ടെല്‍അവീവ്: പുതിയ ഇസ്രഈല്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ചുമതല ഇസ്രഈല്‍ പ്രസിഡന്റ് ഐസക് ഹെര്സോഗില് നിന്ന് ‘യഷാര്’ പാര്‍ട്ടി നേതാവ് ഗാഡി ഐസന്‍കോട്ട് ഔദ്യോഗികമായി ഏറ്റുവാങ്ങി. ഐസന്‍കോട്ടിനെ പ്രധാനമന്ത്രിയാക്കാന്‍ നേരത്തെ പ്രസിഡന്റ് ക്ഷണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ചുമതല പ്രസിഡന്റ് കൈമാറിയത്.
ഇസ്രഈല്‍ പ്രസിഡന്റിന്റെ വസതിയില്‍ നടന്ന ചടങ്ങിലാണ് ഈ ചുമതല കൈമാറിയത്. സര്‍ക്കാര്‍ രൂപീകരണ നടപടികള്‍ ആരംഭിക്കാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള കത്ത് പ്രസിഡന്റ് ഹെര്‍സോഗ് ഐസന്‍കോട്ടിന് കൈമാറിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രഈല്‍ ഇപ്പോള്‍ അടിയന്തര സാഹചര്യത്തിലൂടെയും കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലൂടെയും കടന്നുപോകുകയാണെന്ന് ചടങ്ങില്‍ സംസാരിക്കവെ ഐസന്‍കോട്ട് പറഞ്ഞു. ഒരു ‘ദേശീയ അടിയന്തര സര്‍ക്കാര്‍’ രൂപീകരിക്കണമെന്നും ഐസന്‍കോട്ട്. ഇസ്രഈല്‍ നേരിടുന്ന വെല്ലുവിളികള്‍ കൈകാര്യം ചെയ്യാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ച് ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും ഐസന്‍കോട്ട് അഭ്യര്‍ത്ഥിച്ചു.
തന്റെ മുന്നിലുള്ളത് കഠിനമായ ഒരു ജോലിയാണെന്ന് ഐസന്‍കോട്ട് എക്സ് പോസ്റ്റില്‍ പറഞ്ഞിരുന്നു. ‘ഐക്യത്തെ പ്രോത്സാഹിപ്പിക്കുകയും, ഐക്യദാര്‍ഢ്യത്തിന്റെയും സൗഹൃദത്തിന്റെയും ഒരു പുതിയ യുഗത്തിലേക്ക് വഴിയൊരുക്കുകയും ചെയ്യുന്ന പുതിയ നേതൃത്വം ഇസ്രഈലിന് ആവശ്യമാണ്. ഇതൊരു ദുഷ്കരമായ ദൗത്യമാണ്, മുന്നില്‍ ഒരുപാട് ജോലികളുണ്ട്. എങ്കിലും, വിജയം കൈവരിക്കാന്‍ സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ ഐസന്‍കോട്ട് എക്സില്‍ കുറിച്ചു.
പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ‘ലിക്കുഡ്’ പാര്‍ട്ടിയുടെ പിന്തുണയില്ലാതെ ഒരു സര്‍ക്കാര്‍ രൂപീകരിക്കുക എന്നത് അസാധ്യമാണെന്ന് ഐസന്‍കോട്ട് പറഞ്ഞു. ഇസ്രഈല്‍ രൂപീകരണത്തിന് ശേഷം ഇതുവരെ കണ്ടിട്ടില്ലാത്തത്ര ഗുരുതരമായ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും, മറ്റൊരു തിരഞ്ഞെടുപ്പിലേക്ക് കൂടി പോകാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ, ഐസന്‍കോട്ട്, ഇനി സഖ്യകക്ഷികളാകാന്‍ സാധ്യതയുള്ള പാര്‍ട്ടികളുമായി ചര്‍ച്ചകള്‍ ആരംഭിക്കും. പരമാവധി ആറാഴ്ചക്കുള്ളില്‍ ഐസന്‍കോട്ട് സര്‍ക്കാര്‍ രൂപീകരിക്കണം. 28 ദിവസമാണ് സഖ്യകക്ഷി സര്‍ക്കാര്‍ രൂപീകരിക്കേണ്ട സാധാരണ സമയ പരിധി. ഇതിന് സാധിക്കാതെ വന്നാല്‍ പ്രസിഡന്റിന് 14 ദിവസം കൂടി സമയം നീട്ടിനല്‍കാം.
അമേരിക്കയിലെ തെരഞ്ഞെടുപ്പിന് ശേഷം ഇസ്രഈല്‍ അനിശ്ചിതത്വങ്ങളെ നേരിടുകയാണെന്ന് പ്രസിഡന്റ് ഐസക് ഹെര്‍സോഗ് പറഞ്ഞു. അമേരിക്കയിലെ ‘പുതിയ രാഷ്ട്രീയ യാഥാര്‍ത്ഥ്യം’ ചൂണ്ടിക്കാട്ടി, ‘ഇസ്രഈല്‍ രാഷ്ട്രത്തിന് ഒരു സ്ഥിരതയുള്ള സര്‍ക്കാര്‍ ആവശ്യമാണ്’ എന്നും ഹെര്‍സോഗ് പറഞ്ഞു.
അതേസമയം, പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും അദ്ദേഹത്തിന്റെ തീവ്ര വലതുപക്ഷ സഖ്യകക്ഷികളിലൊരാള്ക്കും തന്റെ നേതൃത്വത്തിന് കീഴില്‍ സര്‍ക്കാരില്‍ ചേരാമെന്ന് ഗാഡി ഐസന്‍കോട്ട് വ്യക്തമാക്കി.
‘ഐക്യത്തിനുള്ള സമയമാണിതെന്ന് ലിക്കുഡ് പാര്‍ട്ടിയിലെയും റിലീജിയസ് സിയോണിസ്റ്റ് പാര്‍ട്ടിയിലെയും അംഗങ്ങള്‍ പ്രസിഡന്റിനോട് പറഞ്ഞതുപോലെ സത്യസന്ധമായി വിശ്വസിക്കുന്നുണ്ടെങ്കില്‍, എന്റെ നേതൃത്വത്തിലും ഞാന്‍ മുന്നോട്ടുവെച്ച തത്വങ്ങളിലും രൂപീകരിക്കുന്ന സര്‍ക്കാരിനെ അവര്‍ പിന്തുണയ്ക്കാതിരിക്കാന് ഒരു കാരണവും എനിക്ക് കാണാന്‍ കഴിയുന്നില്ല,’ നെതന്യാഹുവിന്റെ പാര്‍ട്ടിയെയും തീവ്ര വലതുപക്ഷ ധനമന്ത്രി ബെസാലെല്‍ സ്മോട്രിച്ചിന്റെ പാര്‍ട്ടിയെയും പരാമര്‍ശിച്ചുകൊണ്ട് ഐസന്‍കോട്ട് പറഞ്ഞു.
ഐസന്‍കോട്ടിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുമെന്ന് 11 സീറ്റുള്ള അറബ് ജോയിന്റ് ലിസ്റ്റ് പ്രഖ്യാപിച്ചിരുന്നു. നിലവില്‍ ഐസന്‍കോട്ടിന് 67 സീറ്റും നെതന്യാഹുവിന് 46സീറ്റുമാണുള്ളത്. ഇതേതുടര്‍ന്നാണ് ഐസന്‍കോട്ടിനെ പ്രധാനമന്ത്രിയാക്കാന്‍ ക്ഷണിച്ചത്.
Content Highlight: Eisenkot officially gets mandate to form Israel’s next govt