| Friday, 2nd January 2026, 6:03 pm

അന്താരാഷ്ട്ര നിയമം അനുസരിച്ച് നീതിയുക്തമായ വിചാരണ നടത്തണം; ഉമർ ഖാലിദിന് പിന്തുണയുമായി എട്ട് യു.എസ് നിയമസഭാംഗങ്ങൾ

ശ്രീലക്ഷ്മി എ.വി.

ന്യൂയോർക്ക്: ദൽഹി കലാപത്തിൽ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനെ പിന്തുണച്ച് എട്ട് യു.എസ് നിയമസഭാംഗങ്ങൾ. ഉമർ ഖാലിദിന് ജാമ്യം അനുവദിക്കണമെന്നും അന്താരാഷ്ട്ര നിയമം അനുസരിച്ച് നീതിയുക്തമായ വിചാരണ നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.

ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വത്രയ്ക്ക് കത്തയച്ചാണ് യു.എസ് നിയമസഭാംഗങ്ങൾ പിന്തുണ അറിയിച്ചത്.

ഉമർ ഖാലിദിന് പിന്തുണ വാഗ്ദാനം ചെയ്യുകയും ജയിലിൽ കഴിയുന്ന അദ്ദേഹത്തിന്റെ സഹപ്രതികൾക്കുമെതിരായ ജുഡീഷ്യൽ നടപടികൾ അന്താരാഷ്ട്ര നിലവാരം പുലർത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അവർ പറഞ്ഞു. അതിനാവശ്യമായ നടപടികൾ സ്വീകരിക്കാനും സർക്കാരിനോട് അവർ ആവശ്യപ്പെട്ടു.

ന്യൂയോർക്ക് സിറ്റി മേയറായി കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത സൊഹ്‌റാൻ മാംദാനിയും ഉമർ ഖാലിദിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് യു.എസ് നിയമസഭാംഗങ്ങളും പിന്തുണ അറിയിച്ചത്.

മുൻ ഡെമോക്രാറ്റിക് നേതാക്കളായ ജിം മക്ഗവർണാണ് യു.എസ് ജനപ്രതിനിധികളുടെ കത്ത് പങ്കുവെച്ചത്.

ഡെമോക്രാറ്റ് ജാമി റാസ്കിൻ, ഇന്ത്യൻ വംശജയായ കോൺഗ്രസ് വുമൺ പ്രമീള ജയപാൽ, യു.എസ് പ്രതിനിധികളായ ജാൻ ഷാക്കോവ്സ്കി, ലോയ്ഡ് ഡോഗെറ്റ്, റാഷിദ ത്ലൈബ്, യുഎസ് സെനറ്റർമാരായ ക്രിസ് വാൻ ഹോളൻ, പീറ്റർ വെൽച്ച് എന്നിവരും കത്തിൽ ഒപ്പ് വെച്ചു.

‘ഡിസംബർ ആദ്യവാരം യു.എസ് നിയമസഭാംഗങ്ങൾ ഉമർ ഖാലിദിന്റെ മാതാപിതാക്കളെ കണ്ടിരുന്നു. അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി അദ്ദേഹത്തിന് ജാമ്യവും നീതിയുക്തവും സമയബന്ധിതവുമായ വിചാരണയും അനുവദിക്കണമെന്ന് ഞങ്ങൾ സഹപ്രവർത്തകർക്കൊപ്പം ചേർന്ന് ആവശ്യപ്പെടുന്നു,’ കത്ത് എക്‌സിൽ പങ്കുവെച്ചുകൊണ്ട് മക്ഗവർൺ പറഞ്ഞു.

‘യു.എ.പി.എ പ്രകാരം ഉമർ ഖാലിദ് അഞ്ച് വർഷമായി ജാമ്യമില്ലാതെ തടവിലാണ്. നിയമത്തിന് മുന്നിലുള്ള തുല്യത, കൃത്യമായ നടപടിക്രമങ്ങൾ എന്നിവ സംബന്ധിച്ച അന്താരാഷ്ട്ര മാനദണ്ഡങ്ങളെ ഇത് ലംഘിച്ചേക്കാമെന്ന് സ്വതന്ത്ര മനുഷ്യാവകാശ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൃത്യമായ സമയത്തിനുള്ളിൽ വിചാരണ നേരിടാനോ അല്ലെങ്കിൽ വിട്ടയയ്ക്കപ്പെടാനോ ഉള്ള വ്യക്തികളുടെ അവകാശം ഇന്ത്യ സംരക്ഷിക്കണം. കുറ്റം തെളിയുന്നത് വരെ ഒരാളെ നിരപരാധിയായി പരിഗണിക്കണം,’ കത്തിൽ പറയുന്നു

ഉമർ ഖാലിദിന്റെ മാതാപിതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു സൊഹ്‌റാൻ മാംദാനി ഉമർ ഖാലിദിനെ പിന്തുണച്ച് കത്തെഴുതിയത്.

‘കയ്പ്പുനിറഞ്ഞ അനുഭവങ്ങൾ ഒരാളെ സ്വയം നശിപ്പിക്കും.
അതിന് അനുവദിക്കരുതെന്ന നിങ്ങളുടെ വാക്കുകൾ ഞാൻ പലപ്പോഴും ഓർക്കുന്നു. നിങ്ങളുടെ മാതാപിതാക്കളെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഞങ്ങൾ എല്ലാവരും നിങ്ങളെക്കുറിച്ച് ചിന്തിക്കുന്നു’ മംദാനി കുറിച്ചു.

നേരത്തെ ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി അംഗമായിരുന്ന സമയത്തും ഉമർ ഖാലിദിൻ്റെ തടവ് നീളുന്നതിനെതിരെ മംദാനി പരസ്യമായി രംഗത്തെത്തിയിരുന്നു.

Content Highlight: Eight US lawmakers support Umar Khalid

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.

We use cookies to give you the best possible experience. Learn more