഉടന്‍ സൈനിക നടപടി ആവശ്യമില്ലെന്ന് ഐസന്‍കോട്ട് പറഞ്ഞിരുന്നു. പിന്നാലെയാണ് നെതന്യാഹുവിന്റെ വിമര്‍ശനം. ഐസന്‍കോട്ടിന്റെ പ്രസ്താവന ഇസ്രഈലിന് ഗുരുതര ഭീഷണിയുണ്ടാക്കുമെന്നും നെതന്യാഹു പറഞ്ഞു.

ഇസ്രഈല്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഇറാനാണെങ്കിലും, പുതിയ സര്‍ക്കാര്‍ നിലവില്‍ വരുന്നതിന് മുമ്പ് അടിയന്തര സൈനിക നീക്കം ആവശ്യമായ സാഹചര്യം ഇപ്പോഴില്ലെന്ന് പ്രസിഡന്റിന്റെ ക്ഷണപ്രകാരം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കുന്ന ഗാഡി ഐസന്‍കോട്ട് പറഞ്ഞിരുന്നു. ഇറാന്റെ കൈവശമുള്ള 440 കിലോഗ്രാം സമ്പുഷ്ടീകരിച്ച യുറേനിയം പൂര്‍ണമായി നീക്കം ചെയ്യുന്നതിലും നശിപ്പിക്കുന്നതിലുമാണ് ഇസ്രഈല്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അടിയന്തര ഭീഷണിയില്ലാത്ത സാഹചര്യത്തില്‍ ഒരു കാവല്‍ സര്‍ക്കാരിന് വലിയ സൈനിക ആക്രമണങ്ങള്‍ക്ക് അധികാരമില്ലെന്നും, രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി നെതന്യാഹു സംഘര്‍ഷം ആഗ്രഹിക്കുകയാണെന്നും ഐസന്‍കോട്ട് പരോക്ഷമായി വിമര്‍ശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍, ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണി അടിയന്തരവും അതിരൂക്ഷവുമാണെന്ന് ലിക്കുഡ് പാര്‍ട്ടിയുടെ പ്രതിവാര യോഗത്തില്‍ നെതന്യാഹു തിരിച്ചടിച്ചു. ‘ഇസ്രഈലിന് ചുറ്റുമുള്ള ഇത്തരം കടുത്ത ഭീഷണികളെ പരിഹസിക്കുന്നവരും ലഘൂകരിച്ചു കാണിക്കുന്നവരും രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് അത് ചെയ്യുന്നത്,’ നെതന്യാഹു പറഞ്ഞു.

ഇറാനെതിരെ അടിയന്തരവും ഹ്രസ്വവും ശക്തവുമായ സൈനിക ആക്രമണത്തിന് അനുമതി നല്‍കാന്‍ നെതന്യാഹു അമേരിക്കയിലെ ട്രംപ് ഭരണകൂടത്തിന് മേല്‍ സമ്മര്‍ദം ചെലുത്തുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഒക്ടോബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നിര്‍ണായക ഘട്ടത്തില്‍ നില്‍ക്കെയാണ് ഈ വാക്‌പോര്. ചുറ്റുമുള്ള സുരക്ഷാ ഭീഷണികളെ നേരിടാന്‍ വിശാലമായ ദേശീയ ഐക്യസര്‍ക്കാര്‍ അനിവാര്യമാണെന്ന് നെതന്യാഹു ആവര്‍ത്തിച്ചു.

ഞായറാഴ്ച (നവംബര്‍ 22) ലിക്കുഡ്, യാഷാര്‍ പാര്‍ട്ടി പ്രതിനിധികള്‍ നാല് മണിക്കൂറിലധികം ചര്‍ച്ച നടത്തിയിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഡിസംബര്‍ ആറ് വരെയാണ് ഐസന്‍കോട്ടിന് സമയമുള്ളത് (ഇത് 14 ദിവസം വരെ നീട്ടി നല്‍കാന്‍ സാധിക്കും). 2023 ഒക്ടോബര്‍ 7-ലെ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ സ്റ്റേറ്റ് കമ്മീഷന്‍ രൂപീകരിക്കുക, എല്ലാവര്‍ക്കും നിര്‍ബന്ധിത സൈനിക സേവനം നടപ്പിലാക്കുക, ജനാധിപത്യം സംരക്ഷിക്കുക എന്നീ കാര്യങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് ഐസന്‍കോട്ട് വ്യക്തമാക്കി.

എന്നാല്‍, തീവ്ര യാഥാസ്ഥിതിക പാര്‍ട്ടികളെ സഖ്യത്തില്‍ ഉള്‍പ്പെടുത്തണമെന്നും, ഇതിനായി സൈനിക സേവന നിയമങ്ങളില്‍ വിട്ടുവീഴ്ച വേണമെന്നുമാണ് നെതന്യാഹുവിന്റെ നിലപാട്.

നെതന്യാഹുവിന്റെ നേതൃത്വത്തിലല്ലാതെ ലിക്കുഡ് പാര്‍ട്ടിയുമായി ചേര്‍ന്ന് ഐസന്‍കോട്ടിന്റെ കീഴില്‍ ഐക്യസര്‍ക്കാര്‍ രൂപീകരിക്കുന്നതിനെ മുന്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് പിന്തുണച്ചു. എന്നാല്‍, ഈ ചര്‍ച്ചകള്‍ വെറും പ്രഹസനമാണെന്നും നെതന്യാഹുവിന്റെ പാര്‍ട്ടിയുമായി ചേര്‍ന്ന് ഐക്യസര്‍ക്കാര്‍ രൂപീകരിക്കാനുള്ള ആഹ്വാനം ബെന്നറ്റ് ഉപേക്ഷിക്കണമെന്നും ഡെമോക്രാറ്റ്‌സ് നേതാവ് യെയര്‍ ഗോലന്‍ ആവശ്യപ്പെട്ടു.

Content Highlight: Eisenkot says no immediate military action needed against Iran; Netanyahu claims he is downplaying the threat to Israel.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more